എസ്.ആർ.കെയെ പോലെ പ്രശസ്തനാകാൻ കെ.ആർ.കെ പെടുന്ന പാട്

കെആർകെ എന്ന പേര് പെട്ടന്ന് പൊട്ടിമുളച്ചതല്ല. കക്ഷി പണ്ടുതൊട്ടേ ബോളിവുഡിന്റെ തലവേദനയാണ്. താരങ്ങളെ പരിഹസിക്കുക, ചിത്രങ്ങൾ മോശം നിരൂപണം എഴുതുക, വായിൽ തോന്നിയത് അതുപോലെ വിളിച്ചുപറയുകയുമാണ് കെആർകെയുടെ സ്ഥിരം പരിപാടി. എന്നാൽ കക്ഷി ഈ അടുത്ത് മലയാളത്തിലേക്കൊരു നീക്കം നടത്തി. മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു ആദ്യപടി. 

അതുവലിയ വിവാദമായി ദേശീയമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെയും കെആർകെ പരിഹസിച്ചു. നേരത്തെ മോഹന്‍ലാലിനെ പരിഹസിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാറിനെക്കുറിച്ചും ഇത്തരം പരാമര്‍ശം ഉണ്ടായത്.

‘മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി കാശ് തന്നോയെന്നു ചിലര്‍ ചോദിക്കുന്നു. ഇല്ല, എനിക്ക് ആ സി ഗ്രേഡ് നടന്‍ ആരാണെന്നു പോലും അറിയില്ല.’ കെ.ആര്‍.കെ ട്വിറ്ററില്‍ കുറിച്ചു. 

എന്റർടെയ്ൻമെന്റ് ലോകത്ത് ചർച്ചയാകുന്ന വാർത്തകൾക്കെതിരെ നെഗറ്റീവ് കമന്റ് ചെയ്യുക. അങ്ങനെ ചുളുവിൽ പബ്ലിസിറ്റി നേടുക. ഇതാണ് കെആർകെയുടെ പ്രധാനലക്ഷ്യം. എസ് എസ് രാജമൗലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാഹുബലി 2വിനെയും അധിക്ഷേപിച്ച് നിരൂപകനും നടനുമായ കെആർകെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അടുത്ത ആക്രമണം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റാണ ദഗുപതിയ്ക്ക് നേരെയാണ്. റാണയെ പരിഹസിക്കാൻ എന്തോ ട്വീറ്റുമായി എത്തിയതാണ് കെആർകെ. ടാഗ് ചെയ്യാൻ പോയപ്പോഴാണ് റാണ തന്നെ ബ്ലോക്ക് െചയ്തതായി കെ ആർ കെയ്ക്ക് അറിയാൻ കഴിഞ്ഞത്. ഇതിലുള്ള അമർഷം രേഖപ്പെടുത്തി റാണയെ പരിഹസിച്ച് ട്വീറ്റും ചെയ്തു. ഈ വിഡ്ഡിയെ ഇതുവരെ താൻ ട്വിറ്ററിൽ പിന്തുടരുകയോ ഇയാളെക്കുറിച്ച് ഒരു ട്വീറ്റോ ചെയ്തിട്ടില്ലെന്നും കെആര്‍കെ പറയുന്നു. എന്നിട്ടും ഇയാൾ ബ്ലോക് ചെയ്തെങ്കിൽ അയാളുടെ തലക്ക് സുഖമില്ലാത്തതുകൊണ്ടാണെന്നും കെആർകെ പറഞ്ഞു.

എന്നാൽ ഇത് കെആർകെയുടെ തന്ത്രമാണെന്നതാണ് നമ്മൾ അറിയേണ്ട വസ്തുത. മോഹൻലാലിനെതിരായ ട്വീറ്റ് മൂലം കെആർകെയുടെ ട്വിറ്റർ അക്കൗണ്ടിന്റെ ഫോളോവേർസ് എണ്ണം ഇരട്ടിയായി മാറി. മാത്രമല്ല കെആർകെയുടെ യുട്യൂബ്, ഇവരുടെ വെബ്സൈറ്റ് എന്നിവയുടെയും പ്രചാരണം ഈ കുപ്രചരണങ്ങൾ വഴി വർധിക്കാൻ ഇടയായി.

എത്ര പരിഹാസവും അസഭ്യവർഷവും കേട്ടാലും കെആർകെ ഈ പരിപാടി നിർത്താനേ പോകുന്നില്ല. എന്നാൽ നമ്മൾ പ്രേക്ഷകർ തന്നെയാണ് ഇതിന് തടയിടേണ്ടത്. കെആർകെയുടെ ട്വീറ്റിന് മറുപടി പറയാൻ പോകാെത ഇതേ ട്വീറ്റ് ‘ഹേറ്റ്സ്പീച്ച്’ ആയി റിപ്പോർട്ട് ചെയ്യാൻ സാധിക്കും. അതുവഴി ട്വീറ്റ് നീക്കം ചെയ്യാനും അവരുടെ അക്കൗണ്ട് തന്നെ നിർത്താനും സാധിക്കുന്നതാണ്.

