എന്ത് വസ്ത്രം ധരിക്കണമെന്നത് എന്‍റെ സ്വാതന്ത്ര്യം: കനിഹ

ദിവ്യ വെങ്കിടസുബ്രഹ്മണ്യം അതായിരുന്നു യഥാർഥ പേര്. ടീനേജിലായിരുന്നു പേരു മാറ്റം. അന്ന് ഇതൊന്നും ശ്രദ്ധിച്ചില്ല. ഇന്നായിരുന്നെങ്കിൽ ഒരുപക്ഷേ ദിവ്യയിൽ ഉറച്ചു നിൽക്കുമായിരുന്നു. സിനിമയ്ക്കുവേണ്ടിയാണ് കനിഹയായത്.എന്തായാലും കനിഹ എന്ന പേരിനെ ഞാനിപ്പോൾ സ്നേഹിക്കുന്നു. നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ട്, കനിഹ പറഞ്ഞു, തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച്.

സിനിമയിൽ വിവാഹം കഴിഞ്ഞവർക്ക് മാർക്കറ്റില്ല എന്ന പരാതിയക്കുറിച്ച്?

തമിഴിൽ ഇൗ പരാതി ‌ശരിയാണ്. വിവാഹം കഴിഞ്ഞവർക്ക് തമിഴിൽ മാർക്കറ്റില്ല എന്നത് സത്യമാണ്. നല്ല റോളുകൾ അവിടെ ലഭിക്കാ‌റില്ല. തമിഴ് എന്റെ മാതൃഭാഷയാണ്. അവിടെ നല്ല വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഒരു വേഷം പോലും ലഭിച്ചി‌ട്ടില്ല. എന്നാൽ മലയാളത്തിൽ അതല്ല സ്ഥിതി. വിവാഹത്തിന് ശേഷമാ‌ണ് എനിക്ക് മലയാളത്തിൽ നല്ല റോളുകൾ ലഭിച്ചിട്ടുള്ളത്. തമിഴിൽ എന്നെ സമീപിച്ചതിൽ മുഴുവൻ അമ്മ വേഷങ്ങളായിരുന്നു.

മലയാളത്തിൽ ചെയ്തതെല്ലാം നാടൻ വേഷങ്ങൾ, മോഡേൺ വേഷം വേണ്ടേ?

ഫിസിക്കൽ അപ്പിയറസിൽ മാത്രം മോഡേൺ ആയാൽ പോര, അത്തരം കഥാപാത്രമാണെങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ. ഹൗ ഒാൾഡ് ആർ യുവിൽ ഞാൻ ചെയ്ത വേഷം സാരിയുടുത്താലും മോഡേൺ തന്നെ ആയിരിക്കും. അതുകൊണ്ട് വേഷത്തിൽ മാത്രം മോഡേൺ ആയ ഒരു കഥാപാത്രം ചെയ്യാൻ താൽപര്യം ഇല്ല.

ഒകെ കൺമണിയിൽ അഭിനയിച്ചതിനെ വിമർശിച്ച് പ്രതികരണങ്ങളുണ്ടായല്ലോ?

അതെ, കുറെ സംവിധായകർ എന്നെ വിളിച്ച് ചോദിച്ചു, കനിഹ എന്തിനീ കഥാപാത്രം ചെയ്തുവെന്ന് . നിങ്ങൾ കരിയറിൽ യു ടേൺ എടുക്കുകയാണോ എന്ന്, പക്ഷേ സിനിമയിൽ എന്റെ ഗുരുവാണ് മണിരത്നം സാർ. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹം വിളിച്ച് ഇത്തരമൊരു ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ക‌ഥാപാത്രത്തെക്കുറിച്ച് ചോദിച്ചില്ല. എന്തു വേഷമാണെങ്കിലും ചെയ്യുമെന്ന് തീരുമാനിച്ചു. ഞാൻ ജീവിതത്തിൽ ബന്ധങ്ങൾക്കാണ് വിലകൽപിക്കുന്നത്, പണത്തിനല്ല.

ഉഗ്രം ഉജ്വലം എന്ന ഷോയിലെ വിധികർത്താവിന്റെ വേഷത്തെക്കുറിച്ച്?

