Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ വീണ്ടും സന്തോഷം കൊണ്ടുവന്ന സിനിമ: ഷൈൻ

shine

പ്രതിസന്ധികളെ അതിജീവിച്ച് കമ്മട്ടിപാടത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. കമ്മട്ടിപാടത്തിലെ ജോണി എന്ന കഥാപാത്രം ഷൈൻ ടോമിന്റെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രം കൂടിയായിരിക്കുകയാണ്. ജോണിയെക്കുറിച്ചും പ്രതിസന്ധികളെ തരണം ചെയ്തുള്ള തിരിച്ചുവരവിനെക്കുറിച്ചും ഷൈൻ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

രാജീവ് രവിയോടൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് കമ്മട്ടിപാടം. രണ്ടാമത്തെ ചിത്രത്തിലെത്തിയപ്പോൾ ഷൈനിന് തോന്നിയ മാറ്റങ്ങൾ എന്തെല്ലാമാണ്?

ആദ്യ സിനിമ അന്നയും റസൂലിലും തോന്നിയ അതേ കംഫർട്ട് തന്നെയാണ് ഇത്തവണയും അനുഭവിച്ചത്. ഒരു ചേട്ടനോടുള്ള അടുപ്പം രാജീവേട്ടനോടുണ്ട്. രാജീവേട്ടൻ വളരെയധികം കൂൾ ആൻഡ് കോൺഫിഡന്റായ സംവിധായകനാണ്. എന്താണ് വേണ്ടതെന്നും വേണ്ടാത്തത് എന്നും അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് ഓരോ ആർട്ടിസ്റ്റിനും പെർഫോം ചെയ്യാനുള്ള കൃത്യമായ സ്പേസ് രാജീവേട്ടൻ തരാറുണ്ട്.

അന്നയും റസൂലിലെ അബുവിൽ നിന്നും ജോണിയിലെത്തുമ്പോഴുള്ള മാറ്റം വിശദീകരിക്കാമോ?

അബു എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പ്രതികരിക്കുന്ന കഥാപാത്രമാണ്. വേഗം പൊട്ടിത്തെറിക്കുന്ന മട്ടാഞ്ചേരിക്കാരനാണ് അബു. എന്നാൽ ജോണി അങ്ങനെയല്ല. ജോണി പക്ഷെ അധികം സംസാരിക്കില്ല, എന്നാൽ ഉള്ളിൽ പ്രതികരണ മനോഭാവമുണ്ട്താനും. രാജീവേട്ടന്റെ സിനിമകളിലെ മറ്റൊരു പ്രത്യേകത ആരെയും വില്ലനായും നായകനായുമൊന്നും ചിത്രീകരിക്കില്ല. എല്ലാവരിലും നന്മയുമുണ്ട് തിന്മയുമുണ്ട്. നിലനിൽപ്പിന് പോരാടുന്നവരാണ് ഓരോ കഥാപാത്രവും. സ്റ്റീഫ് ലോപ്പസിലും ഈയൊരു പ്രത്യേകത കാണാം. പ്രേക്ഷകരാണ് തീരുമാനിക്കുന്നത് രാജീവ് രവി സിനിമകളിലെ വില്ലനേയും നായകനേയും. ജോണി അധികനേരമൊന്നും പടത്തിലില്ല, പക്ഷെ അയാളുടെ അഭാവത്തിലും അയാളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കൃത്യമായി പ്രേക്ഷകന് മനസ്സിലാകും. രണ്ടു ഗെറ്റപ്പിലാണ് ജോണി എത്തുന്നത്. അബുവിൽ നിന്നും വ്യത്യസ്തമായ ലുക്കാണ് ജോണിക്കുള്ളത്. ജോണിയാകാൻ വേണ്ടി കുറച്ച് തടിയൊക്കെവച്ചു.

kammattipadam-puthanpadam-ktm

കമ്മട്ടിപാടത്തിന് സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് കൊടുത്തതിനെക്കുറിച്ച്?

