ട്രെയിലർ കണ്ട് ബാപ്പ ഞെട്ടി: ഷെയിൻ നിഗം

കിസ്മത്ത് എന്ന മലയാള സിനിമയിലൂടെ ഒരു പുതുമുഖ നടൻ കൂടി മലയാള സിനിമാലോകത്തേക്ക് എത്തുകയാണ്. നടൻ അബിയുടെ മകൻ ഷെയിൻ നിഗമാണ് കിസ്മത്തിലൂടെ വെള്ളിത്തരയിലേക്ക് എത്തുന്നത്. വലിയ താരനിരയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് ഒരുലക്ഷത്തിലധികം പേരാണ് കണ്ടത്. ഷെയിൻ നിഗം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പറയുന്നു.

എങ്ങനെ കിസ്മത്തിലേക്കെത്തി?

അന്നയും റസൂലും എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. അങ്ങനെയുള്ള പരിചയം കൊണ്ട് രാജീവ് രവി സാറാണ് കിസ്മത്തിലേക്ക് എന്റെ പേരു പറയുന്നത്. അദ്ദേഹം ഇൗ ചിത്രത്തിലെ നിർമാണ പങ്കാളിയാണ്. അദ്ദേഹമാണ് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അദ്ദേഹം കിസ്മത്തിലെ വേഷം ചെയ്തു നോക്കാൻ ആവശ്യപ്പെടുകയായിരുന്നു. വളരെയധികം ഫ്രീഡം തന്നു. സിനിമയെന്നത് മനസിൽ ആഗ്രമുണ്ടായിരുന്നു. എങ്കിലും ആദ്യം തന്നെ ഇത്ര നല്ലൊരു വേഷം കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചില്ല. സിനിമയിൽ നമുക്ക് ഒന്നും ആഗ്രഹിക്കാൻ കഴിയില്ലല്ലോ?

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?

കോളജിൽ നിന്ന് ഡ്രോപ് ഔട്ടായ ഒരു കോളജ് വിദ്യാർഥിയുടെ കഥാപാത്രമാണ് എനിക്ക്. ബൈക്കൊക്കെ മോഡിഫൈ ചെയ്യുന്ന ജോലിയാണ് അവന്റേത്. ഇത് പ്രണയത്തിന് പ്രാധാന്യമുള്ള സിനിമയാണ്. ശ്രുതി മേനോനാണ് നായിക. 23 കാരൻ 28 കാരിയെ പ്രണയിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയിലൂടെ പറയുന്നത്.

ബാപ്പയുടെ ഉപദേശം എന്തായിരുന്നു?

ട്രെയിലറിന്റെ പ്രതികരണം കണ്ട് ബാപ്പ ഞെട്ടിയിരിക്കുകയാണ്. ഞാനൊരു ഷോട്ട് ഫിലിമിലോ ഒാഫ് ബീറ്റ് സിനിമയിലോ അഭിനയിക്കുന്നുവെന്നാണ് ബാപ്പ കരുതിയത്. എന്നാൽ ട്രെയിലർ കണ്ടപ്പോഴാണ് ബാപ്പ ചിത്രത്തെക്കുറിച്ച് ശരിക്കും അറിയുന്നത്.

സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ?

ഇതൊരു ചെറിയ സിനിമയാണ്. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. വിനയ് ഫോർട്ട് ,സുനിൽ സുഖദ, അലൻസിയർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സബ്ജക്ടിനെക്കുറിച്ച് ഭയമുണ്ടോ?

കിസമത്ത് ഒരു പ്രണയ കഥയാണ്. അതിൽ മതത്തെ വ്രണപ്പെടുത്തുന്നതായി ഒന്നുമില്ല. ഒരു മുസ്ലീം പയ്യനും ഹിന്ദു ദലിത് പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ്. വർഗീയതയൊന്നും ചിത്രത്തിൽ ഇല്ല.

പഠനം?

കാക്കനാട് രാജഗിരി കോളജിലെ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് ഞാൻ.