Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായിക ഡോക്ടറാണ്

Swathy Narayanan ഡോ. സ്വാതി

രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രമായ സു സു സുധി വാത്മീകത്തിലൂടെ ഒരു പുതിയ നായികയെക്കൂടി ലഭിക്കുകയാണ് മലയാള സിനിമയ്ക്ക്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഷീലയെന്ന കഥാപാത്രമായി എത്തുന്ന ഡോ. സ്വാതി മനോരമ ഓൺലൈനോടൊപ്പം ചേരുന്നു.

ആദ്യ സിനിമയുടെ വിശേഷങ്ങൾ?

സു സു സുധി വാത്മീകം എന്റെ ആദ്യ സിനിമയാണ് എന്നതു തന്നെയാണ് ഏറ്റവും വലിയ വിശേഷം. പക്ഷേ ഇതിനു മുൻപ് ഒരിക്കൽ ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ കാവേരി ചേച്ചിയുടെ കുട്ടിക്കാലം അഭിനയിച്ചു. പക്ഷേ ഒരു പാട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.

സുധിവാത്മീകത്തിൽ രണ്ടു നായികമാരാണുള്ളത്. എന്റെ കഥാപാത്രത്തിന്റെ പേര് ഷീല എന്നാണ്. ബോംബെയിൽ ജനിച്ചു വളർന്ന കുട്ടി. എന്നു വച്ച് മോഡേൺ അല്ല. പാരമ്പര്യത്തനിമകൾ ഇഷ്ടപ്പെടുന്ന ആളാണ് ഷീല. അമ്മ മരിച്ചു പോയി, അച്ഛൻ മാത്രമേ ഉള്ളു. ആ കുട്ടി നാട്ടിലേയ്ക്കു വരുമ്പോൾ സുധിയെ( ജയസൂര്യ ) കാണുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് പ്രമേയം.

എങ്ങനെയായിരുന്നു സുധി വാത്മീകത്തിന്റെ ഭാഗമായത്?

ആശ ചേച്ചിയാണ്(ആശാ ശരത്) ഈ ചിത്രത്തിലേക്ക് എന്നെ നിർദേശിച്ചത്. ചേച്ചി ഞങ്ങളുടെ കുടുംബസുഹൃത്താണ്. ഇതിനു മുൻപ് ചേച്ചി എന്നോടു ചോദിച്ചിരുന്നു അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന്? നല്ല ടീമിന്റെ കൂടെയും നല്ല വേഷവുമാണെങ്കിൽ നോക്കാമെന്നു ഞാൻ പറഞ്ഞിരുന്നു.

അങ്ങനെയാണ് രഞ്ജിത് സാറിന് ഫോട്ടോ അയച്ചു കൊടുത്തത്. അതു കഴിഞ്ഞ് സ്ക്രീൻ ടെസ്റ്റ് ഉണ്ടായിരുന്നു. ചിത്രത്തിലെ തന്നെ ഒരു ഡയലോഗായിരുന്നു അത്. ഇതൊക്കെ കഴിഞ്ഞെങ്കിലും ഞാൻ സെലക്ട് ആകുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒരു തയാറെയുപ്പും ഇല്ലാതെയാണ് പോയത്. പിറ്റേ ദിവസം രഞ്ജിത് സാർ തന്നെയാണ് വിളിച്ച് ഷീല എന്ന കാരക്ടറിന് എന്നെ തിരഞ്ഞെടുത്തു എന്നു പറഞ്ഞത്.

Swathy Narayanan സ്വാതി

സ്വാതിയെ ഒന്നു പരിചയപ്പെടുത്താമോ?

ഞാൻ ജനിച്ചതും വളർന്നതുമെല്ലാം പെരുമ്പാവൂരാണ്. പത്താം ക്ലാസു വരെ പഠിച്ചതും ഇവിടെത്തന്നെ. അതിനുശേഷം അച്ഛന്റെയും അമ്മയുടേയും ജോലി സൗകര്യാർഥം തൃശൂരിലേക്കു മാറി. തൈക്കാട്ടുശേരിയിലാണ് വീട്. അച്ഛൻ വൈദ്യരത്നം നഴ്സിങ് ഹോമിലെ ജനറൽ മാനേജരാണ് പേര് നാരായണൻ നമ്പൂതിരി. അമ്മ വാസിനി ആനന്ദപരും ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ടീച്ചറാണ്. ഞാൻ അവരുടെ ഏക മകളും. അച്ഛനും അമ്മയും തന്നെയാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. എന്നെക്കാൾ സന്തോഷം അവർക്കാണ്.

