നിവിൻ പറഞ്ഞ മുത്തശ്ശിക്കഥ

ഒരു പാവം മുത്തശ്ശിയും ഒരു കുശുമ്പിയായ മുത്തശ്ശിയും ഒരുമിച്ചുണ്ടെങ്കിൽ അവർക്കിടയിൽ രസകരമായ കാര്യങ്ങളുണ്ടാവുമെന്ന സിനിമാറ്റിക് ത്രഡ് ജൂഡ് ആന്റണിയോടു പറയുന്നത് നിവിൻ പോളിയാണ്.

2014ൽ തിയറ്ററുകളിൽ തകർത്തോടിയ ഓംശാന്തി ഓശാനയുടെ സംവിധായകനെത്തേടി കഴിഞ്ഞ രണ്ടുവർഷത്തിനിടെ പുതിയ സിനിമയ്ക്കുള്ള കഥകളും ഓഫറുകളും ഒട്ടേറെയെത്തി. ആ കഥയെല്ലാം കേട്ട ജൂഡിനു പക്ഷേ, മനസ്സുടക്കിയതു നിവിൻ പറഞ്ഞ ത്രെഡിലാണ്. ആ സാധ്യതകളിലൂടെ ഒരു മുത്തശ്ശിക്കഥ മെനഞ്ഞു; തിരക്കഥയും സ്വന്തം. മുത്തശ്ശിമാർ നായികരായ ആ കഥ ‘ഒരു മുത്തശ്ശിഗഥ’ ഓണപ്പടമായത് അങ്ങനെയാണ്. വമ്പൻ താരങ്ങളാരുമില്ലാത്ത, പുതുമുഖങ്ങളേറെയുള്ള, പുതുമുഖ മുത്തശ്ശിമാർ നായകരാവുന്ന സിനിമ. അത് 100% ജൂഡ് ആന്റണി എന്ന സംവിധായകന്റെ സിനിമയാണ്.

‘ഇതു രണ്ടു തലമുറകൾക്കിടയിലെ രസകരമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ഫാമിലി എന്റർടെയ്നറാണ്. ഇതിൽ സെന്റിമെൻസും സസ്പെൻസുമൊന്നുമില്ല. സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ കാണാനാഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് ഇതിലുൾപ്പെടുത്തിയത്. കുട്ടികൾക്കു മുതൽ പ്രായമായവർക്കുവരെ ആസ്വദിക്കാനാകും.’

താരരഹിത സിനിമ

ഒരു സിനിമാക്കാരൻ എന്ന നിലയിൽ എന്റെ സ്വയം വെല്ലുവിളിയാണ്. ഓംശാന്തി ഓശാന ഹിറ്റായപ്പോൾ വിജയ ഘടകങ്ങളെക്കുറിച്ചുള്ള പല വിലയിരുത്തലുകളും കണ്ടു. ചിലർ സ്ക്രിപ്റ്റ് നല്ലതാണെന്നു പറഞ്ഞു. മറ്റു ചിലർ നായകനും നായികയുമാണു വിജയ ഘടകങ്ങളെന്നു പറഞ്ഞു. പുതിയ സിനിമയെക്കുറിച്ചു ചിന്തിച്ചപ്പോൾ വലിയ താരങ്ങളൊന്നുമില്ലാതെ തന്നെ അതു വിജയിപ്പിച്ചു സ്വയം തെളിയിക്കുക എന്നത് ഒരു വാശിയും വെല്ലുവിളിയുമായി തോന്നി. താരങ്ങളില്ലാത്ത ഒരു സിനിമയുടെ മാർക്കറ്റിങ് തന്നെ പ്രശ്നമാണ്. ടിവി സംപ്രേഷണത്തിനുള്ള സാറ്റലൈറ്റ് റൈറ്റും മുൻകൂട്ടി കിട്ടില്ല. ഇതെല്ലാം അറിഞ്ഞിട്ടും കൂടെ നിന്ന മുകേഷ് ആർ.മേത്ത എന്ന നിർമാതാവിനെക്കിട്ടി എന്നതാണു ഭാഗ്യമായത്. സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, ലെന, രാജീവ് പിള്ള, പിഷാരടി തുടങ്ങി കുറച്ചുപേർ മാത്രമാണു പരിചയ സമ്പന്നരായ താരങ്ങൾ. എന്നാൽ ഇവരൊന്നും മുഖ്യ വേഷങ്ങളിലില്ല. പ്രധാന വേഷങ്ങളിൽ മുത്തശ്ശിമാരാണ്. ആലുവ സ്വദേശി പുതുമുഖമായ രാജിനി ചാണ്ടിയും ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും അവതരിപ്പിക്കുന്ന മുത്തശ്ശിമാരാണ് ഈ സിനിമയിലെ താരങ്ങൾ. പിന്നെ പ്രധാന വേഷത്തിലുള്ളത് എന്റെ സഹപാഠികൂടിയായ അപ്പുവാണ്. ഓംശാന്തി ഓശാനയിൽ എസ്ഐയുടെ വേഷത്തിൽ ചെറിയൊരു റോളിൽ അപ്പുവുണ്ടായിരുന്നു.

