18 ദിവസം കൊണ്ട് ഈ.മ.യൗ പൂർത്തിയാക്കി ലിജോ ജോസ്

സാധാരണക്കാർ നിസാരവൽക്കരിച്ചു കളയുന്ന ചെറിയ കാര്യങ്ങളിൽപ്പോലും വലിയ കൗതുകങ്ങൾ കണ്ടെത്തുന്ന സംവിധായകനാണു ലിജോ ജോസ് പെല്ലിശേരി നായകൻ മുതൽ അങ്കമാലി ഡയറീസ് വരെയുള്ള സിനിമകൾക്കോരോന്നിനും ഓരോ സ്വഭാവം. മറ്റാരും പോകാത്ത വഴിയിലൂടെയാണ് ലിജോയുടെ പുതിയ ചിത്രം ‘ഈമയൗ’വും സഞ്ചരിക്കുന്നത്. 

സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് തീർത്തത്. 25 ദിവസത്തെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്ത സിനിമ ഈ മാസം 23ന് പൂര്‍ത്തിയായപ്പോള്‍ ചിത്രീകരണത്തിന് എടുത്തത് 18 ദിവസം.

∙ ഈമയൗ എന്ന പേരിൽത്തന്നെ വ്യത്യസ്തമാണല്ലോ പുതിയ സിനിമ?

റെസ്റ്റ് ഇൻ പീസ് (ആർഐപി) എന്നതിന്റെ മലയാളി രൂപമാണ് ഈമയൗ. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേര്. മരിച്ചറിയിപ്പിന്റെ കാർഡുകളിലും കല്ലറകളിലും ഈമയൗ എന്നു കാണാം. ഒരു തീരദേശഗ്രാമം, അവിടുത്തെ ആളുകൾ, അവർക്കിടയിലെ ആക്ഷേപഹാസ്യം, ഇതേക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന സോഷ്യൽ സറ്റയറാണ് ‘ഈമയൗ’ എന്ന സിനിമ. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലാണു ചിത്രീകരണം. 

∙ തീരദേശഗ്രാമത്തിനു മുകളിൽ അടിഞ്ഞ ഭീമൻ ശവപ്പെട്ടിയാണു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. എന്തു രഹസ്യമാണ് ഈ പ്രതീകത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്? 

പ്രേക്ഷകരിൽ സിനിമയെക്കുറിച്ച് ആകാംക്ഷയുണ്ടാക്കാനാണ് അങ്ങനെ ചെയ്തത്. തീരദേശഗ്രാമത്തിനു മുകളിൽ വലിയൊരു ശവപ്പെട്ടി കാണിക്കുന്നതിൽ എന്തെങ്കിലും രഹസ്യമുണ്ടെന്നോ ഇല്ലെന്നോ  പറയാനാകില്ല. തീരദേശഗ്രാമത്തിലെ ഒരുപാട് പേരെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറുന്ന ഒരു കാര്യത്തെക്കുറിച്ചാണ് സിനിമ.  

∙ അങ്കമാലി ഡയറീസിനു ശേഷം വലിയ ഇടവേള ഇല്ലാതെയാണല്ലോ  ഈ സിനിമ? 

സിനിമ ചിത്രീകരിക്കുന്നതിനു ധാരാളം തയാറെടുപ്പ് വേണ്ടിവരുമ്പോഴാണ് ഇടവേള ഉണ്ടാകുന്നത്. ഈ സിനിമ അങ്ങനെ തയാറെടുപ്പ് ആവശ്യമുള്ളതല്ല.  

അതുകൊണ്ട് അങ്കമാലി ഡയറീസിനു ശേഷം പെട്ടെന്നു തുടങ്ങാനായി. ഏറെക്കാലമായി മനസ്സിലുള്ള സബ്ജക്ടായിരുന്നു. മൂന്നുനാലു മാസം കൊണ്ട് സിനിമ തുടങ്ങാമെന്ന അവസ്ഥ വന്നു, തുടങ്ങി.  ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 

∙ ഈമയൗവിലും പുതുമുഖങ്ങളുണ്ടോ? 

അങ്ങനെ ബോധപൂർവം പുതുമുഖങ്ങളെ കുത്തിനിറയ്ക്കാനാകില്ല. ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, വിനായകൻ എന്നിവരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. കഥാപാത്രങ്ങളുമായി യോജിക്കുന്ന നടന്മാർ എന്ന നിലയിലാണ് ഇവരെ റോളേൽപിച്ചത്. നമ്മൾ നേരിട്ടറിയുന്ന മൂന്നോ നാലോ താരങ്ങൾ മാത്രമേ ഈ ചിത്രത്തിലും അഭിനയിക്കുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങളിൽനിന്നു തന്നെ കണ്ടെത്തിയ പുതുമുഖങ്ങളാണ്. പി.എഫ്. മാത്യൂസിന്റേതാണു തിരക്കഥ.  ‌ക്യാമറ: ഷൈജു ഖാലിദ്. ആർട്–മനു ജഗദ്.