കട്ടപ്പയും ബാഹുബലിയും കേരളത്തിലെത്തുന്നു

മലയാളിപ്രേക്ഷകരെ ആവേശത്തിലാക്കാൻ ബാഹുബലി ടീം കേരളത്തിലേയ്ക്ക്. ബാഹുബലി 2 വിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇവർ കേരളത്തിലെത്തുന്നത്. സംവിധായകൻ രാജമൗലി, പ്രഭാസ്, അനുഷ്ക, റാണ ദഗുപതി, നാസർ, സത്യരാജ് തുടങ്ങി ടീമിലെ മുഴുവൻ ആളുകളും ഏപ്രിൽ 23ന് കൊച്ചിയിൽ എത്തും. 

ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ചും ഇവർ കേരളത്തിൽ എത്തിയിരുന്നു. മാത്രമല്ല അന്ന് പ്രകാശനം ചെയ്ത ബാഹുബലി പോസ്റ്ററിന് ഗിന്നസ് റെക്കോർഡും നേടാനായി. 

ബാഹുബലിയുടെ മലയാളം പതിപ്പിന്റെ വിതരണക്കാരയ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പേരിലായിരുന്നു റെക്കോർഡ്. 2015 ജൂണ്‍ 27 ന് ആയിരുന്നു പ്രദര്‍ശനം. ലോകത്തെ ഏറ്റവും വലിയ പോസ്റ്റര്‍ എന്ന നിലയിലാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 51,598.21 സ്‌ക്വയര്‍ ഫീറ്റിലാണ് പോസ്റ്റര്‍ നിര്‍മിച്ചിരുന്നത്. 

ഏപ്രിൽ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്.