Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്നെ മറികടന്ന് വിനായകൻ മികച്ച നടനായപ്പോൾ അന്ന് ഇന്ദ്രൻസ് പറഞ്ഞത്

indarns-vinayakan

മികച്ച നടനുള്ള ഇക്കൊല്ലത്തെ സംസ്ഥാന അവാർഡ് ഇന്ദ്രൻസ് നേടുമ്പോൾ എല്ലാവരും മറന്നു പോകുന്ന ഒന്നുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹത്തിനു നഷ്ടപ്പെട്ട പുരസ്കാരത്തെക്കുറിച്ച്. പുരസ്കാരം ലഭിക്കാത്തവർ സാധാരണ പരാതികളും പരിഭവങ്ങളുമായി വിവാദങ്ങൾ ഉയർത്തുമ്പോൾ തന്നെ മറി കടന്ന് പുരസ്കാരം നേടിയ വിനായകനെ അദ്ദേഹം അന്നു മനസ്സു നിറഞ്ഞ് അഭിനന്ദിക്കുകയാണ് ചെയ്തത്. തന്റെ നഷ്ടത്തെ ‘യോഗമില്ലായ്മ’ ആയി മാത്രം കണ്ടു അദ്ദേഹം. ഇക്കൊല്ലം മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അത് ചരിത്രം ആ വലിയ നടനോടും മനുഷ്യനോടും ചെയ്ത കാവ്യനീതി എന്നു മാത്രമെ പറയാനാകൂ. അതെ ഇന്ദ്രൻസ് എന്ന നടനും വ്യക്തിക്കും ലഭിച്ച അംഗീകാരം തന്നെയാണ് ഇത്. കഴിഞ്‍ വർഷം ഇതേ സമയം അദ്ദേഹം മനോരമ ഓൺലൈനിന് തന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. 

വിനായകന്റെ നേട്ടത്തെക്കുറിച്ച് ?

വളരെ സന്തോഷമുണ്ട്. വിനായകനെ അറിയാവുന്ന ആളെന്ന നിലയ്ക്ക് വളരെയധികം സന്തോഷമുണ്ട്. മുന്നോട്ടുള്ള വഴികളിൽ വലിയ പ്രോത്സാഹനമാകും അദ്ദേഹത്തിന് ഇൗ പുരസ്കാരം. അവാർഡുകൾ വലുതായാലും ചെറുതായാലും വലിയ ഉത്തരവാദിത്തമാണ് നടന് പകർന്നുനൽകുന്നത്. വിനായകൻ വന്നിട്ട് കുറേ കാലമായി. മണികണ്ഠനെ സംബന്ധിച്ച് ആദ്യ ചിത്രത്തിനു തന്നെ അവാർഡ് ലഭിച്ചു. അത് ആ നടന്റെ വളർച്ചയെ നിർണായകമായി സ്വാധീനിക്കും.

താങ്കളുടെ പുരസ്കാര നഷ്ടങ്ങളെക്കുറിച്ച് ?

അവാർഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിർന്നവർ പറയാറില്ലേ അതിനൊക്കെ ഒരു യോഗം വേണമെന്ന്. അതു പോലെ. ആ യോഗം ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു തവണ ജൂറി പരാമർശം ലഭിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല. ബാക്കി നേട്ടങ്ങൾ ലഭിക്കാഞ്ഞതിന് ആരെയും കുറ്റപ്പെടുത്തില്ല. ഞാനൊക്കെ പഴയ ആളല്ലെ. എന്നെയൊക്കെ പല വേഷങ്ങളിൽ പല ചിത്രങ്ങളിൽ പല ജൂറി അംഗങ്ങളും കണ്ടതാവും. എന്നാൽ പുതിയ തലമുറ അങ്ങനെയല്ല. അവരൊക്കെ എസ്റ്റാബ്ലിഷ്ഡ് ആയി വരുന്നതല്ലേയുള്ളൂ. അതു കൊണ്ട് അവർ നന്നായി ചെയ്യുമ്പോൾ അവർക്ക് അവാർഡുകൾ ലഭിക്കും. ഞാനൊക്കെ എത്ര നന്നായി ചെയ്താലും പഴയ ഇമേജ് മനസ്സിൽ കിടക്കുന്നതു കൊണ്ടാവാം പരിഗണിക്കപ്പെടാത്തത്.

ഇത്തവണത്തെ ജൂറിയെക്കുറിച്ച് ?

ജൂറികൾ എല്ലാ കൊല്ലവും മാറി മാറി വരുമല്ലോ. ആരെയും പ്രശംസിക്കാനോ വിമർശിക്കാനോ നമുക്ക് അധികാരമില്ല. അവരെല്ലാവരും വ്യക്തികളാണ്. അവർക്കെല്ലാവർക്കും ഒാരോ കാഴ്ചപ്പാടുകളും കാണും. അതൊക്കെ അവാർഡ് നിർണയത്തെ ചെറുതായി സ്വാധീനിച്ചേക്കാം. അതു അവരുടെ കുറ്റമല്ല. അതെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലോ ? അവാർഡ് കിട്ടിയ ചലച്ചിത്രങ്ങൾ മാത്രമാണോ മികച്ചത്. അവാർഡ് കിട്ടാത്തതൊക്കെ മോശമാണോ ? അവാർഡ് ഒരു പ്രോത്സാഹനം മാത്രമാണ്. വിവാദമാക്കേണ്ട വിഷയമല്ല അവാർഡ് ദാനം. പിന്നെ ഒന്നുണ്ട് അർഹിക്കുന്നയാളുടെ കയ്യിലിരുന്നാലെ ഏത് അവാർഡിനും വില കാണൂ. 

related stories