വിജയ് ബാബു വിജയവഴികളിലൂടെ...

മാധ്യമസ്ഥാപനങ്ങളിലെ ബിസിനസ് ഭരണം പിന്നീട് പക്കാ ബിസിനസുകാരന്‍ അവിടെ നിന്നു വാഴിമാറി എത്തിയത് സിനിമാ നിര്‍മാണത്തില്‍. അവസരം ഒത്തു വന്നപ്പോള്‍ സഹനടനായി ക്യാമറയ്ക്കു മുന്നില്‍ ഏറ്റവുമൊടുവില്‍ മലയാളത്തിലെ ഒട്ടു മിക്ക നടന്മാരും കൊതിക്കുന്ന ഒരു റോള്‍- ലാല്‍ജോസിന്റെ പുതിയ സിനിമയിലെ നായകന്‍. തിരുവനന്തപുരം ശ്രീ വിശാഖ് തിയറ്ററില്‍ കാണികള്‍ക്കൊപ്പം പുതിയ സിനിമ കാണാനെത്തിയ വിജയ് മനോരമയോട് മനസ് തുറക്കുന്നു

രു നാള്‍ നായകനാകുമെന്ന് സ്വപ്നം കണ്ടിരുന്നോ?

സത്യം പറഞ്ഞാല്‍ ഒരിക്കലുമില്ല. അഭിനയം എന്റെ മനസിലെവിടെയും ഉണ്ടായിരുന്നില്ല. ഇംഗിഷ്, മലയാളം മാധ്യമസ്ഥാപനങ്ങളിലെ ബിസിനസ് തുടങ്ങിയപ്പോഴുമൊന്നും മലയാള സിനിമ എന്റെ ലക്ഷ്യമായിരുന്നില്ല. ദുബായില്‍ നിന്നു തിരിച്ചെത്തിയപ്പോഴാണ് അവിചാരിതമായി സിനിമ പിടിക്കാനിറങ്ങിയത്. അങ്ങനെ എങ്ങനെയോ അഭിനയത്തില്‍ ചെന്നുപെട്ടു. മങ്കിപ്പെന്നും പെരുച്ചാഴിയും ആട് ഭീകരജീവിയും ഒക്കെ എന്നിലെ നടനെ വെളിച്ചത്തുകൊണ്ടുവന്നു. പെരുച്ചാഴിയില്‍ മോഹന്‍ലാലിന്റെ കൂടെയുള്ള അഭിനയദിവസങ്ങളാണ് നടന്‍ എന്ന നിലയില്‍ എന്റെ പേടി മാറ്റിയത്.

അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ ജോസ് സിനിമയില്‍ എനിക്ക് ചെറിയൊരു വേഷമുണ്ടായിരുന്നു. അദ്ദേഹം ആ സമയത്താണ് നീന എന്ന സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. മധ്യവയസ്കനായ, കോര്‍പറേറ്റ് ലുക്ക് ഉള്ള നായകനെയായിരുന്നു അദ്ദേഹം അന്വേഷിച്ചത്. ക്യാമറാമാന്‍ ജോമോനാണ് എന്റെ പേര് നിര്‍ദേശിക്കുന്നത്.

നായകനാകുക എന്ന ഉത്തരവാദിത്തം നിര്‍മാതാവ് എന്ന നിലയില്‍ എങ്ങനെ കാണുന്നു?

എന്നെ നായകനാക്കാനുള്ള തീരുമാനം ലാല്‍ ജോസ് എടുത്ത ഭാരിച്ച ഉത്തരവാദിത്തമാണ്. നടന്‍ എന്ന നിലയില്‍ മലയാളികള്‍ എന്നെ പരിചയപ്പെട്ടുവരുന്നതേയുള്ളൂ. സിനിമ ഗൌരവമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ലാല്‍ജോസ് തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. റിലീസ് ചെയ്യുന്നതുവരെ സിനിമ ചാനലുകള്‍ക്കു വിറ്റിട്ടില്ല. ആ രീതിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് സിനിമയിലും അഭിനേതാക്കളിലും അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ഞങ്ങള്‍ തെറ്റിച്ചിട്ടില്ല എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണം നല്‍കുന്ന സൂചന.

നായകന്‍ വീണ്ടും നിര്‍മാതാവുമോ? അതോ നായകനായി തുടരുമോ?

പുതിയ സിനിമയില്‍ നായകനായി നിശ്ചയിക്കപ്പെട്ടതു മുതല്‍ ഷൂട്ടിങ് തീരുന്നതുവരെ ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിച്ചിട്ടില്ല. ലാല്‍ജോസ് അതിനു സമ്മതിച്ചിട്ടില്ല എന്നതാണു സത്യം. ഷൂട്ടിങ് സെറ്റില്‍ എനിക്കു നന്നായൊന്നു ചിരിക്കാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല. വിനയ് പണിക്കര്‍ എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയായിരുന്നു ഇത്. അതിന്റെയെല്ലാം ഫലം കാണികളുടെ അഭിനന്ദനമായി ലഭിക്കുന്നുണ്ട്. ഈ വിജയം എന്നെ ശരിക്കും പേടിപ്പിക്കുന്നുമുണ്ട്. നടന്‍ എന്ന നിലയില്‍ ഇനി കൂടുതല്‍ ഉത്തരവാദിത്തമുണ്ട്.

ലാല്‍ജോസ് എന്ന സംവിധായകനെ നെറ്റിചുളിപ്പിക്കുന്ന റോളുകളൊന്നും ഇനി ചെയ്യാന്‍ പാടില്ല. കുറെ കഥകള്‍ മുന്നിലുണ്ട്. അടുത്തമാസം ഒരു സിനിമയില്‍ അഭിനയിക്കണം. ഞങ്ങള്‍ നിര്‍മിക്കുന്ന സിനിമയുടെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും. അതില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിവുപോലെ സംവിധായകനും എഴുത്തുകാരനുമൊക്കെ പുതുമുഖങ്ങളാണ്.