അച്ഛന്റെ ആക്‌ഷൻ തൽക്കാലമില്ല; ആദ്യം ‘മുദ്ദുഗൗ’

മുദ്ദുഗൗ എ​ന്ന സിനിമ വിജയകരമായി ഓടുമ്പോൾ പുത്തൻ താരമാവുകയാണ് നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. പുത്തൻ ചെറുപ്പക്കാർക്ക് ധൈര്യമായി കൈ കൊടുക്കുന്ന നിർമാണ കമ്പനിയെന്ന നിലയിൽ സാന്ദ്ര തോമസും വിജയ് ബാബുവും നേതൃത്വം നൽകുന്ന ഫ്രൈഡേ ഫിലിം ഹൗസിനും അഭിമാന നിമിഷം. മുദ്ദുഗൗവിന്റെ വിജയത്തെ തുടർന്ന് ഗോകുൽ മനോരമയുമായി തന്റെ സിനിമാ അനു​ഭവങ്ങൾ പങ്കു വയ്ക്കുന്നു.

∙ സിനിമാബന്ധം?

മലയാളത്തിലെ വലിയ നടന്റെ മകനാണെങ്കിലും അച്ഛന്റെ ഷൂട്ടിങ് സെറ്റുകളിൽ പോയിട്ടില്ല. അക്കാലത്ത് സിനിമ മനസ്സിൽ ഉണ്ടായിരുന്നില്ല. ഭരത്ചന്ദ്രൻ ഐപിഎസിന്റെ ഷൂട്ടിങ് കാണാൻ പോയ ഗോകുൽ 25 മിനിറ്റ് മാത്രമേ ചെലവഴിച്ചുള്ളു. ബോറടിച്ചു കാരവനിൽ പോയി വിശ്രമിച്ചെന്ന് ഗോകുൽ. ആ പ്രായത്തിൽ, സിനിമ ആകർഷിച്ചില്ല. പിന്നീടാണ് മാറി വന്നത്.

സിനിമക്കാർ എല്ലാം ഒരു ജനറേഷൻ

ന്യൂജൻ എന്നൊന്നില്ല. സിനിമയിൽ ഒറ്റ ജനറേഷനേയുള്ളൂ.എല്ലാക്കാലത്തും അങ്ങനെയാണ്. പിന്നെ, ഓരോ കാലത്തുമുള്ള അപ്ഡേഷൻ സിനിമയിലും നടക്കുന്നുവേന്നേയുള്ളു.

വിജയ് ബാബു വഴി നായകനായി

മുദ്ദുഗൗവിലേക്ക് എത്തുന്നത് ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു വഴിയാണ്. അദ്ദേഹമാണ് അച്ഛനോട് സ്ക്രിപ്റ്റ് പറഞ്ഞത്. അച്ഛൻ, താൽപര്യം ഉണ്ടെങ്കിൽ കേട്ടുനോക്കാൻ പറഞ്ഞു. കഥ കേട്ടപ്പോൾ വളരെ രസമായിട്ടു തോന്നി. അങ്ങനെയാണ് മുദ്ദുഗൗവിലേക്ക് എത്തുന്നത്.

തമാശയ്ക്ക് വേണ്ടി തമാശയില്ല

മുദ്ദുഗൗവിൽ നന്നായി കോമഡി ചെയ്തതിനു ഗോകുൽ നന്ദി പറയുന്നത് ആ സിനിമയുടെ മുഴുവൻ ടീമിനോടാണ്. അതിന്റെ സംവിധായകൻ വിപിൻ ദാസ് തന്നോട് ഒരു സീനിൽ പോലും തമാശയ്ക്കു വേണ്ടി ചെയ്യണം എന്നു പറഞ്ഞിട്ടില്ല. ചെയ്തത് ഹ്യൂമറായി വന്നതാണ്.

ആക്‌ഷൻ സിനിമ ?


ഇപ്പോൾ അങ്ങനെ ഒന്നും നോക്കുന്നില്ല. സ്ക്രിപ്്റ്റുകൾ കേൾക്കുന്നുണ്ട്. നല്ല സബ്ജക്ട് ആണെങ്കിൽ ചെയ്യും. അച്ഛൻ ചെയ്തതു പോലെയുള്ള ഘന ഗംഭീര ആക്‌ഷൻ സിനിമകൾ ഇപ്പോൾ ചെയ്യാൻ സാധ്യതയില്ല. ഭാവിയിൽ ഉണ്ടായേക്കാം.

ടെൻഷൻ ഉണ്ടാക്കാത്ത നിർമാതാക്കൾ

തന്റെ ആദ്യ സിനിമയിൽ സമ്മർദ്ദമില്ലാതെ അഭിനയിക്കാൻ സാധിച്ചതിൽ നിർമാതാക്കാളായ വിജയ് ബാബുവിനും സാന്ദ്രതോമസിനും വലിയ പങ്കുണ്ടെന്ന് ഗോകുൽ. വലിയ ഉത്തരവാദിത്തങ്ങൾ തരാതെ ശാന്തമായി സുഖമായി വർക്ക് ചെയ്യാൻ സഹായിച്ചു. സ്വസ്ഥമായി, ആയാസത്തോടെ ആദ്യ സിനിമതീർക്കാൻ സഹായിച്ചത് അവരാണ്.