സെലക്ട് ചെയ്തത് മൂന്നാം റൗണ്ടിൽ; സുരാജിന്റെ നായിക പറയുന്നു

ബഹളങ്ങളൊന്നുമില്ലാതെ വന്ന് കേരളത്തിൽ ഒരു തരംഗം ഉണ്ടാക്കിയ സിനിമയാണ് ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം. മഹേഷിലൂടെ പുതിയ കുറെ താരങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ഇത്തവണ മറ്റൊരു നായികയെ കൂടി അവതരിപ്പിക്കുന്നു. മുംബൈ സ്വദേശി നിമിഷ സജയനാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായിക. പുതിയ സിനിമയുടെ വിശേഷങ്ങളുമായി നിമിഷ....

സിനിമയിലേക്ക് എത്തുന്നത്?

ഒഡീഷൻ വഴിയാണ് സിനിമയിലേക്ക് സെലക്ട് ആയത്. മുംബെയിലാണ് ജനിച്ചതും വളർന്നതും. കാസ്റ്റിങ് കണ്ട് ഫോട്ടോസ് അയച്ചു അത് സെലക്ടായി.  പിന്നീട് ഒഡീഷനുപോയി . അപ്പോൾ മലയാളം അറിയില്ലായിരുന്നു. ഇംഗ്ലീഷ് ചുവയോടെയായിരുന്നു സംസാരിച്ചിരുന്നത്. പോത്തേട്ടന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. സെലക്ട് ചെയ്യണോ വേണ്ടയോ എന്ന് . കാഴ്ചയിൽ ഓക്കെ ആണ് എന്ന് പറഞ്ഞു. പിന്നീട് സെക്കൻഡ് റൗണ്ടിൽ ലുക്ക് ടെസ്റ്റ് നടന്നു. തേർഡ് റൗണ്ടിൽ സെലക്ടാവുകയും ചെയ്തു. ഇപ്പോൾ മലയാളം നന്നായി സംസാരിക്കാൻ പഠിച്ചു. മഹേഷിന്റെ പ്രതികാരം കണ്ടിരുന്നു. ആ സിനിമ കണ്ടതിന്റെ ഇഷ്ടം കൂടിയുണ്ടായിരുന്നു. ആ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ചേച്ചി പറഞ്ഞു, ആദ്യ ചിത്രം ദിലീഷേട്ടന്റെ കൂടെ കിട്ടിയാൽ നന്നായിരിക്കും എന്ന്. 

ദിലീഷ് പോത്തൻ സെറ്റിൽ ഭയങ്കര കൂളാണ്. സ്നേഹത്തോടെയാണ് പെരുമാറുന്നത്. സംവിധാനത്തിലും അങ്ങനെ തന്നെ. ശ്രീജ എന്ന ക്യാരക്ടർ എന്താണ് എന്ന് അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

സിനിമയിൽ എത്തുന്നതിനു മുമ്പ് നിയോ ഫിലിം സ്കൂളിൽ മൂന്നുമാസത്തെ സ്ക്രീൻ ആക്ടിങ് കോഴ്സ് ചെയ്തു. കോഴ്സ് കഴിഞ്ഞപ്പോൾ തന്നെ ഈ സിനിമയിൽ അവസരം കിട്ടി. പിന്നെ മോഡലിംങ് , കൊമേഷ്യൽ പരസ്യങ്ങളും ചെയ്തിരുന്നു.

സുരാജിനൊപ്പം

വളരെ നല്ല ഫ്രണ്ട്‌ലിയാണ്. കളിയും ചിരിയുമായി നടക്കുന്ന ആളാണ്. സുരാജിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. ഷോട്ട് എടുക്കുമ്പോൾ സുരാജ് സീരിയസ് ആകും. ആ ക്യാരക്ടർ ആയി അഭിനയിക്കും. അതുകൊണ്ട് ചിരിയൊന്നും വരാറില്ലായിരുന്നു. 