ചെറിയ റോൾ ആയിരുന്നെങ്കിലും വാസന്തിയും ലക്ഷ്മിയും ചെയ്തു കഴിഞ്ഞപ്പോൾ മനസിൽ കുടിയേറിയതാണോ സിനിമാമോഹം?

ഏയ്, അങ്ങനെ ഒരു താൽപര്യമേ ഇല്ലായിരുന്നു. ശരിക്കും പറഞ്ഞാൽ എന്റെ പാഷൻ മുഴുവൻ കുച്ചിപ്പുടിയോടാണ്. അതിനെയാണ് ഞാൻ ഏറെ സ്നേഹിച്ചതും. യാദൃശ്ചികമായാണ് ഞാൻ സിനിമയിൽ എത്തപ്പെട്ടത്. അതും ഇതുപോലെ നല്ല ഒരു ടീമിന്റെ(രഞ്ജിത് ശങ്കർ-ജയസൂര്യ) കൂടെ അഭിനയിക്കാൻ സാധിച്ചതു തന്നെ വലിയ ദൈവാനുഗ്രഹവും ഭാഗ്യവുമായി കരുതുന്നു.

ഇഷ്ടം കുച്ചിപ്പുടിയോട്, ഇപ്പോൾ സിനിമാ നടി, അപ്പോൾ പേരിനൊപ്പമുള്ള ഡോക്ടർ എവിടുന്നു വന്നു?

ഞാൻ ആയുർവേദ ഡോക്ടറാണ്. പക്ഷേ സ്വന്തമായി പ്രാക്ടീസിങ് തുടങ്ങിയിട്ടില്ല. ചെറുതുരുത്തി പി എൻ എം എം ആയുർവേദ കോളജിലാണ് പഠിച്ചത്. ഇപ്പോൾ ഇന്റേൺഷിപ്പ് കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളു. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട്.

Swathy Narayanan സ്വാതി

കുച്ചിപ്പുടി പഠനം ഇപ്പോഴുമുണ്ടോ?

നാലു വയസു മുതൽ ഞാൻ നൃത്തം പഠിച്ചു തുടങ്ങി. ഹൈസ്കൂൾ കാലമായപ്പോഴാണ് കുച്ചിപ്പുടിയിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. എറണാകുളത്തുള്ള അനുപമ മോഹന്റെ കീഴിലായിരുന്നു പഠനം. ഇപ്പോൾ ആന്ധ്രയിലെ കുച്ചിപ്പുടി വില്ലേജിൽ ചിന്താരവി ബാലകൃഷ്ണ മാസ്റ്ററുടെ കീഴിൽപഠിക്കുന്നു. പുറത്തു നിന്നുള്ള പ്രോഗ്രാമുകളൊക്കെ ചെയ്യാറുണ്ട്. നല്ല ഓഫറുകളാണെങ്കിൽ ഇനിയും അഭിനയിക്കാൻ ആഗ്രഹമുണ്ട്. ടീമും വേഷവുമൊക്കെ നോക്കി സിനിമ തിരഞ്ഞെടുക്കും.

സിനിമ എന്ന പുതിയ മേഖലയെക്കുറിച്ച്?

കാര്യമായി ഒന്നും അറിയാതെയാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത്. എല്ലാവരും പറഞ്ഞും കേട്ടുമൊക്കെ ഉള്ള അറിവേ എനിക്ക് ഉണ്ടായിരുന്നുള്ളു. പക്ഷേ ലൊക്കേഷൻ എനിക്കു വീടു പോലെ തന്നെയായിരുന്നു. രഞ്ജിത് സാർ, ഭാര്യ, കുട്ടികൾ, ജയേട്ടൻ, ഭാര്യ, കുട്ടികൾ, മുത്തശ്ശി തുടങ്ങി എല്ലാവരും ഒരു കൂട്ടുകുടുംബം പോലെ. നിറയെ തമാശകളും പൊട്ടിച്ചിരികളും. ടെൻഷൻ എന്ന ഒരു ഫീലിങ്ങേ ഉണ്ടായിട്ടില്ല. സെയ്ഫ് ആൻഡ് കംഫർട്ടബിൾ എന്നു പറയാം.

