പേരിന് പ്രശ്നങ്ങളുണ്ടായിരുന്നു: ദീപു കരുണാകരൻ

കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സെന്റ്‍ട്രൽ ജയിലിലെത്തിയ കഥ മഞ്ജു പറഞ്ഞിട്ടുണ്ട്. ജയിലിൽ ഷൂട്ടിങ്ങിനായി പോകുമ്പോൾ ആദ്യമൊന്നമ്പരന്നു. ജയിലിന്റെ ‘റ’ പോലുള്ള മരവാതിൽ വലിയ ശബ്ദത്തോടെ തുറന്നപ്പോൾ നെഞ്ചൊന്നു പിടച്ചു. ജയിലിനുള്ളിൽ എത്രയോ മനുഷ്യർ. എല്ലാവർക്കും പറയാൻ എത്രയോ കഥകളുണ്ടാകും. അവരങ്ങനെ ജോലി ചെയ്യാനും മറ്റും നിരനിരയായി പോകുന്നു. ചിലർക്കു നമ്മളെ ഫെയ്സ് ചെയ്യാനൊരു മടിയുള്ളതുപോലെ. ചിലർ സിനിമ കാണുന്നവരും പുസ്തകം വായിക്കുന്നവരുമൊക്കെയാണ്. എങ്കിലും വേദനയുടെ ഒരു കരിമ്പടം എല്ലാവരെയും മൂടി നിൽക്കുന്നതുപോലെ തോന്നും. സത്യത്തിൽ ആ ജയിൽവളപ്പിനുള്ളിൽ ഞാൻ കയറി ചുറ്റും നോക്കുമ്പോൾ ഞാൻ മാത്രമായിരുന്നു അവിടെയുണ്ടായിരുന്ന ഏക സ്ത്രീ.

മലയാളത്തിൽ വീണ്ടും ഒരു സ്പോർട്സ് സിനിമ റിലീസാവുകയാണ്. കരിങ്കുന്നം സിക്സസ്. ചിത്രത്തിന് പ്രത്യേകതകളും ഏറെയാണ്. ഇന്നുവരെ മലയാള സിനിമ കൈവയ്ക്കാത്ത വോളിബോൾ അടിസ്ഥാനമാക്കിയുള്ള സിനിമ. മഞ്ജുവാര്യർ വനിതാ കോച്ചിന്റെ വേഷത്തിലെത്തുന്ന ചിത്രം, ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ജയിലിന്റെ പശ്ചാത്തലത്തിലിറങ്ങുന്ന സിനിമ, എന്തുകൊണ്ട് ഇത്തരത്തിൽ ഒരു സിനിമയെന്ന് സംവിധായകൻ ദീപുകരുണാകരൻ മനോരമ ഒാൺലൈനോട് വ്യക്തമാക്കുന്നു.

എന്തുകൊണ്ട് സ്പോർട് അടിസ്ഥാനത്തിലുള്ള സിനിമ?

വ്യത്യസ്മായ ഒരു സിനിമ എന്ന നിലയിലാണ് ഇത്തരമൊരു ചിത്രത്തിലേക്ക് എത്തിയത്. ഒാരോ സിനിമയും ഒാരോ റിസ്ക്കാണ്. എന്റെ സിനിമകൾ പ്രത്യേകിച്ചും. വ്യത്യസ്ത സബജക്ട് ആയതുകൊണ്ടാണ് ഇൗ ചിത്രം എടുക്കാൻ തീരുമാനിച്ചത്. മലയാളത്തിൽ കായിക രംഗമുമായി ബന്ധപ്പെട്ടുണ്ടാകുന്ന സിനിമകൾ കുറവാണ്.

മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച്?