എന്താണ് ‘ഹേറ്റ്സ്പീച്ച്’വംശീയാധിക്ഷേപം, ജാതിയുടെയും മതത്തിന്റെയും പേരിൽ സ്പർധ വളർത്തുന്ന പരാമർശങ്ങൾ, ലൈംഗികച്ചുവയുള്ള വാക്കുകൾ എന്നിവയ്ക്കു പുറമെ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ഹനിക്കുകയോ മോശമായി ബാധിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളും ട്വിറ്ററിന്റെ ഹെയ്റ്റ് പോളിസിക്ക് എതിരാണ്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന തരത്തിലുള്ളവയും പോളിസിക്ക് എതിരാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾ മറ്റുള്ളവർക്കു റിപ്പോർട്ടു ചെയ്യാനുള്ള ഓപ്ഷനും ട്വിറ്റർ നൽകുന്നു. ഇപ്രകാരം റിപ്പോർട്ടു ചെയ്യപ്പെടുന്ന പോസ്റ്റുകൾ സാധാരണ ഗതിയിൽ ട്വിറ്റർ നീക്കം ചെയ്യുന്നു. എന്നാൽ തുടർച്ചയായി ഇത്തരം പോസ്റ്റുകൾ കണ്ടെത്തുന്ന അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്യാറുണ്ട്.

സോഷ്യൽമീഡിയ ആക്ടിവിസ്റ്റ് ആഷിൻ തമ്പി പറയുന്നു–

നെഗറ്റീവ് മാർക്കറ്റിങിനുള്ള ഏറ്റവും വലിയ ഉദാഹരണം ഈ അടുത്ത് സംസാര വിഷയമായ കെആര്‍കെ അഥവാ കമാൽ റഷീദ് ഖാനാണ്. തന്‍റെ പ്ലാനിന്റെ ആദ്യ പടി എന്ന നിലക്ക് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തെ  സൂപ്പർസ്റ്റാർ മോഹൻലാലിനെ വിമർശിച്ച് ട്വിറ്ററിൽ ഒരു കമന്‍റ് പാസ്സാക്കി. ഇത് ആരും കാണാതെയും അറിയാതെയും പോകാതെയിരിക്കാൻ, ഹാഷ്ടാഗ്- മെൻഷൻ എന്ന ഓപ്ഷൻസ് ഉപയോഗിച്ച് കൃത്യമായി എഴുതിയതായിരുന്നു ഈ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.

ഒരിക്കൽ കെആര്‍കെയെ ചീത്ത പറഞ്ഞു കമന്‍റ് ഇട്ടവർ, ഇനി കെആര്‍കെയുടെ മറുപടി എന്തായിരിക്കും എന്നറിയാൻ വേണ്ടി അക്കൗണ്ട് ഫോളോ ചെയ്തിട്ടാണ് ഇറങ്ങിയത്. കുറച്ചു പേര് കെആര്‍കെ ആരാണെന്നു ഗൂഗിൾ ചെയ്തു, ചിലർ അദ്ദേഹത്തിന്‍റെ സിനിമകൾ പൊക്കി എടുത്ത് ട്രോളാക്കി, അദ്ദേഹത്തിന്റെ ഫിലിം റിവ്യൂസ്, വീഡിയോസ് എന്നിവ എല്ലാം വീണ്ടും സജീവമായി ടൈംലൈനിൽ ഓടി നടന്നു. അങ്ങനെ ഇതിലും വലിയ ഒരു വിജയം കെആര്‍കെ പോലും പ്രതീക്ഷിച്ചു കാണില്ല. അതിനാൽ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാതിരിക്കുക.

വിവാദ ട്വീറ്റുകൾ സ്ഥിരം പരിപാടിയാണെങ്കിലും സാധാരണ താരങ്ങളെ പരിഹസിച്ച് ട്വീറ്റ് ചെയ്യുമ്പോൾ ആരും പ്രതികരിക്കാതെ പോകുകയാണ് പതിവ്. നടി സൊനാക്ഷി സിൻഹ മാത്രമാണ് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്ത് കെആർകെയുടെ വായടപ്പിച്ചത്. നേരത്തെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ പരിഹസിച്ചപ്പോൾ കെആർകെ സ്വപ്നം പോലും കാണാത്ത പണിയാണ് ആരാധകരുടെ കയ്യിൽ നിന്നും കിട്ടിയത്. പിന്നീട് മോഹൻലാലിനോടും ആരാധകരോടും കെആർകെ മാപ്പുപറയുകയും ചെയ്തു.