മാതാപിതാക്കളെ പുച്ഛിക്കുന്നവർക്കാണ് ഈ സിനിമ: ജൂഡ്

ഒരു ചെറിയ ഇടവേളക്കു ശേഷം ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് തിരിച്ചെത്തുന്നു. ഓണക്കാലത്ത് താര ചിത്രങ്ങള്‍ക്കൊപ്പം ഒരു ന്യൂജനറേഷന്‍ മുത്തശ്ശി കഥയുമായിട്ടാണ് ജൂഡ് ,ബോക്‌സ് ഓഫിസില്‍ ഓണത്തല്ലിനു തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനു ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം തന്നെ പങ്കുവെക്കുന്നു.

ഹിറ്റായ ആദ്യ ചിത്രത്തിനു ശേഷം രണ്ടര വര്‍ഷത്തെ ഇടവേള

ഇടവേള മനഃപൂര്‍വ്വം ഉണ്ടാക്കിയതല്ല. ഓം ശാന്തി ഓശാനയ്ക്കു ശേഷമായിരുന്നു വിവാഹം. സിനിമക്കു ശേഷം കുറച്ചുകാലം കുടുംബത്തോടൊപ്പം ചെലവിട്ടു. ഈ കാലയളവിലും പല കഥകളും കേട്ടിരുന്നു. പക്ഷേ അവയൊന്നും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. നിവിന്‍ പോളി പണ്ട് പറഞ്ഞൊരു വിഷയത്തില്‍ നിന്നാണ് ഒരു മുത്തശ്ശി ഗദയുടെ കഥ രൂപപ്പെടുന്നത്. പിന്നീട് നിവിനു തന്നെ അത് സിനിമയാക്കിയാല്‍ വിജയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അതുമായി മുന്നോട്ട് പോകേണ്ടതുണ്ടോ എന്നു നിവിന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

പക്ഷേ എനിക്ക് ആ സബ്ജക്റ്റ് അന്നേ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് ഉപേക്ഷിക്കാന്‍ തോന്നിയില്ല. ഞാന്‍ സബ്ജക്റ്റ് പതുക്കെ വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങി. സമയെടുത്തു തന്നെയാണ് സ്‌ക്രിപിറ്റ് പൂര്‍ത്തിയാക്കിയത്. സ്‌ക്രിപിറ്റ് പൂര്‍ത്തിയായ ശേഷം ലാല്‍ ജോസിനെയും വിനീത് ശ്രീനിവാസനെയും കൊണ്ടു വായിപ്പിച്ചു. ഇരുവര്‍ക്കും സ്‌ക്രിപ്പറ്റ് ഇഷ്ടമായതോടെ ആത്മവിശ്വാസത്തോടെ ഞാന്‍ ചിത്രീകരണം തുടങ്ങി.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ്, വിക്രം, ചാക്കോച്ചന്‍ സിനിമകള്‍ക്കൊപ്പമാണല്ലോ മുത്തശ്ശിയുടെ മത്സരം

സിനിമ നല്ലതാണെങ്കില്‍ ഈ പറഞ്ഞ പടങ്ങളെല്ലാം ഓടും മുത്തശ്ശി ഗദയും ഓടും. കൂറെ മോശം സിനിമകളുടെ ഇടയിലൊരു സിനിമ ഇറക്കിയാല്‍ അത് വിജയിക്കുമെന്നും കൂറെ നല്ല സിനിമകളുടെ ഇടയില്‍ ഒരു സിനിമ ഇറക്കിയാല്‍ അത് പരാജയപ്പെടുമെന്നും പറയുന്നതില്‍ അര്‍ഥമില്ല.

പിന്നെ ഈ സിനിമ ഓണത്തിനു തന്നെ റിലീസ് ചെയ്യണമെന്നു എനിക്കു നിര്‍ബന്ധം ഉണ്ടായിരുന്നു. ഓണക്കാലത്താണ് കുടുംബസമേതം മലയാളി കൂടുതലും തിയറ്ററിലേക്ക് എത്തുന്നത്. അല്ലാത്ത സമയത്തൊക്കെ യുവാക്കളാണ് എപ്പോഴും പ്രധാന പ്രേക്ഷകര്‍. ഇതൊരു ഫാമിലി എന്റര്‍ടെയിനറാണ്. 45 സെന്ററിലാണ് സിനിമ റിലീസിനൊരുങ്ങുന്നത്.