ഇത് സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമാണ്. അത്തരമൊരു ചിത്രത്തിൽ മഞ്ജുവാര്യരെ തന്നെ അഭിനയിക്കാൻ കിട്ടുക എന്നുള്ളത് വളരെ ഭാഗ്യമുള്ള കാര്യമാണ്. മലയാളത്തിൽ പകരം വയ്ക്കാൻ വേറെ നായികമാർ ഇല്ല എന്നതുകൊണ്ടാണ് മ‍ഞ്ജുവിനെ തിരഞ്ഞെടുത്തത്. മഞ്ജുവിനും കഥകേട്ടപ്പോൾ ഇഷ്ടമായി. വോളിബോളിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് മഞ്ജു പറഞ്ഞു. അതിനെല്ലാം പ്രത്യേക പരിശീലനം വേണ്ടി വന്നു. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത വേഷങ്ങൾ ലഭിക്കുക എന്നുള്ളത് വലിയ കാര്യമാണ്. ചലഞ്ച് ഏറ്റെടുക്കാൻ മഞ്ജു തയ്യാറായി. ജയിലിൽ വോളിബോൾ ടീം ഉണ്ടാക്കുന്ന വനിതാ കോച്ച് വന്ദനയായാണ് മഞ്ജു വേഷമിടുന്നത്.

അനൂപ് മേനോൻ എന്തുകൊണ്ട്?

മഞ്ജുവിന് ലീഡ് റോളാണ്. നായികാ പ്രാധാന്യം വരുമ്പോൾ നായകന്മാർക്ക് സിനിമ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. മ‍ഞ്ജുവിന്റെ ഭർത്താവായാണ് അനൂപ് എത്തുന്നത്. അനൂപ് കഥയുടെ പ്രാധാന്യം മനസിലാക്കി സ്വീകരിക്കാൻ തയ്യാറായി എന്നതാണ് സത്യം. ഇത് ഹൗ ഒാൾഡ് ആർയു പോലെ ഒരു ചിത്രമല്ല. രണ്ടുപേർക്കും റോളുണ്ട്.

സുരാജ് വെഞ്ഞാറന്മൂട് വില്ലനായാണോ എത്തുന്നത്?

സുരാജ് വില്ലനല്ല, വ്യത്യസ്ത കഥാപാത്രമാണെന്നേ ഉള്ളൂ.

സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ?

സിനിമയുടെ ചട്ടക്കൂടുകളിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമ മലയാളത്തിൽ വരാൻ ഇപ്പോൾ സ്പേസ് ഉണ്ട്. അത്തരം സിനിമകൾ വരുന്നുമുണ്ട്. സിനിമയെ മുൻവിധിയില്ലാതെ സമീപിക്കുക എന്നതാണ് പ്രധാനം. അങ്ങനെയുള്ള സിനിമകൾ വിജയിച്ചാൽ ഇനി വരുന്നവർക്കും അതാരു പ്രചോദനമാകും. ഇന്ന സബ്ജക്ട്, ഇത്ര പാട്ട്, ഇത്ര കോമഡി, വില്ലൻ എന്നിവയായിരുന്നു സിനിമയുടെ ചട്ടക്കൂടുകൾ. അതിൽ നിന്നു പുറത്തുകടക്കാനുള്ള ശ്രമമാണ് ഞാൻ ന‍ടത്തുന്നത്.

കരിങ്കുന്നം സിക്സസ് , പേര് വ്യത്യസ്തമാണല്ലോ?

പേരിന് ഭയങ്കര പ്രശ്നങ്ങളുണ്ടായിരുന്നു. പലർക്കും വായിക്കാൻ പറ്റുമോ? മനസിലാകുമോ എന്നൊക്കെ ഭയന്നു. സിനിമയിൽ ഇത് വോളിബോൾ ടീമിന്റെ പേരാണ്. മണ്ണിന്റെ മണവുമുണ്ട്. ടീമിന്റെ സ്പിരിറ്റുമുണ്ട്. മനോരമയിലെ എഡിറ്ററായിരുന്ന സനൽ എബ്രഹാമുമായി ചേർന്ന് ഒരു സിനിമ ഇതിനുമുമ്പ് പ്ലാൻ ചെയ്തിരുന്നു. അന്ന് സനൽ നിർദേശിച്ച പേരാണ് ഇത്. പിന്നീട് സിനിമ മാറിയെങ്കിലും സനലിൽ നിന്ന് പേര് കടമെടുക്കുകയായിരുന്നു.