ഞാനും നസ്​റിയയും ഒരുപോലെ; ഫർഹാൻ ഫാസിൽ

മുടിയില്ലായ്മയാണ് ഫഹദിനെ വ്യത്യസ്തനാക്കുന്നതെങ്കിൽ മുടി ചീകില്ല എന്നതാണ് അനിയൻ ഫർഹാന്റെ പ്രത്യേകത. തേയ്ക്കാത്ത ഷർട്ട് ഇട്ട് മുടി ചീകാതെ അലസനായി നടക്കാനാണ് തനിക്ക് ഇഷ്ടമെന്നു പറയുമ്പോഴും സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ‌അടുക്കും ചിട്ടയുമുള്ള കാഴ്ചപ്പാട് ഫർഹാനുണ്ട്. ആദ്യ സിനിമ ഇറങ്ങി 3 വർഷത്തെ ഇടവേളയ്ക്കു ശേഷമിറങ്ങുന്ന രണ്ടാം ചിത്രമായ ബഷീറിന്റെ പ്രേമലേഖനത്തിന്റെ ആവേശത്തിലാണ് ഫർഹാൻ. 

3 വർഷത്തെ ഇടവേള, സെലക്റ്റീവായതാണോ ?

ഇൗ ഇടവേള മന:പൂർവ്വം സൃഷ്ടിച്ചതല്ല. സ്റ്റീവ് ലോപ്പസ് കഴിഞ്ഞ് ഉടനെ അടുത്ത പടം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതു കഴിഞ്ഞു കേട്ട കഥകളൊക്കെ ഒാഫ് ബീറ്റ് മൂഡുള്ളവയായിരുന്നു. ഒരുപാട് ഗൗരവമുള്ള സിനിമകൾ. എന്നാൽ എനിക്ക് ഒരു ഫീൽ ഗുഡ് ചിത്രം െചയ്യാനായിരുന്നു ആഗ്രഹം. ഇടയ്ക്ക് രണ്ടു സിനിമകൾ കമ്മിറ്റ് ചെയതു. ഒന്ന് ചില കാരണങ്ങളാൽ മുടങ്ങിപ്പോയി. രണ്ടാമത്തേത് അടുത്ത കൊല്ലം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഫഹദിന്റെ മികച്ച പ്രകടനം ഫർഹാനെ സമ്മർദത്തിലാക്കുന്നുണ്ടോ ?

ഫഹദ് എന്റെ ജ്യേഷ്ഠനാണ്. പക്ഷേ ഞങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഞാനുമായി താരതമ്യം ചെയ്യുന്നത് ഫഹദിന് അപമാനമായിരിക്കും. ഞങ്ങൾ രണ്ടാളും രണ്ടു തരത്തിലുള്ള സിനിമകൾ ചെയ്യാനാഗ്രഹിക്കുന്നവരാണ്. ഞങ്ങളുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. ഞങ്ങൾ രണ്ടു വ്യക്തികളല്ലേ രണ്ടു വഴികളിലൂടെ സഞ്ചരിക്കട്ടെ.

വാപ്പ, ജ്യേഷ്ഠൻ, ജ്യേഷ്ഠത്തി എല്ലാവരും സിനിമയിൽ നിന്നുള്ളവർ. വീട്ടിലെ ചർച്ചകൾ ?

സിനിമ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. പക്ഷേ ഞങ്ങളുടെ സിനിമകളെ പറ്റി അധികം സംസാരമില്ല. ഫഹദിന്റെ സിനിമ എന്താണെന്ന് എനിക്കോ എന്റെ സിനിമയെക്കുറിച്ച് ഫഹദിനോ ധാരണ കാണില്ല. നേരത്തെ പറഞ്ഞതു പോലെ ഞങ്ങളുടെ ഇഷ്ടങ്ങൾ പലതാണ്. എന്നാൽ ഞാനും നസ്റിയയും ഇഷ്ടപ്പെടുന്ന സിനിമകൾ ഏതാണ്ട് ഒരുപോലെയാണ്. എല്ലാവരുമായും ഒരുപോലെ അടുപ്പമുള്ളയാളാണ് ഞാൻ. ഫഹദിന് ഉമ്മയുമായാണ് കൂടുതൽ അടുപ്പം. 

ഫർഹാന് എങ്ങനെയുള്ള സിനിമകളാണ് ഇഷ്ടം ?

