ഒഴിവു ദിവസത്തെ കളി ചരിത്രമാകും: ഉണ്ണി ആർ

ഉണ്ണി ആർ

‘ഒഴിവു ദിവസത്തെ കളി മലയാളസിനിമയുടെ ചരിത്രത്തിൽ ഇടം നേടും. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഈ ചിത്രം റിലീസിനെത്തിയത്. ഒരുപാട് പേരുടെ സ്നേഹത്തിന്റെയും കഷ്ടപ്പാടിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമാണ് ‌സിനിമയുടെ വിജയം. ഈ സിനിമയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു’: ഒഴിവു ദിവസത്തെ കളി എഴുതിയ ഉണ്ണി ആർ. പറയുന്നു.

മികച്ച സിനിമകളെ സിനിമകളെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. തിധി എന്ന കന്നഡ സിനിമയും സൈറാത്ത് എന്ന മറാത്തി സിനിമയും കേരളത്തില്‍ റിലീസിനെത്തിയിട്ടുണ്ട്. രണ്ടും മികച്ച സിനിമകളാണ്. മൾടിപ്ലക്സുകൾ വന്നതിന്റെ ഒരു ഗുണം കൂടിയാണിത്. വലുതല്ലെങ്കിലും ഇത്തരം സിനിമകൾക്ക് ലഭിക്കുന്ന പ്രേക്ഷക പങ്കാളിത്തം തിയറ്ററിൽ കാണാന്‍ കഴിഞ്ഞു.

ഇതുപോലുള്ള നല്ല സിനിമകൾ വിതരണത്തിനെടുക്കുവാനും അത് റിലീസ് ചെയ്യാനും ഇനി ഒരുപാട് പേർ മുന്നോട്ട് വരട്ടെ. അത്തരമൊരു ചുവടുവയ്പിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷം. ഒഴിവു ദിവസത്തെ കളി റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും മികച്ച പ്രതികരണമാണ്. തിയറ്ററുകളുടെ എണ്ണവും കൂടി.

മലയാളത്തിലെ പ്രശസ്തരായ ചില സംവിധായകർ സിനിമ കണ്ട ശേഷം എന്നെ വിളിച്ചു. ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടു. ഇത്തരം കഥകള്‍ ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം, എഴുതൂ എന്നു പറയുകയുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അംഗീകാരമായാണ് തോന്നുന്നത്: ഉണ്ണി പറയുന്നു.

ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഈ സിനിമ ക്ഷമ പരീക്ഷിക്കും. പിന്നീട് ഇത് മറ്റൊരു തലത്തിലേക്കാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്. 13 വർഷം മുന്‍പാണ് ഒഴിവു ദിവസത്തെ കളി എഴുതിയത്. ദലിത് പ്രശ്നമായിരുന്നു അതിൽ ചർച്ച ചെയ്തൊരു വിഷയം. എല്ലാക്കാലത്തും സമൂഹത്തിൽ ഇത് വാർത്തയാകുന്ന ഒന്നാണ്. എന്നാൽ രോഹിത് വെമൂല പോലെ രാജ്യമൊട്ടാകെ ശബ്ദമുയർത്തിയ വിഷയങ്ങൾ വന്നതോടെ സമകാലികമായും ഈ കഥയ്ക്ക് പ്രാധാന്യം വന്നു. ആ പ്രസക്തി കൈവരിക്കുന്ന സമയത്തുതന്നെയാണ് ഈ സിനിമ പ്രേക്ഷകർക്കിടയിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.