നീനയിലെ വിജയ്

സ്ഥിരം പൊലീസ് വേഷങ്ങളിൽ നിന്ന് ചുവടു മാറ്റുകയാണ് വിജയ്ബാബു എന്ന നടൻ. വ്യത്യസ്തമായ വേഷങ്ങൾ ആഗ്രഹിച്ചപ്പോൾ ലഭിച്ച ‘നീ-ന’ യിലെ വേഷം ഏറെ വെല്ലുവിളി ഉള്ള ഒന്നായിരുന്നു എന്ന് വിജയ്. റിലീസിനൊരുങ്ങുന്ന നീ-നയുടെ വിശേഷങ്ങളുമായി വിജയ് ബാബു മനോരമ ഓൺലൈനിനൊപ്പം.

∙ സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ പുരുഷനുള്ള സ്ഥാനം പ്രധാനമാണ് എന്ന് മുൻപ് പറഞ്ഞിരുന്നു. ഇതിലുപരി വിജയ് ബാബു എന്ന നടന് എന്താണ് ‘നീ-ന’?

വളരെ പ്രാധാന്യവും ശക്തവുമായ കഥാപാത്രമാണ് എന്റെ വിനയ് പണിക്കർ(വി. പി). വി.പി ഒരു കോർപറേറ്റ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. എനിക്ക് കോർപ്പറേറ്റ് മേഖലയിൽ വർഷങ്ങളായുള്ള പരിചയമാണ് എന്നെത്തന്നെ ഈ വേഷത്തിലേക്കു കാസ്റ്റ് ചെയ്യാൻ സംവിധായകൻ ലാൽജോസ് സാർ തീരുമാനിച്ചതിന് ഒരു കാരണം.

ആദ്യമായാണ് ഞാൻ ഒരു മുഴുനീള കഥാപാത്രം സിനിമയിൽ അവതരിപ്പിക്കുന്നത്. സ്ക്രീൻ സ്പെയ്സിന്റെ തൊണ്ണൂറ് ശതമാനവും എന്റെ കഥാപാത്രമുണ്ട്. എല്ലാവർക്കും സംഭവിക്കാവുന്ന ഒരു അനുഭവം ഈ സിനിമയിലുണ്ട്. ഇതിലുണ്ടാകുന്ന വൈകാരികത സ്വാഭാവികമായി സംഭവിക്കുന്നതാണ്.

പുരുഷനില്ലാതെ സ്ത്രീ അപൂർണമാകും എന്നു പറയുമ്പോൾ തന്നെ എന്നെ സംബന്ധിച്ചു വി പി ഒരു ശക്തവും ആഴമുള്ളതുമായ കഥാപാത്രമാണ്. ഇനി ഇങ്ങനെ ഒരു കഥാപാത്രം കിട്ടുമോ എന്നു തന്നെ അറിയില്ല. കിട്ടാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

∙ കോർപ്പറേറ്റ് മേഖലയിലുള്ള കഥാപാത്രമാവുമ്പോൾ സ്വയം എങ്ങനെയാണ് ആ കഥാപാത്രവുമായി സിങ്ക് ചെയ്തത്?

ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ തലവൻ ആകുമ്പോൾ സ്ഥാപനത്തിലെ ജോലിക്കാരുടെ മീറ്റിങ്ങുകൾ വിളിച്ചു കൂട്ടേണ്ടി വരും. അവരോടു പെരുമാറുന്ന രീതിക്കും മീറ്റിങ്ങുകളിൽ ഉപയോഗിക്കേണ്ട വാക്കുകൾക്കും പ്രത്യേകതയുണ്ട്. ഞാനും ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന ആളാണ്. ഈ പരിചയം കൊണ്ട് ലാൽസാർ എന്നിൽ നിന്നും പ്രതീക്ഷിച്ചത് കോർപ്പറേറ്റ് മേഖലയിലുള്ള ഒരാളുടെ മാനറിസം ആണ്. ഈ മേഖലയിലുള്ള അനുഭവ പരിചത്തിൽ നിന്നും അവരോട് പല കാര്യങ്ങളും നല്ല നിർദേശമായി അവർക്ക് മുമ്പിൽ അവതരിപ്പിക്കാൻ സാധിച്ചു. പ്രേക്ഷകന് എന്നെ ആ റോളിൽ കാണുമ്പോൾ നാച്വറൽ ആയും തോന്നും. എന്നാൽ പത്ത് ശതമാനം മാത്രമേ ഇത്തരമൊരു അഭിനയ സാധ്യതയ്ക്കു ഈ സിനിമയിൽ സാധ്യത ഉള്ളു. ബാക്കി 90 ശതമാനത്തിനും എനിക്ക് നന്നായി ബുദ്ധിമുട്ടേണ്ടി വന്നു.

∙ രണ്ടു സ്ത്രീകൾക്കിടയിൽപെടുമ്പോഴുള്ള അന്തർ സംഘർഷങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ എത്രമാത്രം ശ്രമം നടത്തി?