സിനിമാ ആഗ്രഹം

സിനിമയിലേക്ക് വരാൻ ആഗ്രഹമുണ്ടായിരുന്നു. മുംബെയിൽ വളർന്ന ആളാണെങ്കിലും മലയാളം സിനിമയിൽ അഭിനയിക്കാനായിരുന്നു ഇഷ്ടം. പഠിക്കുന്ന സമയത്ത് തന്നെ കാസിറ്റിങ് വേണ്ടി ഫോട്ടോസ് അയയ്ക്കുമായിരുന്നു. അവിടുന്ന് വിളിവന്നാൽ വീട്ടിൽ നിന്ന് വിടില്ല. നിയോ  ഫിലിംസിൽ അതിനാണ് ജോയിൻ ചെയ്തത്. നിയോ സ്കൂളിൽ നിന്നും പഠിത്തം കഴിഞ്ഞു ഉടൻ തന്നെ ഈ സിനിമയിലേക്ക് സെലക്ടാവുകയും ചെയ്തു. 

മലയാളത്തിൽ അഭിനയിക്കണം എന്നാഗ്രഹം

എനിക്ക് ഒരു നാടൻ ലുക്ക് ഉണ്ട്. ബോളിവുഡിൽ ചാൻസ് കിട്ടില്ല എന്നറിയാം. മലയാള സിനിമയിൽ  നമ്മുടെ അഭിനയം നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. ബോളിവുഡ് ഒരു മസാല ടൈപ്പാണ്.

കഥാപാത്രത്തിന്റെ പ്രാധാന്യം

ശ്രീജ എന്ന ക്യാരക്ടർ തന്നെ ഒരു വെല്ലുവിളിയായിരുന്നു. മുംബെയിൽ ജനിച്ച് വളർന്ന ഞാൻ ഒരു മോഡേൺ ആണ്. പക്ഷേ ശ്രീജ തനി നാടൻ ആണ്. പക്വതയുള്ള കുട്ടിയാണ്. എനിക്ക് അത്രയും പക്വതയില്ല. ഞാൻ നന്നായി ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ അത് ദിലീഷേട്ടൻ കാരണമാണ്. 

ആദ്യ സിനിമ ഫഹദ് ഫാസിലിന്റെ കൂടെ

എന്റെ ഇഷ്ടനടന്മാരിൽ ഒരാളാണ് ഫഹദ.് എന്നാൽ ഇക്കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. കുറേ കാര്യങ്ങൾ അദ്ദേഹത്തിന്റെ അടുത്തുനിന്ന് പഠിക്കാൻ സാധിച്ചു. നമുക്ക് ഏതൊക്കെ രീതിയിൽ അഭിനയിക്കാൻ സാധിക്കും എന്തൊക്കെ ചെയ്യാം എന്നെല്ലാം പറഞ്ഞു തന്നിരുന്നു. സെറ്റിൽ എല്ലാവരും നല്ല സ്നേഹത്തോടെയാണ് പെരുമാറിയത്. ഷൂട്ട് നടക്കുന്നുവെന്ന് തോന്നിയിട്ടേ ഇല്ല. 

പേടിയില്ലായിരുന്നു. എല്ലാവരും എന്നോട് അടുപ്പമുള്ളവരെന്ന് വിചാരിച്ചിട്ടാണ് ഞാൻ അഭിനയിച്ചത്. പലരും ചോദിച്ചു, പാട്ടിൽ ഭക്ഷണം കഴിക്കുന്നതൊക്കെ അറിയാതെ ഷൂട്ട് ചെയ്തതാണോ എന്ന്, അല്ല എനിക്ക് അറിയാമായിരുന്നു ഷൂട്ട് ചെയ്യുന്നുണ്ട് എന്ന്. പാട്ടിലെ ഭക്ഷണം കഴിക്കുന്ന സീൻ അടിപൊളി ആയിരുന്നു എന്ന് പലരും പറഞ്ഞു.

നിമിഷയുടെ അഭിനയത്തെക്കുറിച്ച്

എല്ലാവർക്കും നല്ല അഭിപ്രായമാണ്. വീട്ടുകാർ ആദ്യമായിട്ടാണ് എന്നെ ഇങ്ങനെ ഒരു സിനിമയിൽ അഭിനയിച്ചു കാണുന്നത്. അവർ അഭിപ്രായമൊന്നും പറഞ്ഞില്ല. എങ്കിലും സന്തോഷമുണ്ട്.