ബാഹുബലി ഭീഷണിയാകുന്നത് രണ്ടാമൂഴത്തിനോ?

കാവ്യം പോലെ, സ്വപ്നം പോലെ, ഭ്രമാത്മക സങ്കൽപ്പങ്ങൾ പോലെ വിസ്മയമിപ്പിക്കുന്ന സിനിമ – അതാണ് ബാഹുബലി 2 – ദ കണ്ക്ലൂഷൻ. രാജമൗലിയുടെ സ്വപ്നം വെള്ളിത്തിരിയലെത്തിയപ്പോൾ വിരിഞ്ഞത് ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രം. ഇന്ത്യസിനിമയിലെ കൊത്തി മിനുക്കി എടുത്ത മനോഹരമായൊരു ശിൽപമാണ് ബാഹുബലി. ഈ സിനിമയ്ക്കു മുകളിലേക്ക് മറ്റൊന്ന് ഉയരണമെങ്കിൽ കുറച്ചൊന്നുമല്ല അധ്വാനിക്കേണ്ടി വരിക. ആ ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നതാകട്ടെ മലയാളത്തിൽ നിന്നുള്ള രണ്ടാമൂഴത്തിനും. എംടിയുടെ തിരക്കഥയിൽ ശ്രീകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിക്കുന്ന 1000 കോടി രൂപ ബജറ്റിലുള്ള രണ്ടാമൂഴത്തിലേക്കാണ് പ്രതീക്ഷയുടെ കണ്ണുകൾ നീളുന്നത്.

അഞ്ചു വർഷമാണ് ബാഹുബലിയ്ക്കുവേണ്ടി സംവിധായകനും താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം മാറ്റിവച്ചത്. ആ ചെലവഴിച്ച സമയത്തിന്റെയും അധ്വാനത്തിന്റെയുമെല്ലാം മനോഹരമായ ഉത്തരമായിരുന്നു മൂന്നു മണിക്കൂർ തിയറ്ററിൽ കണ്ടത്. കുട്ടികാലത്ത് മനസിൽ പതിഞ്ഞ അമർചിത്ര കഥകളിലെ കൊട്ടാരവും വെള്ളകുതിരപ്പുറത്തുവരുന്ന രാജകുമാരനും സുന്ദരിയായ രാജകുമാരിയുടെ അരയന്ന തോണിയും ബലശാലിയായ വില്ലനും യുദ്ധരംഗങ്ങളുമെല്ലാം സങ്കൽപ്പിച്ചതിനേക്കാൾ മനോഹരമായിട്ടാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ബാഹുബലി എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ രാജമൗലിയുടെ മുമ്പിൽ മാതൃകകൾ ഒന്നും തന്നെയില്ലായിരുന്നു, മനസിൽ ചിന്നിചിതറിയ ഭാവനകളുടെ അസ്ഥികൂടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ അസ്ഥികൂടത്തിന് കാഴ്ച്ചയുടെ മിഴിവേകിയതാകട്ടെ സാബുസിറിളും. 

മഹിഷ്മതിയെന്ന രാജാധാനിയും അമരേന്ദ്രബാഹുബലിയെന്ന രാജകുമാരനായി പ്രഭാവും ദേവസേനയെന്ന രാജകുമാരിയായി അനുഷ്കയും വില്ലനായി റാണ ദഗുബതിയും മുന്നിലെത്തിയപ്പോൾ ചിത്രകഥകളിലെ രൂപങ്ങൾ മുന്നിലെത്തിയതുപോലെ തന്നെയാണ് തോന്നിയത്. പ്രത്യേകിച്ച് മാതൃകകൾ ഒന്നുമില്ലാതെ ഹാരിപ്പോട്ടർ പോലെ അവതാർ പോലെ ഒരു മായിക ലോകവും കഥാപാത്രവും ചിത്രീകരിക്കാൻ രാജമൗലിക്ക് സാധിച്ചെങ്കിൽ രണ്ടാമൂഴം എന്ന മലയാളസിനിമ അതിനും മുകളിൽ ഉയരണമെന്നു തന്നെയാണ് ഓരോ സിനിമാപ്രേമിയും ആഗ്രഹിക്കുന്നത്. 