വിധികർത്താവ് എന്ന നിലയിൽ റെസ്പോൺസിബിലിറ്റി ഉണ്ട്., ഒരു വെറും ഡാൻസ് ഷോ അല്ല ഇത്. ഇതിൽ ഒരു പാട് സാഹസീകതയുണ്ട്. കാണുമ്പോൾ പേടിയാവും. ചിലതു കാണുമ്പോൾ രോമാഞ്ചം ഉണ്ടാകും. അവരുടെ ജീവൻ കയ്യിൽ പിടിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഭൂമിയിൽ കാൽതൊടാതെ അഭ്യാസ പ്രകടനം നടത്തുന്നതു പോലെയാണ് എനിക്ക് തോന്നുന്നുത്. ജഡ്ജ്മെന്റിൽ ആരെയും വേദനിപ്പിക്കില്ല. ഞാൻ ഞാനായിരുന്നുകൊണ്ടാണ് അഭിപ്രായം പറയുന്നത്. എല്ലാവരുടേയും ബുദ്ധിമുട്ടുകൾ എനിക്കറിയാം. എന്റെ മോൻ തന്നെയാണ് ഇൗ ഷോയുടെ വലിയ ഫാൻ. അവൻ ഇതിൽ ഡാൻസും കളിച്ചിരുന്നു.

മലയാളത്തിൽ അഭിനയിച്ചതെല്ലാം സൂപ്പർതാരങ്ങളോടൊപ്പമാണ്, ഇനിയുള്ള സ്വപനം?

മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ്ഗോപി തുടങ്ങി എല്ലാവരോടൊപ്പവും അഭിനയിച്ചു. എങ്കിലും ഏറ്റവും ഇഷ്ടം ജയറാമേട്ടനോടൊപ്പമുള്ള അഭിനയമാണ്. അദ്ദേഹം എപ്പോഴും ജോളിയായിരിക്കും. തമാശകൾ പറയും. അതുകൊണ്ട് അഭിനയത്തിന്റെ ടെൻഷനില്ല. ഭാഗ്യദേവതയാണ് അഭിനയിച്ചതിൽ ‍ഇഷ്ടചിത്രം. രഞ്ജിത്തേട്ടനാണ് ഇഷ്ട സംവിധായകൻ. ഇതുവരെ വർക്ക് ചെയ്ത സംവിധായകരോടൊപ്പമെല്ലാം ഇനിയും സിനിമകൾ ചെയ്േയണമെന്നതാണ് എന്റെ സ്വപ്നം.

ഫേസ് ബുക്കിൽ ആക്ടീവാണല്ലോ?

ഫേസ് ബുക്ക് എനിക്ക് ആളുകളുമായി സംവദിക്കാൻ സഹായിക്കും. പണ്ടെല്ലാം ഒരു ഇന്റർവ്യു ഒക്കെകഴിഞ്ഞാൽ അതിന്റെ പ്രതികരണം അറിയാൻ കഴിയാറില്ലായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയെല്ലാം മാറി. എല്ലാം നല്ലരീതിയിൽ ഉപയോഗിക്കുക. ഞാൻ ഫേസ്ബുക്കിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു ഫോട്ടോ ഇട്ടപ്പോൾ എനിക്കെതിരെ ഒരാൾ കമന്റിട്ടു. എന്റെ പരിധികൾ എനിക്കാറിയാം . ഞാനൊരമ്മയാണെന്നും അറിയാം . ഞാൻ അമ്പലത്തിൽ പോയപ്പോഴല്ല മോഡേൺ വസ്ത്രം ധരിച്ചത്. എന്റെ കൂട്ടുകാർക്കൊപ്പം പുറത്തുപോയപ്പോഴാണ്. അതി‌ന് എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്റെ വേഷത്തെ വിമർശിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചു.

വീട്ടിൽ അമ്മയുടെ റോൾ, സിനിമാ നടി, ഇപ്പോൾ വിധികർത്താവ്. എങ്ങനെ എല്ലാം ചേർത്തു കൊണ്ടുപോകുന്നു?

അമ്മ എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം. ഞാൻ എല്ലാം ആസ്വദിക്കുന്നു. 24 മണിക്കൂർ തികയാതെ വരും ചിലപ്പോൾ. മോന്റെ വെക്കേഷൻ സമയത്താണ് സിനിമകൾ ചെയ്യുക. എന്റെ ഭർത്താവും വീട്ടുകാരുമെല്ലാം ഒരുപാട് പിന്തുണ നൽകുന്നുണ്ട്. ഭർത്താവ് ഇരുന്നൂറ് ശതമാനവും പിന്തുണയ്ക്കുന്നു. എല്ലാ പുരുഷന്മാരും മനസിലാക്കണം സ്ത്രീകൾക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാമുണ്ടെന്ന്. സ്ത്രീ ശാക്തീകരണം എല്ലാവരും പ്രസംഗിക്കും പക്ഷേ നടപ്പിലാക്കില്ല, പക്ഷേ എനിക്കിതിന് സാധിക്കുന്നുണ്ട്.