കേരളത്തിൽ മാത്രമല്ല അങ്ങ് ദുബായിയിലുമുണ്ട് മെക്സിക്കന് പിടി !

മികച്ച പ്രതികരണം നേടി മുന്നേറുന്ന മെക്സിക്കൻ അപാരത തിയറ്ററുകളിലെത്തിയപ്പോൾ ചെങ്കടല്‍ പോലെയായിരുന്നു ജനപങ്കാളിത്തം. മുദ്രാവാക്യം വിളിയും ആർപ്പുമേളങ്ങളുമായി തിയറ്റർ നിറഞ്ഞു. ഇതേ ആവേശമായിരുന്നു ദുബായിയിലും സിനിമയുടെ പ്രദർശനത്തിനിടെ കാണാനായത്. 

ചുവപ്പണിഞ്ഞ സഖാക്കന്മാർ മുദ്രാവാക്യം വിളികളുമായി ഒത്തൊരുമിച്ച് ചിത്രം കാണാനെത്തി. ബുർജ്മാൻ വോക്സ് സിനിമാസിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. ബഹളം കൂടിയതോടെ സ്ഥലത്ത് പൊലീസും എത്തി. എന്നാല്‍ ഇതൊക്കെ സിനിമയുടെ ഭാഗമായി നടന്നതാണെന്ന് അറിഞ്ഞതോടെ അവരും സ്ഥലം വിട്ടു.

ഇതിനിടെ ദുബായി റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരങ്ങളായ ടൊവിനോ, രൂപേഷ് , നിർമാതാവ് അനൂപ് കണ്ണൻ, ടോം ഇമ്മട്ടി എന്നിവരും ദുബായിയിൽ ഉണ്ടായിരുന്നു. ബുർജ്മാനിൽ ഇത്ര വലിയ പ്രതികരണം ഉണ്ടെന്ന് അറിഞ്ഞതോടെ അവരും സ്ഥലത്തെത്തി. എന്നാൽ ഇവർ വന്ന വിവരം ചിത്രം കാണാനെത്തിയവർ അറിഞ്ഞതുമില്ല.

സിനിമ അവസാനിച്ചതും സ്ക്രീനിൽ കണ്ടത്് യഥാര്‍ഥ ടൊവിനോയെയെ. അപ്രതീക്ഷിതമായി കണ്ട താരത്തെ കണ്ടപ്പോള്‍ പ്രേക്ഷകരും ഞെട്ടി. പിന്നീട് ഇരട്ടി ആവേശം. ആവേശം കത്തിക്കയറിയ പ്രേക്ഷകർ പിന്നീട് അണിയറപ്രവർത്തകർക്ക് നൽകിയത് ഗംഭീര സ്വീകരണവും.