കാരണം വായിച്ചു മനസിൽ പതിഞ്ഞ കഥാപാത്രമാണ് രണ്ടാമൂഴത്തിലെ ഭീമൻ. കൃത്യമായൊരു തിരക്കഥയും ശക്തമായൊരു ബജറ്റും മോഹൻലാൽ എന്ന മഹാനായ നടനും സിനിമയ്ക്കുവേണ്ടി തയാറായി കഴിഞ്ഞു. ശരീരം മാത്രമല്ലാത്ത, മനസുമുള്ള എംടിയുടെ ഭീമനാകാൻ ഒന്നര വർഷമാണ് മോഹൻലാൽ മാറ്റിവയ്ക്കുന്നത്. ഇനി വേണ്ടത് മഹിഷ്മതി പോലെ ഇന്ദ്രപ്രസ്ഥവും പാഞ്ചാലദേശവും സമുദ്രത്തിൽ അമരുന്ന ദ്വാരകയുമൊക്കെ കൺമുമ്പിലെത്തിക്കുക എന്നുള്ള ജോലിയാണ്. സാബുസിറിൾ ഒരുക്കിയ മഹിഷ്മതി എന്ന സാങ്കൽപ്പിക രാജ്യത്തിന്റെയും ദേവസേനയുടെ കൊട്ടാരത്തിന്റെയുമൊക്കെ ഭംഗി അവർണനീയമാണ്. 

കൊട്ടാരകെട്ടുകൾ മാത്രമല്ല വാനപ്രസ്ഥത്തിനു പോകുന്ന വഴികളും കാടിന്റെ ഭംഗിയുമൊക്കെ ഇതിലും മികച്ചതായാൽ മാത്രമേ പ്രേക്ഷകൻ സ്വീകരിക്കുകയുള്ളു. ബാഹുബലിയെന്ന മുന്നൂറുകോടി ബജറ്റ് സിനിമ എന്ന വിസ്മയം മുന്നിലുള്ളതുകൊണ്ട് ആയിരംകോടിയുടെ രണ്ടാമൂഴത്തിന്റെ കാര്യത്തിൽ പ്രേക്ഷകപ്രതീക്ഷ വാനോളമായിരിക്കും. അതിൽ തെറ്റുപറയാനും സാധിക്കില്ല, ചരിത്രവും കാലവും രാജാക്കന്മാരും രാജകൊട്ടാരങ്ങളുമുള്ള ഏത് സിനിമ ഇറങ്ങിയാലും താരതമ്യം ബാഹുബലിയോടുതന്നെയാവും. 

മുന്നിലൊരു മാതൃകയില്ലാത്തതിനാൽ ബാഹുബലിയിൽ അപാകതകൾ വന്നാലും പ്രേക്ഷകർ ക്ഷമിക്കും, എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും അപ്പുറമായി ബാഹുബലി ഉയർന്നു. അതുകൊണ്ടു തന്നെ പ്രതീക്ഷയുടെ അമിതഭാരം അറിയാതെയെങ്കിലും രണ്ടാമൂഴത്തിന്റെ കാര്യത്തിൽ സംഭവിക്കും. രണ്ടാമൂഴം ബാഹുബലിയ്ക്കൊപ്പമാകുമോ എന്ന് അറിയാനായിരിക്കും ഓരോ പ്രേക്ഷകനും തിയറ്ററിലേക്ക് എത്തുന്നത്.  പ്രേക്ഷക പ്രതീക്ഷയുടെ ഭാരമുയർത്താൻ രണ്ടാമൂഴത്തിലെ ഭീമനായാൽ അത് മലയാളസിനിമയ്ക്ക് ലഭിക്കുന്ന കിരീടം തന്നെയായിരിക്കും.