Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനു മോഹൻലാലിന്റെ വില്ലനാകാൻ മടിക്കുന്നു? മറുപടിയുമായി റഹ്മാൻ

actor-rahman-pod

ഒരുപാടു ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണു റഹ്മാൻ വരുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായി നിൽക്കുമ്പോഴും മലയാള സിനിമകളിൽ വലിയ ഇടവേളകൾ വരുന്നത് എന്തുകൊണ്ടാണെന്നതാണ് ആ ചോദ്യങ്ങളിലൊന്ന്. കുറെ വർഷങ്ങളായി സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിതെന്നു റഹ്മാൻ പറയുന്നു. അതിനുള്ള പല മറുപടികളിലൊന്നാണു ‘മറുപടി’ എന്ന ചിത്രം. വി.എം. വിനു സംവിധാനം ചെയ്യുന്ന ഈ കുടുംബ ചിത്രത്തിൽ റഹ്മാനാണു നായകൻ. ഭാമ നായികയാവുന്ന ചിത്രം ഡിസംബർ ഒൻപതിനു തിയറ്ററുകളിലെത്തും.

എങ്ങനെയാണു ‘മറുപടി’ ഒരു മറുപടിയാകുന്നത്?

മുംൈബ പൊലീസിനും ലാവൻഡറിനും ശേഷം വലിയ ഇടവേള വന്നു. എന്തുകൊണ്ടാണത് എന്നു പലരും ചോദിക്കാറുണ്ട്. ആ ചോദ്യത്തിനാണു ‘മറുപടി’. നല്ല സിനിമയിലെ നല്ല വേഷം. വി.എം. വിനു ഒരുക്കിയ നല്ലൊരു കുടുംബചിത്രമാണിത്. ജുലൈന അഷറഫ് എന്നൊരു വീട്ടമ്മയാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നല്ല പാട്ടുകളും മികച്ച കഥാസന്ദർഭങ്ങളുമുള്ള സിനിമ. ഞാൻ കാത്തിരിക്കുന്നതും ഇത്തരം വേഷങ്ങളാണ്. അതുകൊണ്ടാണ് ഇടവേള വന്നുപോകുന്നത്.

rahman-bhama

തമിഴിൽ ജ്യോതികയുടെ നായകനായി ‘36 വയതിനിലെ’ എന്ന ചിത്രത്തിൽ കണ്ടല്ലോ?

അതു മറ്റൊരു മറുപടി. കാരണം, അത്തരം നല്ല വേഷങ്ങൾ എനിക്ക് ഇപ്പോഴും തമിഴിൽ കിട്ടുന്നുണ്ട്. ‘ഹൗ ഓൾഡ് ആർ യു’വിന്റെ തമിഴ് പതിപ്പായിരുന്നു അത്. ജ്യോതികയുടെ തിരിച്ചുവരവു തമിഴ് സിനിമാപ്രേക്ഷകർ ആഘോഷമാക്കി. വൻവിജയം ചിത്രം നേടി. മുംബൈ പൊലീസിനു പിന്നാലെ റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു ചിത്രത്തിൽ കൂടി നായക വേഷത്തിലെത്തിയതിന്റെ സന്തോഷം എനിക്കും. ‘കാക്കമുട്ടൈ’യുടെ സംവിധായകനായ എം. മണികണ്ഠന്റെ ‘കുട്രമേ ദണ്ഡനൈ’യാണ് ഈ വർഷം ചെയ്ത മറ്റൊരു നല്ല വേഷം.

Marupadi Official Trailer | Rahman,Bhama & Baby Nayantara | Directed by V.M Vinu

തെലുങ്കിൽ നെഗറ്റീവ് ടച്ചുള്ള വേഷങ്ങളിൽ കാണാം. മലയാളത്തിൽ അത്തരം വേഷങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നു. സിനിമയ്ക്ക് ഇപ്പോൾ ഇത്തരം അതിർവരമ്പുകളുണ്ടോ?

തെലുങ്കിൽ ഒരു സിനിമയിൽ വില്ലനായി അഭിനയിച്ചാൽ അത് ഇവിടെ ആരുമറിയില്ല എന്നൊന്നും കരുതിയിട്ടല്ല. മലയാളത്തോടു വേറൊരു സമീപനമാണ് എനിക്ക്. മലയാളം എന്റെ മാതൃഭാഷയല്ലേ. അപ്പോൾ അമ്മയോടുള്ള പോലൊരു പ്രത്യേക ഇഷ്ടം ഉണ്ടാവില്ലേ? അത്രമാത്രം. ഇതുവരെ മലയാളത്തിൽ ഒരു നെഗറ്റീവ് വേഷം ചെയ്തിട്ടില്ല. അത് അങ്ങനെ തന്നെ തുടരുന്നതാണു നല്ലതെന്നു തോന്നി.

rahman-lal

ഇടയ്ക്ക് ഒരു മോഹൻലാൽ ചിത്രത്തിൽ നെഗറ്റീവ് റോൾ വേണ്ടെന്നു വച്ചതായി കേട്ടു. ‘പൂമുഖപ്പടിയിൽ നിന്നെയും കാത്ത്’ എന്ന ചിത്രത്തിൽ മോഹൻലാൽ താങ്കളുടെ വില്ലനായിരുന്നു. പിന്നെയെന്തിനു മോഹൻലാലിന്റെ വില്ലനാകാൻ മടിക്കുന്നു?

മമ്മൂക്കയ്ക്കും ലാലിനുമൊക്കെയൊപ്പം ചെറിയ വേഷങ്ങളിൽ ഞാനഭിനയിച്ചിട്ടുണ്ട്. എന്റെ ചിത്രങ്ങളിൽ അവരും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതൊക്കെ വേറൊരു കാലം. ഇപ്പോൾ അങ്ങനെയല്ല. പ്രാധാന്യമുള്ള, ഉൾകാമ്പുള്ള നല്ല വേഷങ്ങളാണു ഞാൻ മലയാളത്തിൽ നിന്ന് ആഗ്രഹിക്കുന്നത്. ഓടിനടന്ന് എല്ലാ റോളുകളും കയറി അഭിനയിക്കേണ്ട കാര്യമിപ്പോളില്ല. അതിന്റെ ആവശ്യവുമില്ല.

22 വയസ്സുകാരൻ സംവിധായകനായ സിനിമയെപ്പറ്റി കേട്ടല്ലോ?

‘ധ്രുവങ്കൾ 16’ എന്നാണു സിനിമയുടെ പേര്. തമിഴിൽ ഞാൻ ചെയ്ത വളരെ വ്യത്യസ്തമായ ഒരു വേഷമാണത്. കാർത്തിക് നരേൻ എന്ന 22 വയസ്സുകാരനാണു സംവിധായകൻ. എന്റെയടുത്തു കഥ പറയാനെത്തുമ്പോൾ 20 വയസ്സാണു പ്രായം. ആദ്യം ഞാനത്ര ഗൗരവമായി എടുത്തില്ല. പക്ഷേ, സിനിമയുടെ ഉള്ളിലേക്കു കടന്നപ്പോഴാണു സംഗതി വേറൊരു ലെവലാണെന്നു തിരിച്ചറിഞ്ഞത്. പടം കണ്ടുകഴിഞ്ഞപ്പോൾ ആ ലെവൽ പിന്നെയും ഉയർന്നു. ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.  

Your Rating: