എന്റെ രണ്ടു പെൺമക്കളോടും പറഞ്ഞു, സൂക്ഷിക്കണം

തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ സിനിമാ താരം ആശാ ശരത് ശക്തമായി പ്രതികരിച്ചു. സാധാരണ എല്ലാവരും എങ്ങനെയെങ്കിലും ഒഴിവാക്കാം എല്ലാം മറന്നുകളയാം എന്നു കരുതുന്ന പ്രശ്നത്തിനെതിരെയാണ് ആശ ശക്തമായി പ്രതികരിച്ചത്. ഇതിനെതിരെ പ്രതികരിച്ചതിനെക്കുറിച്ച് ആശ തന്നെ പറയുന്നു.

ആ വീഡിയോ കണ്ടപ്പോൾ ഞാനും ഒരു നിമിഷം സ്തംഭിച്ചു പോയി. ഒരു പക്വത വന്ന സ്ത്രീയാണ് ഞാൻ. വിവാഹം കഴിഞ്ഞു, രണ്ട് കുട്ടികളുണ്ട്. ആ വീഡിയോ എന്റെ ജീവിതത്തെ ഒരു രീതിയിലും ബാധിക്കില്ല. എങ്കിലും ഇൗ വീഡിയോ കണ്ടപ്പോൾ പകച്ചുപോയി. ഇതിലുള്ളത് ഞാനല്ല എന്ന് നല്ല ബോധ്യമുണ്ട്. എങ്കിലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ പല സ്ഥലങ്ങളിൽ പോകാറുണ്ട്. ഹോട്ടലുകളിൽ താമസിക്കാറുണ്ട്. നമ്മൾ വസ്ത്രം മാറുന്നതിനിടയിലോ മറ്റോ ഇത്തരമൊരു വീഡിയോ പകർത്തിയോ എന്നെല്ലാം ആദ്യം ഒരു നിമിഷം ചിന്തിച്ചു. പിന്നീട് ഞാൻ പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു.

ആ സമയത്ത് ഞാൻ നാട്ടിലായിരുന്നു. കുടുംബവുമൊത്ത് വെക്കേഷൻ ആഘോഷിക്കാൻ വന്നതാണ്. ഇതറി‍ഞ്ഞ ഉടനെ പൊലീസിൽ കേസുകൊടുത്തു. കമ്മീഷണർക്ക് നേരിട്ടാണ് പരാതി കൊടുത്തത്. കൃത്യമായി ഫോളോ അപ്പ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ പിന്തുണ ഉണ്ടായിരുന്നു. ഒപ്പം മാധ്യമങ്ങളും എന്റെ ഒപ്പം നിന്നു.

എന്റെ കേസിലെ പ്രതികൾ 20 വയസുകാരാണ്. പ്രായം എത്രയെന്നതല്ല പ്രശ്നം, അവർ ചെയ്യുന്ന തെറ്റിന്റെ വലുപ്പം അവർ അറിയുന്നില്ല. ഒരു നിമിഷ നേരത്തെ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതമാണ് തകർക്കുന്നത്. ഇവർക്കിതു കൊണ്ട് എന്താണു ലാഭമെന്ന് ആദ്യം വിചാരിച്ചിരുന്നു. പിന്നീടാണ് ഇതിന്റെ യുട്യൂബ് വ്യൂവർഷിപ്പനുസരിച്ച് അവർക്ക് വരുമാനം ലഭിക്കുമെന്നറിഞ്ഞത്. ഇതൊരു ബിസിനസാണ്.

ഞാൻ ഇൗ കേസുമായി മുന്നോട്ടു പോയത് എനിക്കുവേണ്ടി മാത്രമല്ല. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. അവരോട് എനിക്ക് പറയാനുള്ളത് ജീവിതത്തിൽ പലപ്രശ്നങ്ങളും നേരിടേണ്ടി വരും, അതിലൊന്നായി ഇതിനെയും കരുതുക. തളരരുത്. സില്ലിയായി കാണുക. ശക്തമായി പ്രതികരിക്കുക. എന്നോടും എല്ലാവരും പറഞ്ഞത് ഇതു തന്നെയാണ്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. അവരോടും എനിക്ക് പറയാനുള്ളത് സൂക്ഷിക്കുക എന്നാണ്. എനിക്ക്് മാധ്യമങ്ങളുടെ പിന്തുണ ധാരാളമുണ്ടായിരുന്നു. അതിന് ഒരുപാടി നന്ദിയുണ്ട്.

ഞാൻ സോഷ്യൽ മീഡിയയെ കുറ്റം പറയില്ല. നൂറുപേരിൽ ഒരാളാണ് ഇത്തരത്തിൽ അക്രമം കാണിക്കുന്നത്. അതിന് എല്ലാവരേയും കുറ്റം പറയേണ്ടല്ലോ. സോഷ്യൽ മീഡിയയിൽ എന്തെല്ലാം നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. ഞാൻ 21 വർഷമായി ദുബായിലാണ് താമസിക്കുന്നത്. അവിടെ ഒരു സ്ത്രീയെ നോക്കി എന്നു പരാതി കൊടുത്താൽ പൊലീസ് അവരോട് ചോദിക്കുക പോലുമില്ല. തൂക്കിയെടുത്ത് ജയിലിലാക്കും. നമ്മുടെ നാട്ടിലെ നിയമത്തെയൊന്നും കുറ്റം പറയുന്നില്ല. എങ്കിലും സ്ത്രീകൾക്കെതിരെ അക്രമങ്ങൾ കൂടി വരുന്നുണ്ട്.

എല്ലാം പോട്ടെ, ഒാൺലൈൻ മാധ്യമങ്ങളിൽ നമ്മളെക്കുറിച്ച് എന്തെങ്കിലും നല്ല ഒരു വാർത്ത വന്നാൽ തന്നെ അതിനു താഴെ വരുന്ന കമന്റുകൾ വളരെ മോശമാണ്. ആരും വായിക്കുവാൻ തന്നെ മടിക്കും. ആർക്കെതിരെയും എന്തും ചെയ്യാം എന്ന ധൈര്യമാണ് ഇതിനു പിന്നിൽ. അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ.

മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെയാണ് ആശാശരത്തിനെതിരെ അശ്ലീല വീഡിയോ പ്രചിരിപ്പിച്ചതിന് പൊലീസ് പിടികൂടിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു വിഡിയോ പ്രചരിപ്പിച്ചത്. ഇവർ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു വിഡിയോ അപ് ലോഡ് ചെയ്തത്.