ആദ്യ ഷോട്ട്?

ഞാൻ പുതുമുഖമായതിനാൽത്തന്നെ ഡയലോഗ് ഉള്ള സീനൊന്നുമായിരുന്നില്ല ആദ്യം ഷൂട്ട് ചെയ്തത്. മറിച്ച് പാട്ടിന്റെ ഒരു ഭാഗമായിരുന്നു. ഒരു അമ്പലത്തിൽ തൊഴുത് പ്രാർഥിച്ചു നിൽക്കുന്ന രംഗം. അതും ഒരു ഭാഗ്യമായി.

Su Su Sudhi Vathmeekam - Posters സു സു സുധി വാത്മീകം - പോസ്റ്റർ

രഞ്ജിത് ശങ്കർ, ജയസൂര്യ എന്നിവരുടെ സപ്പോർട്ട്?

ജയേട്ടൻ നന്നായി ഹെൽപ്പ് ചെയ്യും. റിയാക്ഷൻസ് എങ്ങനെ കൊടുക്കണം, ഡയലോഗ് എങ്ങനെ പറയണം എന്നൊക്കെ പറഞ്ഞു തന്നു. രഞ്ജിത് സാർ ആദ്യ ദിവസം സെലക്ട് ആയി എന്നു പറയാൻ വിളിച്ചപ്പോൾ തന്നെ കഥയുടെ ഔട്ട് ലൈനും കാരക്ടറിനെക്കുറിച്ചുമൊക്കെ പറഞ്ഞു തന്നിരുന്നു. എന്നെ കാണുമ്പോഴൊക്കെ പറയുമായിരുന്നു ടെൻഷൻ അടിക്കേണ്ട കേട്ടോ എന്ന്. സംവിധായകനാണെന്ന ജാഡ ഒന്നും ഇല്ല. ഇവരുടെയൊക്കെ സപ്പോർട്ട് കൊണ്ടു തന്നെ ഒരുപാടു തവണ റീടേക്കുകൾ എടുക്കേണ്ടി വന്നിട്ടില്ല.

ആദ്യം റിഹേഴ്സൽ കഴിഞ്ഞ് സെക്കൻഡ് സീൻ എടുക്കുമ്പോഴേക്കും ഒക്കെ ആകാറുണ്ടായിരുന്നു. ഒരു പുതുമുഖമാണെന്ന ഫീലിങ് ഉണ്ടാകാതിരിക്കാൻ ഇവർ ഏറെ സഹായിച്ചു. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടോ പേടിയോ തോന്നിയതുമില്ല. സെറ്റിലെ എല്ലാവരും വളരെ സപ്പോർട്ടീവ് ആയിരുന്നു. കൂടെ ഉണ്ടായിരുന്ന ശിവദ ആണെങ്കിലും. എല്ലാവരും നല്ല സുഹൃത്തുക്കളുമാണ്.

സെറ്റിൽ ഡോക്ടർ പരിവേഷം ആയിരുന്നോ?

അതേ. അവിടെ എല്ലാവരും ഡോക്ടർ എന്നാ വിളിച്ചിരുന്നത്. അതും ഒരു രസകരമായ അനുഭവമായിരുന്നു. കാണുമ്പോഴൊക്കെ ഓരോരുത്തർ ചോദിക്കും ആ അസുഖത്തിന് എന്താ മരുന്ന്, ഈ അസുഖത്തിന്റെ മരുന്ന് പറഞ്ഞു തരാമോ എന്നൊക്കെ. രവിയങ്കിൾ (ടി.ജി. രവി) നടുവേദനയ്ക്ക് എന്തു കഴിക്കണമെന്നൊക്കെ ചോദിക്കും. ഞാൻ ഓരോ മരുന്ന് പറഞ്ഞു കൊടുക്കും. അവിടെയും എനിക്ക് ഒരു ട്രെയിനിങ് തന്നെയായിരുന്നു. (അവർക്കാർക്കും ഇതുവരെ ഒരു കുഴപ്പവുമില്ലല്ലോ എന്ന മറുചോദ്യത്തിന് ഏയ് ഇതുവരെ ഒരു കുഴപ്പവുമില്ല. അതിനുശേഷം അവരെ കണ്ടിട്ടുമില്ല എന്നു പറഞ്ഞു ചിരിയായിരുന്നു മറുപടി).