പുതുമുഖ മേളം

ഇതിൽ പത്തുപതിനഞ്ചു മുത്തശ്ശിമാരെ വേണ്ടിയിരുന്നു. ഓഡിഷനിലൂടെയാണു രാജിനി ചാണ്ടി അടക്കം എല്ലാവരെയും കണ്ടെത്തിയത്. വേറെയും പുതുമുഖങ്ങളുണ്ട്. ഇവരെ അഭിനയിപ്പിക്കുക എന്ന രസകരമായ വെല്ലുവിളിയായിരുന്നു. വിചാരിച്ചപോലെ വലിയ ബുദ്ധിമുട്ടുണ്ടായില്ല. 43 ദിവസം കൊണ്ടാണു സിനിമ പൂർത്തിയാക്കിയത്. കോട്ടയത്തും മൂന്നാറുമായിരുന്നു ഷൂട്ടിങ്. 2.70 കോടി രൂപയ്ക്കു പൂർത്തിയാക്കാനായി. ആദ്യം കണക്കുകൂട്ടിയതിലും കുറവാണത്. ഓം ശാന്തി ഓശാനയും ഇതേ ബജറ്റിലാണു രണ്ടര വർഷം മുൻപു പൂർത്തിയാക്കിയത്.

സംതൃപ്ത ക്ലൈമാക്സ്

ഈ സിനിമയുടെ എഴുത്തു തുടങ്ങുമ്പോൾപ്പോലും ക്ലൈമാക്സിനെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല. പിന്നീടു വീണുകിട്ടിയ ഒരു സംഗതി ക്ലൈമാക്സായി മാറി. എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്നതാണ് ആ ക്ലൈമാക്സ്. എല്ലാവർക്കും ഉൾക്കൊള്ളാവുന്ന വൈകാരികമായ ഒരു സ്പർശമുണ്ടതിൽ.

ഇനിയൊരു സിനിമ ചെയ്തില്ലെങ്കിൽപ്പോലും ഞാൻ സംതൃപ്തനാണ്. ഈ സിനിമ ഓടുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഞാൻ ആശങ്കപ്പെട്ടിരുന്നില്ല. എന്റെ മനസ്സറിഞ്ഞൊരു സിനിമ ചെയ്തു എന്നേയുള്ളൂ. അത് ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരോടും പറഞ്ഞിരുന്നു. മുകേഷ് ആർ.മേത്ത ഒരു സിനിമ ചെയ്യാമോ എന്ന ചോദ്യവുമായി തേടി വരികയായിരുന്നു. കഥ പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു.

ഓണത്തിനു വൻ താര ചിത്രങ്ങൾക്കിടെ ഈ കൊച്ചു സിനിമ റിലീസ് ചെയ്യണോ എന്ന ആശങ്ക ഒരു ഘട്ടത്തിൽ അദ്ദേഹത്തിനുമുണ്ടായിരുന്നു. എന്നാൽ പ്രിവ്യു കണ്ടു കഴി‍ഞ്ഞ് അദ്ദേഹം തന്നെയാണ് ഈ സിനിമ ഓണത്തിനു തന്നെ റിലീസ് ചെയ്യണമെന്നു തീരുമാനിച്ചത്.

ഓൺലൈൻ ശത്രുക്കൾ പാരയാകുമോ?

ഫെയ്സ്ബുക്കിലൊക്കെ പലപ്പോഴും പല വിഷയങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടു രൂക്ഷമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്റെ സിനിമ വരുമ്പോൾ പ്രതീക്ഷയോടെ പിന്തുണയ്ക്കുന്ന നിരവധിപ്പേർക്കൊപ്പം വലിച്ചുകീറി ഒട്ടിക്കാൻ തയാറായിരിക്കുന്ന ശത്രുക്കളും ഉണ്ടാവും എന്നറിയാം. എന്നാൽ ട്രെയ്‌ലറും പാട്ടും ഇറങ്ങിയതോടെ ആ ആശങ്ക അകന്നിട്ടുണ്ട്. നല്ല പ്രതികരണമാണു ലഭിക്കുന്നത്. അജു വർഗീസിനു വേണ്ടി ഒരു കഥാപാത്രത്തെ എഴുതിയിരുന്നെങ്കിലും അജുവിനു മറ്റു സിനിമകളുടെ തിരക്കുമൂലം അഭിനയിക്കാനായില്ല.
ആ വിഷമം തീർക്കാനാണ് അജു തന്നെ അക്കാര്യം വ്യക്തമാക്കുന്ന രീതിയിൽ ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയത്. അതും ക്ലിക്കായി. ഓൺലൈൻ പകവീട്ടലിനെയൊന്നും ഭയക്കുന്നില്ല. ആത്യന്തികമായി ഞാൻ ചെയ്യുന്ന സിനിമ നല്ലതാണെങ്കിൽ ജനം സ്വീകരിക്കും.