നരസിംഹം പോലുള്ള മാസ് മസാലാ സിനിമകൾ തീയറ്ററിൽ പോയി ആളുകളുടെ ഒപ്പമിരുന്ന് കയ്യടിച്ച് കാണാൻ ഇഷ്ടമാണ്. ഫഹദ് വളരെ അപൂർവമായി മാത്രമെ തീയറ്ററിൽ പോയി സിനിമ കാണാറുള്ളൂ. ഫഹദിന് മസാല സിനിമകൾ അത്ര ഇഷ്ടവുമല്ല.  

സിനിമാ പാരമ്പര്യം ഫർഹാനെ സിനിമയിൽ സഹായിച്ചോ ?

അന്നയും റസൂലും ലൊക്കേഷനിൽ വച്ച് രാജീവേട്ടൻ (രാജീവ് രവി) എന്നെ കണ്ടിട്ടുണ്ട്. സ്റ്റീവ് ലോപ്പസിൽ വേറെ ഒരാളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ അയാൾ മാറിയപ്പോൾ പെട്ടെന്ന് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സിനിമയിൽ ഇൗ പാരമ്പര്യം സഹായിച്ചു. പക്ഷേ നിലനിൽക്കണമെങ്കിൽ നമ്മൾ നല്ല സിനിമകൾ ചെയ്യണം. എക്കാലവും പാരമ്പര്യം സഹായിക്കില്ല. 

ഫാൻസ് അസോസിയേഷൻ വേണ്ടെന്നാണ് ഫഹദിന്റെ നിലപാട്. ഫർഹാനോ ?

ഫാൻസ് അസോസിയേഷനെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടു കൂടിയില്ല. അത്രത്തോളമൊന്നും ഞാൻ വളർന്നിട്ടില്ല. ഒരു ഹിറ്റ് കൊടുത്ത് കഴിഞ്ഞല്ലേ അതിനെക്കുറിച്ചൊക്കെ ചിന്തിക്കാൻ പറ്റൂ. പിന്നെ ഫഹദ് അങ്ങനെ പറഞ്ഞതു കൊണ്ടല്ല, എനിക്കും ഫാൻസ് അസോസിയേഷൻ അത്യാവശ്യമുള്ള ഒന്നായി തോന്നിയിട്ടില്ല. സിനിമയ്ക്ക് ഇനിഷ്യൽ ലഭിക്കാൻ ഫാൻസ് അസോസിയേഷൻ സഹായിക്കും. ആദ്യ ദിനങ്ങളിൽ ഒരു ഒാളമുണ്ടാക്കാൻ അവർക്കാവും. പക്ഷേ നല്ല സിനിമയാണെങ്കിൽ മാത്രം പിന്നീടും ചിത്രം ഒാടും അല്ലെങ്കിൽ പരാജയപ്പെടും. 

മമ്മൂട്ടിയും മോഹൻലാലും ഒപ്പം മലയാള സിനിമയിലെ മറ്റ് ഇഷ്ടതാരങ്ങളും ?

ലാലേട്ടനെ വലിയ ഇഷ്ടമാണ്. എത്ര അനായാസമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. കാണുമ്പോൾ‌ നമുക്ക് തോന്നും ഇത്രയ‌േ ഉള്ളോ അഭിനയം എന്ന്. ആർക്കും അഭിനയിക്കാമല്ലോ എന്ന്. പക്ഷെ ഒന്നു കണ്ണാടിയുടെ മുന്നിൽ പോയി ചെയ്തു നോക്കുമ്പോൾ അറിയാം എത്ര ബദ്ധിമുട്ടാണെന്ന്. 

വ്യക്തിപരമായി എനിക്ക് മമ്മൂക്കയുമായാണ് കൂടുതൽ അടുപ്പം. മമ്മൂക്കയ്ക്ക് എന്നെ വലിയ കാര്യമാണ്. എപ്പോൾ കണ്ടാലും വിളിച്ച് അടുത്തിരുത്തി ഒരുപാട് സംസാരിക്കും, ഉപദേശിക്കും. രസമാണ് മമ്മൂക്കയോട് മിണ്ടാൻ. ക്യാരക്ടർ റോൾസ് ചെയ്യുന്ന ഒരുപാട് നടന്മാരെ ഇഷ്ടമാണ്. സായികുമാർ, തിലകൻ സിദ്ദിഖ് ഇവരെയൊക്കെ ഇഷ്ടമാണ്.