ബാഹുബലി; പ്രഭാസ് വേണ്ടെന്നുവച്ചത് 6000 വിവാഹാലോചനകൾ

2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായിട്ടില്ല. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങൾ ചിത്രീകരണത്തിനും ആറു മാസം മുൻപേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ചുറി കടത്തി 102ൽ എത്തിച്ചു. 613 ചിത്രീകരണ ദിവസങ്ങൾ, പ്രോജക്ടിനായി മാറ്റിവച്ചത് അഞ്ച് വർഷം. അവസാനം പ്രഭാസ് ബാഹുബലിയുടെ കുപ്പായം ഊരി. ഈ വർഷം ജനുവരി ആറിനാണ് ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം പ്രഭാസ് അഭിനയിച്ചു തീർത്തത്.

ഇക്കാലയളവിൽ മറ്റൊരു സിനിമ മാത്രമല്ല സ്വന്തം വിവാഹത്തെക്കുറിച്ച് പോലും താരം ആലോചിച്ചില്ല.വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ എത്ര ആലോചനകള്‍ ഈ കാലത്തിനുള്ളില്‍ പ്രഭാസിന് വന്നു എന്ന് അറിഞ്ഞാല്‍ ഞെട്ടും.

ബാഹുബലി ദ് ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടത്രെ. തെലുങ്ക് മാധ്യമമാണ് ഈ കണക്ക് പുറത്ത് വിട്ടത്. എന്നാല്‍ പൂര്‍ണമായും ബാഹുബലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നു.‌‌‌ ഇതുകൂടാതെ 10 കോടിയുടെ പരസ്യ ഓഫറും നടൻ സിനിമയ്ക്കായി വേണ്ടെന്നുവച്ചു. എന്തായാലും ബാഹുബലി കഴിഞ്ഞതോടെ പ്രഭാസിനെ കയ്യോടെ വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാരുടെ തീരുമാനം.

തെന്നിന്ത്യയിലെ വളരെ നാണം കുണുങ്ങിയായ അഭിനേതാവ് എന്നാണ് പ്രഭാസിനെ കുറിച്ച് അറിയപ്പെടുന്നത്. അധികം ഗോസിപ്പുകളിലൊന്നും പിടികൊടുക്കാത്ത നടൻ കൂടിയാണ് പ്രഭാസ്. 

ബാഹുബലി 2 ചരിത്രം സൃഷ്ടിക്കുമ്പോൾ പ്രഭാസ് കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കുകയാണ്. അമേരിക്കയിലാണ് പ്രഭാസ് ഇപ്പോൾ. മെയ് മാസം മുഴുവന്‍ അമേരിക്കയിൽ ചിലവഴിച്ച ശേഷം ജൂൺ ആദ്യവാരം അദ്ദേഹം മടങ്ങിയെത്തും. അതിന് ശേഷമാകും പുതിയ ചിത്രമായ സാഹോയുടെ ഷൂട്ടിങ് തുടങ്ങൂ.

ബാഹുബലി ചിത്രങ്ങള്‍ക്കായി പ്രഭാസ് നല്‍കിയ ഡേറ്റ് ഏകദേശം 600 ദിവസമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂർണമായും ബാഹുബലിയായി മാറി. ബോഡിബില്‍ഡപ്പിനും മറ്റുമൊക്കെയായിരുന്നു അഞ്ച് വര്‍ഷം ആവശ്യം. ശിവദു എന്ന കഥാപാത്രത്തിനായി 82 കിലോയും ബാഹുബലി എന്ന കഥാപാത്രത്തിനായി 105 കിലോയും ശരീര ഭാരം കൂട്ടേണ്ടതുണ്ടായിരുന്നു. പ്രഭാസിനെപ്പോലെ ഈ പ്രോജക്ടിൽ വിശ്വാസമർപ്പിച്ചവർ ആരുമില്ലായിരുന്നെന്ന് രാജമൗലി തന്നെ വ്യക്തമാക്കിയിരുന്നു. 

ചെന്നൈയിൽ ജനിച്ച, എൻജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാൻ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്. പക്ഷേ, അതിനു വേണ്ടിയുള്ള പ്രഭാസിന്റെ സമർപ്പണവും അസാമാന്യമായിരുന്നു.

ബാഹുബലിയാകാൻ താരം ഒത്തിരിയേറെ കഷ്ടപ്പെട്ടു. ശരീരം മാറ്റിമറിച്ചു. ആയോധനകല അഭ്യസിച്ചു. അധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിം. അങ്ങനെ അക്ഷരാർഥത്തിൽ പ്രഭാസ് ബാഹുബലിയായി മാറുകയായിരുന്നു.

ദുർമേദസ് ഒട്ടും കൂടാതെ വടിവൊത്ത രീതിയിൽ മസിലുകൾ പെരുപ്പിച്ച് നേടിയ ഈ കായിക ക്ഷമതയ്ക്കായി ഒന്നര കോടിയോളം രൂപയുടെ ജിംനേഷ്യം ഉപകരണങ്ങളാണത്രേ പ്രഭാസിന്റെ വീട്ടിലെത്തിച്ചത്.

ബാഹുബലിയിലെ കഥാപാത്രം പ്രഭാസിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കൊടുത്തു. പരസ്യവരുമാനത്തിലും താരത്തിന് മൂല്യം കൂടി. ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രഭാസ് സ്വീകാര്യനായി. 150 കോടി മുതൽ മുടക്കിലെത്തുന്ന സാഹോ എന്ന തെലുങ്ക് ചിത്രമാണ് പ്രഭാസിന്റെ പുതിയ പ്രോജക്ട്.