മഞ്ജുവിന്റെ കരച്ചിലും അച്ഛന്റെ വിയർപ്പുതുള്ളികളും

മലയാള സിനിമയുടെ സെന്റർകോർട്ടിൽ തന്നെ കനത്ത സ്മാഷുമായാണു മഞ്ജു വാര്യർ മടങ്ങിവന്നത്. അതുയർത്തിയ പൊടിപടലങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. നായക കേന്ദ്രീകൃതമായ സിനിമയുടെ രീതിശാസ്ത്രങ്ങൾ മഞ്ജുവിനുവേണ്ടി മാറ്റിയെഴുതി. എങ്കിലും സിനിമയുടെ പിന്നാലെ തിരക്കിട്ടോടാൻ മഞ്ജുവില്ല. തിരയുടെ ഒഴുക്കിൽനിന്ന് നാടകമെന്ന അരുവിയിലേക്ക് ഒരു കാലൂന്നൽ.

നല്ല കഥകൾ... വ്യത്യസ്തമായ കഥാപാത്രങ്ങൾ... അവയ്ക്കുവേണ്ടി എത്ര കാത്തിരിക്കാനും മഞ്ജു റെഡി. റമസാന് തിയറ്ററുകളിലെത്തുന്ന ദീപു കരുണാകരന്റെ ‘കരിങ്കുന്നം സിക്സസി’ൽ അപ്രതീക്ഷിതമായൊരു വേഷവുമായി മഞ്ജുവാര്യർ എത്തുന്നു. വോളിബോൾ പരിശീലകയുടെ വേഷത്തിൽ സ്പോർട്സ് ട്രാക്കിലെത്തുകയാണു താരം.

∙വോളിബോൾ അത്ര അനായാസമാണോ?

ഒരിക്കലുമല്ല. മികച്ചൊരു ടീം ഗെയിമാണ് വോളിബോൾ. അതീവ ജാഗ്രതയും അർപ്പണവും ആക്രമണോൽസുകതയുമെല്ലാം വേണ്ടിവരുന്ന കളി. എനിക്ക് വോളിബോൾ തികച്ചും പുതുമയായിരുന്നു. സിനിമയ്ക്കു മുൻപായി പതിനഞ്ചു ദിവസത്തെ ഒരു പ്രാക്ടീസ് സെഷൻ ഒരുക്കിയിരുന്നു. മുൻ ദേശീയ പരിശീലകൻ ഹരിലാൽ ആണ് ഞങ്ങളെ പരിശീലിപ്പിച്ചത്. വനിതാ കോച്ചായ വന്ദനയുടെ വേഷമാണ് എനിക്ക്. ഒരു കോച്ച് കോർട്ടിൽ എങ്ങനെ പെരുമാറണം. വോളിബോളിൽ പരിശീലകൻ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളെന്തൊക്കെ എന്നൊക്കെയാണു കൂടുതലും പരിശീലിച്ചത്.

പുരുഷൻമാരുടെ ജയിലിലെ ടീമിനെ പരിശീലിപ്പിക്കാൻ എത്തുന്ന വനിതാ കോച്ചാണ് ഞാനീ ചിത്രത്തിൽ. വലിയൊരു ടീം സ്പിരിറ്റിന്റെ കഥ കൂടിയാണിത്. ബാബുവേട്ടൻ (ബാബു ആന്റണി), സുധീർ കരമന, ബൈജു തുടങ്ങിയവർക്കൊപ്പം ഞാനാദ്യമായാണ് വർക്ക് ചെയ്യുന്നത്. ഇവരെല്ലാം ടീം അംഗങ്ങളാണ്.

∙ജയിൽ ജീവിതം അടുത്തു കണ്ടപ്പോൾ?