സെൻസർ ബോർഡ് ചെയ്തത് നല്ലൊരു കാര്യമാണ്. ആൽഫബെറ്റിലെ നല്ല അക്ഷരമാണ് എ. എ എന്നുവെച്ചാൽ എ ക്ലാസ് എ ഗ്രേഡ് എന്നൊക്കെയാണ്. ഇത്രയും കാലം എ എന്ന ലെറ്ററിനെ മോശം ലെറ്ററായിട്ടാണ് കാണിച്ചിരുന്നത്. കമ്മട്ടിപാടം വഴി എ എന്ന ലെറ്റർ നന്നായി. കുട്ടികളൊക്കെ കണ്ടിരിക്കേണ്ട ചിത്രമാണ് കമ്മട്ടിപാടം. ലോകത്ത് എല്ലായിടത്തും ഇത്തരം അതിജീവനത്തിന്റെ കഥകളുണ്ട്. കമ്മട്ടിപാടം കൊച്ചി നഗരത്തിന്റെ മാത്രം കഥയല്ല.

കമ്മട്ടിപാടം ഷൈൻടോം എന്ന നടൻ അതിജീവനത്തിന്റെ പാത തുറന്നു തന്ന സിനിമയാണോ?

നമ്മളെക്കുറിച്ച് മോശം വാർത്തകൾ വന്നതിൽ നിന്നും നല്ലൊരു മാറ്റം തരാൻ ജോണിക്ക് സാധിച്ചിട്ടുണ്ട്. ഒരുപാട് പേര് വിളിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുന്നത് സന്തോഷം തരുന്നുണ്ട്. ഇത് നമ്മുടെ ഇനിയുള്ള അഭിനയജീവിതത്തിലും നല്ലത് ചെയ്യാൻ പ്രേരിപ്പിക്കും. എന്റെ ജീവിതത്തിൽ വീണ്ടും സന്തോഷം കൊണ്ടുതന്ന സിനിമയാണ് കമ്മട്ടിപാടം. പിന്നെ ഒരു നടനെന്ന രീതിയിൽ അത്യാവശ്യം റീച്ച് കിട്ടിയ കഥാപാത്രം കൂടിയാണ് ജോണി. രാജീവേട്ടന്റെ സിനിമയിൽ അഭിനയിച്ചതിലൂടെ ഒരുപാട് പേർ കൂടുതലായി തിരിച്ചറിയുന്നുണ്ട്.

shine-tom

എങ്ങനെയായിരുന്നു ഷൈൻ അപ്രതീക്ഷിതമായി കടന്നുവന്ന പ്രതിസന്ധികളെ നേരിട്ടത്?

നമുക്ക് അറിയാമല്ലോ നമ്മൾ എന്താണെന്ന്. ആര് എന്ത് പറഞ്ഞാലും അതെല്ലാം അവരുടെ വാക്കുകളാണ്. അതൊന്നുമായിരിക്കണമെന്നില്ല ഞാൻ. അത് ബോധ്യമുള്ളിടത്തോളം കാലം ഇത്തരം കാര്യങ്ങളൊന്നും ബാധിക്കില്ല. ബാധിച്ചാലും അതിന്റെ ആഘാതം കുറവായിരിക്കും.

ആഷിക്ക് അബുവുമായുള്ള സൗഹൃദം പ്രതിസന്ധിയെ നേരിടാൻ സഹായിച്ചിരുന്നോ?

ആഷിക്കുമായിട്ടും എന്റെ വീട്ടുകാരുമായിട്ടുമൊക്കെയുള്ള സൗഹൃദവും അടുപ്പവുമൊക്കെ പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ചിട്ടുണ്ട്. ഒരു പരിധിയിൽ കൂടുതൽ തിരിച്ചുവരാൻ സാധിച്ചത് ഇത്തരം സൗഹൃദങ്ങളാണ്. വാർത്തകളിൽ നിറഞ്ഞുനിന്ന ഒരാൾ തിരിച്ചുവരുമ്പോൾ ആർക്കുവേണമെങ്കിലും തിരിഞ്ഞുനോക്കാതെയിരിക്കാം. അയാളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആളുകളെയും വാർത്തകൾ ബാധിക്കാം. എന്നാൽ അതൊന്നും വകവെയ്ക്കാതെ എന്നെ സപ്പോർട്ട് ചെയിതിട്ടുണ്ട്.
 

Your Rating: