കിസ്മത്ത് ഒരു വർഷത്തോളം പെട്ടിയിൽ കിടന്ന സിനിമ

‘കിസ്മത്ത് പ്രണയ ചിത്രമല്ല, ഇർഫാൻ എന്ന ഇരുപത്തിമൂന്നുകാരനും അനിത എന്ന ഇരുപത്തെട്ടുകാരിയും പ്രണയിച്ചതിനു ശേഷം ഒന്നിച്ചു ജീവിക്കാൻ എടുത്ത തീരുമാനമാണ് ഈ സിനിമ. മതവും ജാതിയും പ്രായവും നോക്കാതെ പ്രണയിച്ച രണ്ടുപേർ ജീവിതത്തിൽ ഒന്നിക്കാൻ വേണ്ടി പൊന്നാനി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയപ്പോൾ ഞാനുമുണ്ടായിരുന്നു അവിടെ. എന്റെ കൺമുന്നിൽ നടന്നൊരു സംഭവം സിനിമയാക്കുകയായിരുന്നു.’ ചിത്രീകരണം പൂർത്തിയാക്കി ഒരു വർഷത്തോളം പെട്ടിയിൽ കിടന്ന സിനിമയാണിത്. ഷാനവാസ് ബാവക്കുട്ടി എന്ന സംവിധായകന്റെ ആദ്യ ചിത്രം. ഷാനവാസ് സംസാരിക്കുന്നു.

ഷാനവാസ് എന്ന മുനിസിപ്പൽ കൗൺസിലർ

2005 മുതൽ 2015 വരെ പൊന്നാനി മുനിസിപ്പൽ കൗൺസിലറായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയവും പൊതുപ്രവർത്തനവുമായി നടക്കുമ്പോഴും സിനിമ ഉള്ളിലുണ്ടായിരുന്നു. അഭിനയിക്കാനായിരുന്നു ആഗ്രഹം. സുഹൃത്തുക്കളുടെ ചില ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ കാര്യം പിടികിട്ടി. അഭിനയം നമുക്കു പറഞ്ഞ പണിയല്ല. അതോടെ ആ ആഗ്രഹം അവസാനിപ്പിച്ചു.
ഈ സമയത്താണു രാജീവ് രവിയുടെ ഫഹദ് ഫാസിൽ നായകനായ ‘അന്നയും റസൂലും’ തിയറ്ററിലെത്തുന്നത്. ചിത്രം കണ്ടതോടെ എന്റെ കാഴ്ചപ്പാടാകെ മാറി. രാജീവ് രവിയുടെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. അങ്ങനെ ആ സൗഹൃദം വളർന്നു. ഇതിനിടെ ‘കണ്ണേറ്’ എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. അതു രാജീവിനെ കാണിച്ചു. സിനിമ ചെയ്യാനുള്ള ആഗ്രഹം പറഞ്ഞു. കഥയെന്തെങ്കിലും ഉണ്ടോയെന്നു ചോദിച്ചു. എന്റെ മനസ്സിലുള്ള സംഭവം അതേപോലെ വിവരിച്ചു. അതുകേട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് ചിത്രം നിർമിക്കാമെന്ന് ഉറപ്പുതന്നു.

പൊന്നാനി പൊലീസ് സ്റ്റേഷനിലെ ആ സംഭവം

പൊന്നാനിയിലെ കൗൺസിലറായ സമയത്തു ജനകീയ പ്രശ്നങ്ങളിൽ. 2011–ലെ ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ ചെന്നതു വിചിത്രമായൊരു പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞായിരുന്നു. ഇരുപത്തിമൂന്നുകാരനും ഇരുപത്തെട്ടുകാരിയും തമ്മിലുള്ള മതാതീത പ്രണയം. മതത്തിന്റെയും പ്രായത്തിന്റെയുമെല്ലാം വേലിക്കെട്ടു തകർത്തെറിഞ്ഞ അവർ ഒന്നിച്ചു ജീവിക്കാൻ സംരക്ഷണം തേടിയാണു പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രണയിച്ചതിനു ശേഷമുള്ള സംഭവങ്ങൾ. അവിടെ മുതലാണു ഞാൻ അവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.