ഞാൻ ദൈനംദിന ജീവിതത്തിൽ കൂട്ടുകാരോടൊത്തു സംസാരിച്ചും ഉൽസാഹിച്ചും ഒരു നേരം പോലും അടങ്ങിയിരിക്കാത്ത ആളാണ്. ഈ സ്വഭാവം കുറച്ചു ദിവസത്തേക്കു മാറ്റി നിർത്തിയാൽ കഥാപാത്രം നന്നായി ചെയ്യാനാവുമെന്നു ലാൽ സാർ പറഞ്ഞിരുന്നു. ഷൂട്ട് തുടങ്ങി ആദ്യ മൂന്നു ദിവസമേ അദ്ദേഹം എനിക്കു കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തന്നിട്ടുള്ളു.

ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയ വേണുച്ചേട്ടനും ഞാനും നല്ല കൂട്ടുകാരാണ്. എന്നിട്ടും ഷൂട്ടിങ് സമയത്തു ഞാൻ ഒരു ഒഴിഞ്ഞസ്ഥലത്തു പോയി ഞാൻ ആരോടും മിണ്ടാതിരിക്കുമായിരുന്നു. ഒരിക്കൽ ആ കഥാപാത്രത്തിലേക്കു ഇറങ്ങി ചെന്നുകഴിഞ്ഞപ്പോൾ പിന്നീടെല്ലാം സ്വാഭാവികമായി സംഭവിച്ചു. സിനിമയുടെ രണ്ടാം പകുതിയൊക്കെ കാണുമ്പോൾ നിങ്ങൾക്കത് വ്യക്തമായി മനസിലാകും.

∙ സ്ഥിരം പൊലീസ് കഥാപാത്രങ്ങളിൽ നിന്നും ചുവടു മാറ്റുകയാണോ?

എന്റെ പ്രായത്തിലുള്ളവരുടെ വേഷങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ്. മുപ്പതുകളുടെ തുടക്കത്തിലുള്ള പൊലീസ് ഓഫിസർമാരുടെ വേഷങ്ങൾ ഞാൻ സ്വീകരിച്ചത് അങ്ങനെയാണ്.

തമാശ വേഷങ്ങൾ ചെയ്യുവാൻ ആഗ്രഹിച്ചപ്പോൾ ഞാൻ ബോധപൂർവ്വം സ്വീകരിച്ചതാണ് ‘ആട് ഒരു ഭീകരജീവിയല്ല’ എന്ന സിനിമ. വ്യത്യസ്തവും ശക്തവും ആഴമേറിയതുമായ വി.പി എന്ന കഥാപാത്രമാണ് എന്നെ നീ-നയിലേക്കു ആകർഷിച്ചത്. ഇനിയും റിലീസ് ആകാനുള്ള ഡബിൾ ബാരലിലും, ആകാശവാണിയിലും എന്റെ വേഷങ്ങൾ വൈവിധ്യം ഉള്ളവയാണ്.

എന്നാൽ ഇപ്പോൾ ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഒരു ‘ നാടൻ’ കഥാപാത്രത്തെ അവതരിപ്പിക്കാനാണ്. 2-3 ഓഫർ വന്നിട്ടുണ്ട്. അതിൽ ഏറ്റവും നല്ല ‘ നാടനെ’ സ്വീകരിക്കും.

∙ അയാളും ഞാനും തമ്മിൽ... ലാൽ ജോസിനൊപ്പം ചെയ്തിരുന്നല്ലോ. ഇപ്പോൾ അദ്ദേഹത്തിനൊപ്പം വീണ്ടും നീ-നയിൽ. എന്താണ് രണ്ടു പ്രൊജക്ടിലും തോന്നിയ വ്യത്യാസങ്ങൾ?

അയാളും ഞാനും തമ്മിൽ എനിക്ക് രണ്ട് ഷോട്ടുകൾ മാത്രമായിരുന്നു. അതിൽ എന്റെ അഭിനയത്തിനു ഒരു പ്രസക്തിയുമില്ലായിരുന്നു. അഭിനയം മോശമായാലും അത് സിനിമയെ ബാധിക്കില്ല. ആ സിനിമയിൽ ഒന്നിച്ചതുകൊണ്ടാണ് ലാൽജോസ് സാർ എന്നെ നീ-നയിലേക്ക് തിരഞ്ഞെടുക്കാൻ ഒരു കാരണം.

നീ-നയിൽ എന്റെ അഭിനയം മോശം ആയാൽ സിനിമ തന്നെ മോശമാകും. ഈ സിനിമയുടെ വിജയം നളിനി, നീന, വിനയ് പണിക്കർ എന്നീ മൂന്ന് ആളുകളുടെ അഭിനയത്തെ കൂടി ആസ്പദമാക്കിയായിരിക്കും.