വട്ടത്തിൽ ബോസ്കോയും കോട്ടയം കുഞ്ഞച്ചനും

‘കവി ഉദ്ദേശിച്ചത്’ എന്ന പേരിൽ തന്നെയുള്ള കൗതുകം കാഴ്ചക്കാരിൽ പടരുമെന്ന ആത്മവിശ്വാസത്തിലാണിപ്പോൾ നരേയ്ൻ. മുഴുനീള കോമഡിയുമായി നരേയ്ൻ ഒരു സിനിമ ചെയ്യുന്നത് ഇതാദ്യമാണ്. കോട്ടയം കുഞ്ഞച്ചന്റെ ഭാവവും വേഷവുമിട്ടു തനിനാടൻ ചേലുള്ള തമാശയുമായി നരേയ്ൻ തിയറ്ററുകളിലെത്തുന്നു. ആസിഫ് അലിയും ബിജു മേനോനും ചിരിക്കാനും ചിരിപ്പിക്കാനും കൂടെയുണ്ട്. നരേയ്ൻ സംസാരിക്കുന്നു.

∙ കവി ഉദ്ദേശിച്ചത്?

രണ്ടു പുതുമുഖ സംവിധായകരുടെ ചിത്രമാണിത്. തോമസ് കുട്ടിയും ലിജോ തോമസുമാണു സംവിധായകർ. സജിനോടൊപ്പം ആസിഫ് അലിയുടെ നിർമാണം. തോമസും മാർട്ടിനും ചേർന്നെഴുതിയ സ്ക്രിപ്റ്റ്. സംഗതി നല്ല രസകരമായ കഥാനുഭവമാണ്. ആദ്യമായാണ് ഇത്തരമൊരു കഥാപാത്രം എനിക്കു കിട്ടുന്നത്. സംവിധായകൻ തോമസ് ഇതിന്റെ കഥ പറയുമ്പോൾ ഇതിലേതു കഥാപാത്രമാവും എനിക്കെന്നൊരു ചിന്തയുണ്ടായിരുന്നു. ഒടുവിൽ വട്ടത്തിൽ ബോസ്കോ എന്ന കഥാപാത്രം എന്നറിഞ്ഞപ്പോൾ ആദ്യം അദ്ഭുതം, പിന്നെ സന്തോഷം.

∙ വട്ടത്തിൽ ബോസ്കോ

കോട്ടയം കുഞ്ഞച്ചനിലെ മമ്മൂക്കയുടെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ശീലക്കാരൻ. പൊങ്ങച്ചവും പേടിയുമാണലങ്കാരം. വെളള ജുബ്ബയും വെള്ള മുണ്ടും സ്വർണച്ചങ്ങലയുമെല്ലാമായി രസികൻ ഭാവത്തിലാണു വരവ്. ‘ഈ കഥാപാത്രം എനിക്കോ’ എന്നു ചോദിച്ചപ്പോൾ സംവിധായകൻ തോമസ് പറഞ്ഞ മറുപടിയാണെന്റെ ആത്മവിശ്വാസം കൂട്ടിയത്. ‘ ഇതു നരേയ്ൻ ചെയ്താൽ പുതുമയായിരിക്കും. കോട്ടയം കുഞ്ഞച്ചന്റെ ഗെറ്റപ്പ് നന്നായി ചേരുന്ന ആളുമാണ്. ഇത്തരം വേഷങ്ങൾ ഇതിനു മുൻപ് ചെയ്തവരെ വേണ്ടെന്നു തീരുമാനിച്ചപ്പോൾ മനസിൽ നരേയ്ൻ എന്ന ഒറ്റപ്പേരു മാത്രമേ വന്നുള്ളൂ’... തോമസിന്റെ ഈ വാക്കുകളാണെന്നെ വട്ടത്തിൽ ബോസ്കോയിലേക്കു വളർത്തിയത്.

∙ എന്താണു കവി ഉദ്ദേശിച്ചത്.

ഗ്രാമീണ പശ്ചാത്തലത്തിലാണു കഥയുടെ വളർച്ച. ഒരു നാട്ടിൻപുറത്തെ എല്ലാവരും വാതുവയ്പിൽ വലിയ താൽപര്യമുള്ളവർ. അതിലൂടെ വളർന്നവരും തളർന്നവരുമെല്ലാം ഇടകലർന്നുള്ള ജീവിതം. ഈ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ ചിത്രമാണിത്. ആസിഫ് അലിയും ബിജു മേനോനും ഞാനും ചേർന്നുള്ള കോംബിനേഷൻ ആളുകൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷ. തമാശയോടു ചേർന്നുള്ള കഥാപാത്രങ്ങൾ മുൻപും ചെയ്തിട്ടുണ്ട്. എന്നാൽ കോമാളിത്തം പറയുകയും കാണിക്കുകയും ചെയ്യുന്ന കഥാപാത്രം ഇതാദ്യമാണ്. ആളുകൾക്ക് വട്ടത്തിൽ ബോസ്കോയെ ഇഷ്ടപ്പെടും, തീർച്ച.