ഈയൊരു വിഷയം സിനിമയാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണു രാജീവ് രവിയോടു കഥ പറഞ്ഞത്. അദ്ദേഹം പ്രോൽസാഹിപ്പിച്ചതോടെ തിരക്കഥ എഴുതാൻ തുടങ്ങി. അതുവരെ ഒരു ചെറുകഥ പോലും എഴുതാത്ത ഞാൻ സിനിമയ്ക്കു തിരക്കഥ എഴുതിത്തുടങ്ങി. എനിക്കറിയുന്ന കാര്യങ്ങൾ ക്രമത്തിൽ എഴുതി. സുഹൃത്തും കൗൺസിലറുമായ ഷൈലജ മണികണ്ഠൻ നിർമാണത്തിൽ പങ്കാളിയായി.

സിനിമ അക്കാദമിക്കായി പഠിച്ചില്ലെന്നു പറഞ്ഞല്ലോ. ഷൂട്ടിങ് പോലും കണ്ടിട്ടില്ലായിരുന്നു. മാമൂലുകളിൽ പെട്ടുപോകാതെ മനസ്സിലുള്ളത് അതേപോലെ ചെയ്യാൻ രാജീവ് രവി ധൈര്യം തന്നു.
നടനും മിമിക്രി താരവുമായ അബിയുടെ മകൻ ഷെയ്ൻ നിഗമിനെ നായകനാക്കാമെന്നു രാജീവേട്ടനാണു പറഞ്ഞത്. അന്നയും റസൂലും എന്ന ചിത്രത്തിൽ അന്നയുടെ സഹോദരനായി ഷെയ്ൻ അഭിനയിച്ചിരുന്നു. മുംബൈയിൽ വളർന്ന ശ്രുതി മേനോൻ നായികയായി. ചിത്രീകരണം വളരെ പെട്ടെന്നു കഴിഞ്ഞു.

പിന്നീടാണു യഥാർഥ പ്രശ്നങ്ങൾ തുടങ്ങിയത്. സിനിമ റിലീസ് ചെയ്യാൻ നോക്കിയപ്പോൾ വിതരണക്കാർ പലതരം പ്രശ്നങ്ങൾ പറഞ്ഞു. താരപ്പകിട്ടില്ലാത്ത ചിത്രം വിതരണത്തിനെടുക്കാൻ ആരും തയാറായില്ല. മാനസികമായി തകർന്നുപോയ സമയമായിരുന്നു. രാജീവ് രവിയാണു ലാൽജോസിനോടു ചിത്രത്തെക്കുറിച്ചു പറയുന്നത്. എൽജെ ഫിലിംസിന്റെ ഈ വർഷത്തെ ഷെഡ്യൂൾ തയാറായിക്കഴിഞ്ഞെന്നു സിനിമ കാണുന്നതിനു മുൻപു ലാൽജോസ് സൂചിപ്പിച്ചിരുന്നു. എന്നാൽ സിനിമ കണ്ടതും എൽജെ ഫിലിംസ് ചിത്രം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ തന്നെ രാഷ്ട്രീയം

മുഴുവൻ സമയ സിനിമക്കാരനാകാനൊന്നും ഞാനില്ല. രാഷ്ട്രീയം ഉപേക്ഷിക്കുകയുമില്ല. എന്റെ സിനിമ എന്റെ രാഷ്ട്രീയം തന്നെയാണ്. കിസ്മത്തിൽ പറയുന്ന വിഷയം നമ്മുടെ നാട്ടിൽ എവിടെ വേണമെങ്കിലും നടക്കാവുന്നതാണ്. ഇത്തരം വിഷയങ്ങളിൽ സമൂഹം എങ്ങനെ നിലപാടെടുക്കണമെന്നാണു ഞാൻ പറഞ്ഞത്. സിനിമ കണ്ടപ്പോൾ ലാൽജോസ് പറഞ്ഞത് ഇത്തരം ചിത്രങ്ങൾ ആളുകൾ കാണാതെ പോകരുതെന്നായിരുന്നു. രാജീവ് രവിയുടെയും ലാൽജോസിന്റെയും പൂർണ പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണു കിസ്മത്ത് സിനിമയായത്.