Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തോളം സത്യസന്ധം ഈ ചിത്രം; റിവ്യു

ee-ma-yau-review

‘എടാ നീ എന്റെ അപ്പന്റെ ശവമടക്ക് കണ്ടിട്ടുണ്ടോ?’ മകൻ ഈശിയോടു വാവച്ചൻ ആശാരിയുടെ ചോദ്യമാണ്. ‘ആലവട്ടോം വെഞ്ചാമരോം ബാന്റ് മേളോം മെത്രാനച്ചന്റെ ആശീർവാദോം, ഹോ! ആ ശവമടക്ക് കണ്ടാൽ ആർക്കാണെങ്കിലും ഒന്നുമരിക്കാൻ പൂതി തോന്നും...’ അങ്ങനെയൊന്ന് മരിക്കാൻ പൂതി തോന്നിയൊരു അപ്പന്റെയും ആ അപ്പന്റെ ശവമടക്ക് നടത്താനുള്ള മകന്റെയും ശ്രമമാണ് ഈ.മ.യൗ. 

എന്നാൽ വെറുമൊരു ശവമടക്കിന്റെ കഥയാണ് ഈ.മ.യൗ എന്നു ചിന്തിക്കരുത്. സാധാരണക്കാരനായ ഒരാളുടെ ഒരസ്വാഭാവികതയുമില്ലാത്ത മരണത്തില്‍ തുടങ്ങി, സമകാലീന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ നല്ല മൂർ‌ച്ചയുള്ള ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും കടന്നുപോകുന്ന, മരണത്തോളം സത്യസന്ധമായ ഒരു അസാധാരണ ചിത്രമാണിത്. 

Ee.Ma.Yau Movie Official Trailer #2 HD | Vinayakan | Chemban Vinod | Dileesh Pothen | Pauly valsan

ലാറ്റിനമേരിക്കൻ സിനിമാ ശൈലിയെ അനുസ്മരിപ്പിക്കുന്ന സംവിധാന മികവുള്ള സംവിധായകന്റെ വീറുറ്റൊരു ചിത്രം. മലയാളത്തിന്റെ ചലച്ചിത്ര സംസ്കാരത്തിൽ പുനരെഴുത്തു നടത്തുകയാണ് വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി. ഈ.മ.യൗ നമ്മുടെ കാഴ്ചയെയും മനസിനെയും കൈപിടിക്കുന്നത്  ഇന്നോളം മലയാളി കണ്ടിട്ടില്ലാത്തൊരു ആവിഷ്കാര തലത്തിലേക്കാണ്. പി.എഫ്. മാത്യൂസിന്റെ മാജിക്കൽ റിയലിസ്റ്റിക് സ്പർശമുള്ള തിരക്കഥയെ നെഞ്ചിൽ തറച്ചു കയറുന്ന ദൃശ്യഭാഷയോടെ ലിജോ വെള്ളിത്തിരയിൽ ഒരു മണിക്കൂർ 55 മിനിറ്റിൽ അവതരിപ്പിക്കുന്നു; മരണതീക്ഷ്ണതയോടെ.

ഒറ്റയ്ക്കു സംസാരിച്ചു നടക്കുന്ന, ചില പ്രത്യേകതകളുള്ള വാവച്ചൻ ആശാരിയുടെ മരണം വളരെപ്പെട്ടെന്നായിരുന്നു. അപ്പൻ മരിച്ച രാത്രിക്കു ശേഷം, അപ്പനു കൊടുത്ത വാക്കു പാലിച്ച് അപ്പന്റെ ശവമടക്ക് ഗംഭീരമാക്കാൻ മകൻ ആദ്യം കൈവയ്ക്കുന്നത് ആ വീട്ടിൽ ആകെയുള്ള ഒരു തരി പൊന്നിലാണ്. അത് ഭാര്യയുടെ കെട്ടുതാലിയാണ്. ഒരു വിഷമവും കൂടാതെ അത് ഊരി നൽകുന്നു അവൾ. 

ee-ma-yau-review-3

അപ്പനുള്ള ശവപ്പെട്ടി, കയ്യുറ, ഷൂസ്, സോക്സ്, പൂക്കൾ തുടങ്ങി ബാൻഡു വരെ തയാറാക്കി മകൻ എത്തുന്നു. പക്ഷേ ശവമടക്ക് നടത്താനാകുന്നില്ല. അവിടെയാണ് ഈ.മ.യൗ തുടങ്ങുന്നത്. മണ്ണിലൂന്നിനിന്ന്, മനുഷ്യരോട്, മനുഷ്യരുടെ പച്ചയായ കഥ പറയുന്ന പെല്ലിശ്ശേരിയുടെ തിരശ്ശീലയ്ക്കു ജീവന്‍ വയ്ക്കുന്നത് ശരിക്കും അവിടെയാണ്. പിന്നീടു സ്ക്രീനിൽ കാണുന്ന ഓരോ കാഴ്ചയിലും രാഷ്ട്രീയമുണ്ട്, മനുഷ്യത്വമുണ്ട്, സ്നേഹവും വിശുദ്ധിയും കള്ളത്തരവും ക്രൂരതയുമുണ്ട്. അവയങ്ങനെ നിറഞ്ഞാടുകയാണ് പല കഥാപാത്രങ്ങളിലൂടെ.