ജയിൽ എനിക്കു സിനിമയിൽ കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഷൂട്ടിങ്ങിനായി പോകുമ്പോൾ ആദ്യമൊന്നമ്പരന്നു. ജയിലിന്റെ ‘റ’ പോലുള്ള മരവാതിൽ വലിയ ശബ്ദത്തോടെ തുറന്നപ്പോൾ നെഞ്ചൊന്നു പിടച്ചു. ജയിലിനുള്ളിൽ എത്രയോ മനുഷ്യർ. എല്ലാവർക്കും പറയാൻ എത്രയോ കഥകളുണ്ടാകും. അവരങ്ങനെ ജോലി ചെയ്യാനും മറ്റും നിരനിരയായി പോകുന്നു. ചിലർക്കു നമ്മളെ ഫെയ്സ് ചെയ്യാനൊരു മടിയുള്ളതുപോലെ. ചിലർ സിനിമ കാണുന്നവരും പുസ്തകം വായിക്കുന്നവരുമൊക്കെയാണ്. എങ്കിലും വേദനയുടെ ഒരു കരിമ്പടം എല്ലാവരെയും മൂടി നിൽക്കുന്നതുപോലെ തോന്നും. സത്യത്തിൽ ആ ജയിൽവളപ്പിനുള്ളിൽ ഞാൻ കയറി ചുറ്റും നോക്കുമ്പോൾ ഞാൻ മാത്രമായിരുന്നു അവിടെയുണ്ടായിരുന്ന ഏക സ്ത്രീ.

∙ മുൻനിര നായകൻമാർ മാത്രമുണ്ടായിരുന്ന സാറ്റലൈറ്റ് വിപണിയിൽ മഞ്ജുവും താരമായല്ലോ ?

സാറ്റലൈറ്റ് നിരക്ക് സിനിമയുടെ വാണിജ്യവിജയത്തിലെ പ്രധാന ഘടകമാണ്.നായകൻമാർക്കൊപ്പം നമ്മുടെ പേരും ഉണ്ട് എന്നു കേൾക്കുന്നത് സന്തോഷകരമാണ്. എന്നാൽ അതൊന്നും ഞാനത്ര ഉള്ളിലേക്ക് എടുത്തിട്ടില്ല. നമ്മുടെ സിനിമ കൂടുതൽ ആളുകൾ കാണണം എന്നു തന്നെയാണഗ്രഹം.തിരക്കുപിടിച്ചു സിനിമകൾ ചെയ്യേണ്ട എന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. ബംഗാളിൽ നിന്നും മറാത്തിയിൽ നിന്നും വരെ ക്ഷണമുണ്ടായി. അന്യഭാഷയിലേക്കു പോകുമ്പോൾ നല്ലൊരു പ്രോജക്ടിന്റെ ഭാഗമാകണം എന്നുണ്ട്. മിക്കവാറും ഈ വർഷം അത്തരമൊരു തീരുമാനമുണ്ടാകും.

∙അച്ഛനെക്കുറിച്ചു പറയുമ്പോൾ മഞ്ജു കരയുന്ന വിഡിയോ വൈറലായല്ലോ?

സമുദ്രക്കനി അദ്ദേഹത്തിന്റെ അപ്പാ എന്ന സിനിമയുടെ പ്രമോഷനുവേണ്ടി അച്ഛനെക്കുറിച്ചു പറയുന്ന ഒരു വിഡിയോ അയച്ചുതരണമെന്നാവശ്യപ്പെടുകയുണ്ടായി. സിനിമയെക്കുറിച്ച് ഒന്നും പറയണ്ട അച്ഛനെക്കുറിച്ചു പറഞ്ഞാൽ മതിയെന്നു പറഞ്ഞു.

നാഗർകോവിലെ കൊച്ചുവീട്ടിൽ ജോലികഴിഞ്ഞ് ബൈക്കിൽ അച്ഛൻ വരുന്നതും കാത്ത് ഗേറ്റിൽ പിടിച്ചു നിൽക്കുന്ന എന്റെ കുട്ടിക്കാലമാണു ഞാനോർത്തത്. എല്ലാ വളർച്ചയിലും പ്രതിസന്ധിയിലും അച്ഛൻ ഒപ്പം നിന്നു. അച്ഛന്റെ വിയർപ്പുതുള്ളികൾ കൊണ്ടു കോർത്തതാണ് എന്റെ ചിലങ്കയെന്നു ഞാൻ പറഞ്ഞത് അത്രയും തീഷ്ണമായ അനുഭവത്തിൽനിന്നു തന്നെയാണ്.