വാക്കിന്റെ വിശുദ്ധിപാലിച്ച സിനിമ

പി.എഫ്. മാത്യൂസ്

ലിജോ ജോസ് പല്ലിശേരിയുടെ ‘ഈ.മ.യൗ.’ പൂർത്തിയായപ്പോൾ ചിത്രത്തിന്റെ എഴുത്തുകാരനായ പി.എഫ്. മാത്യൂസ് ആശ്വസിച്ചു. തന്റെ മനസ്സിൽ പിറന്ന സിനിമ അതേപടി സ്ക്രീനിലെത്തുന്നു. തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യമായി സംതൃപ്തി നൽകിയ ചിത്രമാണിതെന്നു മാത്യൂസ് പറയുന്നു. ‘ഞാൻ എഴുതിയ വാക്കുകളോട് പൂർണമായും നീതി പുലർത്തിയ ആദ്യത്തെ എന്റെ സിനിമാനുഭവം കൂടിയാണിത്’. തിരക്കഥയെഴുത്തിനുള്ള ദേശീയ പുരസ്കാരം നേടിത്തന്ന ഷാജി എൻ. കരുണിന്റെ ‘കുട്ടിസ്രാങ്ക്’ എന്ന സിനിമ പോലും ഇത്രയും സന്തോഷം നൽകിയിട്ടില്ലെന്നും മാത്യൂസ് വെളിപ്പെടുത്തുന്നു.  

 വേറിട്ട സംതൃപ്തി 

എഴുത്തുകാരനും സംവിധായകനും തമ്മിൽ എപ്പോഴും ഒരു സംഘർഷമുണ്ട്. എഴുത്തുകാരന്റെ മനസിലുള്ളതായിരിക്കില്ല സംവിധായകൻ ആവിഷ്കരിക്കാൻ ഒരുമ്പെടുന്നത്. ഇത് ആരുടെ കാര്യത്തിലും എവിടെയും സംഭവിക്കുന്നതാണ്. ഈ.മ.യൗവിനു വേണ്ടി ഞാനെഴുതി വച്ചതും ലിജോ മനസ്സിൽ കണ്ടിരുന്ന സിനിമയും ഒന്നുതന്നെയായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തുന്ന സംഗതിയായിരുന്നു.  

 ചാവുനിലം

എന്റെ ‘ഇരുട്ടിൽ ഒരു പുണ്യാളൻ’ എന്ന നോവലിന്റെ ആദ്യരൂപം ഒരു തിരക്കഥയായിരുന്നു. അതു സിനിമയാക്കാൻ ലിജോ ഏറെ താൽപര്യപ്പെട്ടിരുന്നു. പക്ഷേ അതു നടന്നില്ല. പുതിയൊരു സിനിമ ആലോചിക്കണമെന്ന് ലിജോ പറഞ്ഞിരുന്നു. എനിക്കു വേണ്ടുവോളം സമയവുമുണ്ടായിരുന്നു. അങ്ങനെയാണ് ഈ.മ.യൗ എഴുതിയത്. ചാവുനിലം എന്ന നോവലല്ല ഈ സിനിമ. പക്ഷേ അതേ ഭൂമികയിലാണ് കഥ നടക്കുന്നത്. ചെല്ലാനം, കൊച്ചി പ്രദേശങ്ങളാണു പശ്ചാത്തലം. അവിടെയുള്ള മുക്കുവരല്ലാത്ത മനുഷ്യരുടെ കഥയാണ്. ഈ സിനിമയിൽ എന്റെ ജീവിതത്തിൽ നിന്നുള്ള മുഹൂർത്തങ്ങളും ഇഴചേർന്നിട്ടുണ്ട്. നമ്മുടെ സിനിമയ്ക്ക് ഒരു സാമ്പ്രദായിക രീതിയുണ്ട്. അതിനെയെല്ലാം ലംഘിക്കുന്ന തരത്തിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒട്ടും കലർപ്പില്ലാത്ത സത്യസന്ധമായ ചിത്രീകരണം. വാക്കിന്റെയും ദൃശ്യത്തിന്റെയും വിശുദ്ധി പാലിക്കപ്പെട്ടതായി തോന്നി. 

 സന്തോഷമുണ്ടായില്ല

കുട്ടിസ്രാങ്ക് പുതിയൊരു കാഴ്ചയുടെ അനുഭവം തീർക്കുമെന്നു ഞാൻ വിശ്വസിച്ചിരുന്നു. അതുണ്ടായെന്നു കരുതുന്നില്ല. പല എഴുത്തുകാരും തിരക്കഥാകൃത്തുക്കളാകുന്നത് പണം ആവശ്യമായതിനാലാകും. എന്റെ കാര്യത്തിൽ സിനിമയോടുള്ള തീവ്രമായ ഇഷ്ടം മാത്രമാണു മുന്നിട്ടു നിൽക്കുന്നത്. 

സിനിമയിലെ എഴുത്ത്

സിനിമയുടെ പ്രജാപതി എന്നു പറയാം, അതു സംവിധായകൻ മാത്രമാണ്. റൈറ്റർ സിനിമയുടെ ടെക്നീഷ്യന്മാരിൽ ഒരാളാണെന്നു ഞാൻ കരുതുന്നു. സാഹിത്യകൃതികൾ സിനിമയായതു കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്തരം ചർച്ചകൾ കൊണ്ടുപിടിക്കാൻ കാരണം. രണ്ടും രണ്ടു മീഡിയമല്ലേ? എംടിയെപ്പോലുള്ളവർ സാഹിത്യത്തെ സിനിമയ്ക്കൊപ്പമോ അല്ലെങ്കിൽ സിനിമയ്ക്കു മുകളിലോ ഉയർത്തിയതായി കാണാം. പക്ഷേ സിനിമ സമഗ്രമായ ഒരു മാധ്യമമാണ്. സാഹിത്യത്തിൽ നിന്നു സിനിമയെ മാറ്റി നിർത്തിയിരുന്നത് അടൂരും കെ.ജി. ജോർജും പോലെ ചുരുക്കം ചിലരാണ്. പത്മരാജന്റെ സിനിമകൾ കണ്ടാൽ അതിൽ കഥ ഒരു പടി മേലെ നിൽക്കുന്നതായി മനസ്സിലാക്കാം. തന്റെ മേഖല എഴുത്തു മാത്രമാണെന്നു എഴുത്തുകാരൻ തിരിച്ചറിയുന്നതോടെ തിരക്കഥാകൃത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളെല്ലാം അവസാനിച്ചേക്കും.  

നോവൽ വരുന്നു 

സംശയമില്ല, എഴുത്തുതന്നെ. അവിടെ നമ്മളാണു പ്രജാപതി. പുതിയ നോവലിന്റെ ആലോചനകളിലാണു ഞാൻ.