ചിത്രത്തിലെ ഓരോ കഥാപാത്രവും നായകൻമാരാണെന്ന് കണ്ടിരിക്കുമ്പോൾ നമുക്കു തോന്നാം. അവരോരോരുത്തരും അത്രമേൽ ശക്തരാണ്. ഈശിയായി ചെമ്പൻ വിനോദും അയ്യപ്പനായി വിനായകനും ജീവിച്ചുവെന്നു പറയുന്നത് അവരുടെ പ്രകടനത്തിനു നൽകുന്ന ഏറ്റവും കുറഞ്ഞ വിശേഷണമാണ്. ഇരുവരും ഇന്നോളം അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളായി വിലയിരുത്തപ്പെട്ടേക്കാം.‌ വിനായകന്റെ പ്രസംഗവും ഈശിക്ക് അപ്പനോടുള്ള സ്നേഹവും പിന്നെ അപ്പനായി മാറുന്ന വേഷപ്പകർച്ചയും നമ്മെ അതിശയിപ്പിക്കും. ചെമ്പൻ, വിനായകൻ, കൈനകരി തങ്കരാജ്, ദിലീഷ് പോത്തൻ, പോളി കണ്ണമാലി, പുതുമുഖം ആര്യ... അങ്ങനെ എത്രയോ പേർ. 

ee-ma-yau-review-1

മരണത്തിലേക്കു മടങ്ങിയ അപ്പന്റെ ദേഹത്തെ മണ്ണിലേക്കു മടക്കാനാകാത്ത വിങ്ങലിൽ നിൽക്കുന്ന മകനെയും അയാൾക്കു ചുറ്റുമുള്ള ജീവിതങ്ങള‌െയും ക്യാമറയിലൂടെ ഷൈജു ഖാലിദ് ഗംഭീരമാക്കി. കടൽത്തീരത്താണ് നിൽക്കുന്നതെന്നേ സിനിമ കാണും നേരം നമുക്കു തോന്നൂ. ആ മനുഷ്യരുടെ കണ്ണീരും സന്തോഷവും തമാശയും അവർക്കു ചുറ്റുമുള്ള ആകാശത്തിന്റെയും മരങ്ങളുടെ പേരറിയാത്ത വികാരങ്ങളുടെയും ഭംഗിയും അഭംഗിയും ക്യാമറയിൽ ഒപ്പിയെടുത്തു ഷൈജു. അവിടത്തെ കാറ്റും കോളും മഴയും നമ്മെ തൊട്ടുരുമ്മി കടന്നുപോകും. മരണത്തിന് കറുപ്പു നിറമാണെന്നു തോന്നിപ്പോകും നമുക്ക്. ചില ഫ്രെയിമുകൾ മനസ്സിൽ മഴപോലെ പെയ്തു കൊണ്ടേയിരിക്കും. 

ee-ma-yau-4

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളുടെ സംഗീതസംവിധായകൻ പ്രശാന്ത് പിള്ളയാണ്. ലിജോയുടെ ചിത്രങ്ങളിലെ ഭ്രമാത്മകതയും സത്യസന്ധതയും അരക്കിറുക്കും സംഗീതത്തിലൂടെ ശക്തമായിത്തന്നെയാണ് ഇന്നോളം പ്രശാന്ത് സംവദിച്ചിട്ടുള്ളത്. നിശബ്ദത പോലും സംഗീതമാക്കുന്നു ഇവിടെ പ്രശാന്ത്. എഡിറ്റിങ്ങും എടുത്തു പറയണം. സിനിമയെ കാച്ചിക്കുറുക്കിയെടുത്തു ദീപു ജോസഫ്. മഴയുടെ താളം, കടലിന്റെ ക്ഷോഭം, കാറ്റിന്റെ വിക്ഷോഭം...കാതിലങ്ങനെ നിറഞ്ഞു നിൽക്കും രംഗനാഥ് രവിയുടെ ശബ്ദലേഖനം. മനു ജഗതിന്റെ കലാസംവിധാനം സിനിമയുടെ പ്രമേയം പോലെ ഭംഗിയുള്ളതാണ്. കഥ നടക്കുന്ന ഇടത്തെ കഥയോടു ചേർത്തുനിർത്താന്‍ ഒരു കരിയില പോലും ഉപയോഗിച്ചുവെന്ന് നമുക്കു തോന്നില്ല. 

തന്റെ ഇതുവരെയുള്ള തിരക്കഥകളിൽ ഏറ്റവും മികവോടെ ആവിഷ്കരിക്കപ്പെട്ട ചിത്രം എന്നാണ് ഈ.മ.യൗവിന് പി.എഫ്. മാത്യൂസ് നൽകിയ അഭിപ്രായം. ആ വാക്കുകൾ പൊള്ളയല്ലെന്നു ചിത്രം കാണുമ്പോഴറിയാം.

മരണമെന്നത് എന്താണ്? അന്നേരം എന്താണ് നമുക്കു തോന്നുക. മരിക്കുമ്പോൾ നമ്മള്‍ ആരായിത്തീരും? കഥകളിൽ കേട്ട നരകവും സ്വർഗവും ദൈവദൂതൻമാരും ശരിക്കുമുണ്ടോ? നമ്മൾ ഒറ്റയ്ക്കായിരിക്കുമോ യാത്ര? സത്യമേത് മിഥ്യയേതെന്ന് വേർതിരിക്കാനാകാത്തൊരു മരണക്കഥയിൽ നിന്ന്, മരണത്തിന്റെ തണുപ്പിൽനിന്നു കൊണ്ടാണ് ഈ.മ.യൗ സംസാരിക്കുന്നത്; ഏകാന്തമായൊരിടത്തു നിന്ന്. അതു നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും, ഇടയ്ക്ക് നമുക്കൽപ്പം വട്ടുണ്ടോയെന്നും തോന്നിയേക്കാം. പ്രേക്ഷകനും സിനിമയും ചേർന്ന് ഒരൊറ്റ രേഖയിൽ നിൽക്കും. 

ഈ.മ.യൗ വിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു നിർത്താം - സത്യസന്ധമാണ് ഈ ചിത്രം; മരണം പോലെ, മരണത്തോളം...