വിനയ്‌യെയും ജോജുവിനെയും ‘കട’ത്തിലാക്കിയ സെന്തിൽ

കടം ഉള്ളവന്റെയും കാശില്ലാത്തവന്റെയും കഥ പറയുന്ന 'കടംകഥ' പ്രദര്‍ശനത്തിനു തയ്യാറെടുക്കുകയാണ്. വിനയ് ഫോര്‍ട്ടും ജോജു ജോര്‍ജ്ജും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സെന്തില്‍ രാജനാണ്. പരസ്യചിത്ര രംഗത്ത് നിന്നാണ് ഈ കൊടുങ്ങല്ലൂരുകാരന്‍ ചലച്ചിത്രലോകത്തേക്ക് ചുവടുമാറ്റി ചവിട്ടുന്നത്. സിനിമയുടെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നു...

ന്യൂ ജനറേഷന്‍ ദാസനും വിജയനുമാണോ കടംകഥയിലെ ഗിരിയും ക്ലീറ്റസും 

നാടോടികാറ്റ് പോലെ ഒരു എവര്‍ഗ്രീന്‍ ഹിറ്റിലെ കഥാപാത്രങ്ങളായ ദാസനോടും വിജയനോടും കടംകഥയെ താരതമ്യപ്പെടുത്തുന്നു എന്നത് സന്തോഷം പകരുന്നു. എന്നാല്‍ ന്യൂജനറേഷന്‍ ദാസനെന്നോ വിജയനെനോ കടം കഥയിലെ ഗിരിയെയും ക്ലീറ്റസിനെയും വിളിക്കാനാവില്ല. ദാസനും വിജയനും നേരിട്ട ചില പ്രശ്‌നങ്ങള്‍ പുതിയ കാലഘട്ടത്തില്‍ മറ്റൊരു രൂപത്തിലും ഭാവത്തിലും അവര്‍ അഭിമുഖീകരിക്കുന്നു എന്നു പറയുന്നതാകും ശരി. ദാസന്റെ വിജയന്റെയും കാര്യത്തില്‍ തൊഴില്‍ ഇല്ലായ്മ വലിയ പ്രശ്‌നമായിരുന്നു. ഇവിടെ ഗിരിയും ക്ലീറ്റസും തൊഴില്‍രഹിതരല്ല, മറിച്ച് അവരുടെ തൊഴില്‍ മേഖലയില്‍ നിന്നുണ്ടായ നഷ്ടങ്ങളും കടങ്ങളുമൊക്കെയാണ് ഇവരുടെ പ്രശ്‌നങ്ങളായി മാറുന്നത്.  

'കട’ത്തിന്റെയും സങ്കടത്തിന്റെയും കഥയാണോ കടംകഥ

സിനിമയുടെ ടീസറിലും ട്രെയിലറിലും ഒരു ഫണ്‍ എലമെന്റ് കൊണ്ടുവരാനാണ് അങ്ങനെയൊരു ടാഗ് ലൈന്‍ സൃഷ്ടിച്ചത്. കടംകഥ സിംപിള്‍ ഹ്യൂമറിലൂടെ കഥ പറയുന്ന ഒരു സിനിമയാണ്. സിറ്റുവേഷണൽ കോമഡികളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളുടെ അവസ്ഥയും നിസഹായാവസ്ഥയും അവരുടെ കൊച്ചു ഫിലോസഫിയുമൊക്കെയാണ് ചിത്രം. ബ്ലാക്ക് ഹ്യൂമര്‍ ഷെയ്ഡുകളുള്ള രംഗങ്ങളും സിനിമയിലുണ്ട്. കടത്തില്‍ മുങ്ങി നില്‍ക്കുന്ന രണ്ട് വ്യക്തികള്‍ കരകയാറാന്‍ നടത്തുന്ന ശ്രമങ്ങളാണ് കടംകഥ എന്തായാലും സിനിമ പ്രേക്ഷകരെ സങ്കടത്തിലാക്കില്ല എന്നു നൂറുശതമാനം വിശ്വാസമുണ്ട്. 

എല്ലാതരം സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകുന്ന പുതിയ ട്രെന്‍ഡിനെ എങ്ങനെ കാണുന്നു

തീര്‍ച്ചയായും വലിയ പ്രതീക്ഷ നല്‍കുന്ന ഒരു മാറ്റമാണത്. താരങ്ങള്‍ക്കൊപ്പം യുവ അഭിനേതാക്കളുടെയും പുതുമുഖങ്ങളുടെയും സിനിമകള്‍ വിജയിക്കുന്നത് ശുഭ സൂചനയാണ്. സത്യത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാള സിനിമയിലുണ്ടായിട്ടുള്ള ഇത്തരം ചില മാറ്റങ്ങളാണ് കടംകഥ പോലെയൊരു കഥാതന്തു ഒരു പ്രൊജക്റ്റായി മാറാന്‍ സഹായിച്ചത്. പ്രമുഖതാരങ്ങളില്ലാതെ തന്നെ സിനിമ വിജയിപ്പിച്ചെടുക്കാന്നും നിര്‍മ്മാതാവിനു സാമ്പത്തിക നേട്ടം നേടി കൊടുക്കാനും താരതമേന്യ ചെറിയ ചിത്രങ്ങള്‍ക്കു കഴിയുന്നുണ്ട്. 

ചെറിയ സിനിമകളുടെ വിജയമാണോ സൂപ്പര്‍താരങ്ങളില്ലാതെ സിനിമ ചെയ്യാന്‍ പ്രചോദനം നല്‍കുന്നത്

കടംകഥയിലെ കഥാപാത്രങ്ങള്‍ അതിമാനുഷികരല്ല. ഹീറോയിസത്തിനു പ്രധാന്യമുള്ള തിരക്കഥയല്ല കടംകഥയുടേത്. സാധാരണക്കാരുടെ കഥയാണിത്. അതുകൊണ്ടു തന്നെ സാധാരണക്കാരായ ആളുകള്‍ക്ക് പെട്ടെന്ന് ബന്ധപ്പെടുത്താന്‍ കഴിയുന്ന മുഖങ്ങളായിരിക്കണം പ്രധാനവേഷങ്ങള്‍ ചെയ്യേണ്ടത്. വിനയ് ഫോര്‍ട്ടിനെയും ജോജു ജോര്‍ജ്ജിനെയും പ്രേക്ഷകര്‍ക്കു തങ്ങളിലൊരാളായി കണക്റ്റ് ചെയ്യാന്‍ പെട്ടെന്ന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

വിനയ്-ജോജു സ്‌ക്രീന്‍ കെമിസ്ട്രിയെപ്പറ്റി

വിനയ് ഫോര്‍ട്ടിന്റെയും ജോജു ജോര്‍ജ്ജിന്റെയും കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്നത് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ സാമ്യതയാണ്. അതേസമയം ഇരുവരും പ്രശ്‌നങ്ങളെ സമീപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഓഫ് സ്‌ക്രീനിലും ഇരുവരും കാഴ്ചയിലും സ്വാഭവത്തിലും തികച്ചും വ്യത്യസ്തരുമാണ്. എന്നാല്‍ ഈ വ്യത്യസ്തകള്‍ക്കിടയിലും ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രിയും ടൈമിങും അല്‍ഭുതപ്പെടുത്തുന്നതുമാണ്. സിനിമയുടെ ഹൈലൈറ്റും ഇവരുടെ കോംമ്പിനേഷന്‍ രംഗങ്ങളാണ്.