നായിക പുതുമുഖമാണല്ലോ

അതെ. സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായ മുത്തശ്ശിയെ അവതരിപ്പിക്കുന്നത് രാജിനി ചാണ്ടിയെന്ന പുതുമുഖമാണ്. ഈ കഥാപാത്രത്തെ കണ്ടെത്താന്‍ വേണ്ടി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം ശ്രദ്ധയില്‍പ്പെട്ട മുത്തശ്ശി എന്റെയൊരു സുഹൃത്ത് മുഖേന അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. അതിനു ശേഷം ഞാന്‍ അവരെ വീട്ടില്‍ പോയി കണ്ടു. ഈ കഥാപാത്രം അവരുടെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ബോധ്യപ്പെട്ടു. എല്ലാതരത്തിലും അവരുടെ ആദ്യത്തെ അഭിനയവേദിയാണിത്. ഇതിനു മുമ്പ് ഒരു സ്‌കിറ്റിലോ നാടകത്തിലോ പോലും തല കാണിക്കാത്ത വ്യക്തിയാണ് അവര്‍. മലയാളികള്‍ ഇരുകയ്യും നീട്ടി ഈ കഥാപാത്രത്തെ സ്വീകരിക്കുമെന്നു തന്നെയാണ് വിശ്വാസം.

മുത്തശ്ശി ഗദ , എന്താണ് കഥ ഇഷ്ടാ...

സാധാരണ പ്രായമായവരുടെ സിനിമ എന്നു കേള്‍ക്കുമ്പോള്‍ മൊത്തത്തില്‍ ഒരു ശോക മൂഡായിരിക്കും. ഇത് അത്തരത്തിലുള്ള ഒരു സെന്റിമെന്റല്‍ തീം അല്ല. ഇതൊരു ഫുള്‍ ലെങ്ത് കോമഡി ചിത്രമായിരിക്കും. എല്ലാ തലമുറയില്‍പ്പെട്ടവരും എപ്പോഴും അവരുടെ കാലമായിരുന്നു അടിപൊളിയെന്നു പറയാന്‍ ഇഷ്ടപ്പെടുന്നവരാണ്. പഴയതലമുറയും പുതിയതലമുറയും തമ്മിലുള്ള ഇത്തരം മേനി പറച്ചിലുകളുടെ ഇടയിലുണ്ടാകുന്ന രസകരമായ ആശയ സംഘട്ടനങ്ങളിലൂടെയാണ് മുത്തശ്ശി ഗദ പുരോഗമിക്കുന്നത്. തങ്ങളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ പ്രായമായാല്‍ അവരെ പുച്ഛത്തൊടെ മാത്രം കാണുന്ന അവരെയൊരു ബാധ്യതയായി കാണുന്ന നമ്മുക്കിടയില്‍ തന്നെയുള്ള ചിലര്‍ക്കുള്ള കൊട്ട് കൂടിയാണ് ഈ സിനിമ.

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ‌സുരാജിന്റെ മറ്റൊരു ഗംഭീര വേഷമാകുമോ ഗദയിലേത്

തീര്‍ച്ചയായും. ആക്ഷന്‍ ഹീറോയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ടാണ് ഞാന്‍ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാകും ഇത്. സുരാജിനൊപ്പം ലെന, വിജയരാഘവന്‍ രമേശ് പിഷാരടി, രാജീവ് പിള്ള എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നു. ചെറുതെങ്കിലും കഥാഗതിയില്‍ നിര്‍ണായകമായൊരു റോളില്‍ വിനീത് ശ്രീനിവാസനും എത്തുന്നു. അപ്പു എന്ന പുതുമുഖത്തെയും ചിത്രം പരിചയപ്പെടുത്തുന്നു. ഷാന്‍ റഹ്മാന്‍ ഈണമിട്ട നാലു ഗാനങ്ങളും സിനിമയിലുണ്ട്.

ജൂഡിനും ഭാര്യ ഡിയാനയ്ക്കും കൂട്ടായി പുതിയൊരു അംഗം കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. വീട്ടിലെ പുതിയ അതിഥി തന്റെ കരിയറിലും ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ ഈ ഓണത്തിനു മുത്തശ്ശി ഗദയുമായി ജൂഡ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു.