അറിഞ്ഞതിനും അപ്പുറമാണ് റാണ

നായകനൊത്ത വില്ലനാണ് റാണ ദഗുപതി. നായകനോളം പ്രേക്ഷകനും ഇഷ്ടപ്പെടുന്നു ഈ വില്ലനെ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ റാണ ഹീറോയാണ്. 

ബാഹുബലിയിലെ നായകനൊപ്പം നിൽക്കുന്ന വില്ലൻ. അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന റാണയെ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ നെഞ്ചിലേറ്റിയത് വളരെ പെട്ടെന്ന്. അതുവരെ കാര്യമായി അറിയപ്പെടാതിരുന്ന റാണ ഒരൊറ്റ സിനിമ കൊണ്ട് നടന്നു കയറിയത് പ്രശസ്തിയുടെ കൊടുമുടിയിലേക്ക്. എന്നാൽ റാണയെക്കുറിച്ച് അറിയേണ്ട ചിലകാര്യങ്ങളുണ്ട്...

പ്രശസ്ത നിർമാതാവ് സുരേഷ് ബാബുവിന്റെ മകനാണ് റാണ ദഗുപതി. റാണയ്ക്ക് വളരെ പെട്ടന്ന് തന്നെ നായകനായി അരങ്ങേറ്റം കുറിക്കാമായിരുന്നു. എന്നാൽ അദ്ദേഹം അവിടെയും ദുഷ്കരമായ പാതയാണ് സ്വീകരിച്ചത്. 

അഭിനയത്തിലേക്ക് കടക്കും മുമ്പ് നാലുവർഷം വിഷ്വൽ ഇഫക്ട് കോഓർഡിനേറ്ററായി സിനിമയിൽ പ്രവർത്തിച്ചു. റാണയ്‌ക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് നേടിക്കൊടുത്തത് സ്പെഷ്യൽ എഫക്ട്സിനാണ്. 2006 ൽ പുറത്തിറങ്ങിയ സൈനികുടു എന്ന മഹേഷ്ബാബു ചിത്രത്തിന്. അതേവർഷം തന്നെ ഇരട്ടിമധുരമായി ദേശീയ അവാർഡും തേടിയെത്തി, നിർമാതാവ് എന്ന നിലയിലായിരുന്നു എന്നു മാത്രം. റാണ നിർമിച്ച ’ബൊമ്മലാട്ട’ ആയിരുന്നു ആ വർഷത്തെ മികച്ച സിനിമ.

2010ൽ ലീഡർ എന്ന തെലുങ്ക് സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പ്രശസ്ത തെലുങ്ക് നിർമ്മാതാവ് ദുഗ്ഗുബതി സുരേഷ് ബാബുവാണ് അച്ഛൻ. മുത്തച്ഛൻ രാമനായിഡുവും അറിയപ്പെടുന്ന നിർമാതാവായിരുന്നു. തെലുങ്ക് സിനിമയ്‌ക്ക് രാമനായിഡു നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. തെലുങ്ക് സൂപ്പർതാരങ്ങളായ വെങ്കിടേഷും (അമ്മാവൻ) നാഗ ചൈതന്യയും (കസിൻ ) റാണയുടെ അടുത്ത ബന്ധുക്കളാണ്.

തെലുങ്കിൽ ഒതുങ്ങിനിന്ന ഒരാളായിരുന്നില്ല റാണ. ഹിന്ദി, തമിഴ് ചിത്രങ്ങളിലും റാണ പങ്കാളിയായി. ബോളിവുഡിൽ ’ദം മാരോ ദം’ എന്ന ചിത്രത്തിൽ ബിപാഷ ബസുവിനോടൊപ്പം അഭിനയിച്ച് ബോളിവുഡിലും ഒരു കൈ പയറ്റി. 2012 ൽ ഇറങ്ങിയ കൃഷ്ണം വന്ദേ ജഗത്ഗുരും എന്ന ക്രൈം ത്രില്ലർ മറ്റൊരു നേട്ടമായി. പിന്നീടാണ് ബാഹുബലിയിലെ ബല്ലാല ദേവനായുള്ള അരങ്ങേറ്റം. 2015 ൽ ബാഹുബലി റിലീസ് ആയതോടെ ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ റാണ ദുഗ്ഗുബതി പ്രിയതാരമായി. നായകനൊപ്പം തന്നെ വില്ലനെയും ആരാധകർ നെഞ്ചേറ്റി.

പ്രഭാസിനെപ്പോലെ തന്നെ റാണയും അവിശ്വസനീയമായ മേക്ക്ഓവറാണ് ചിത്രത്തിനായി നടത്തിയത്. ബാഹുബലിയുടെ ആദ്യഭാഗത്തിൽ 110 കിലോയായിരുന്നു ശരീരഭാരം. രണ്ടാം ഭാഗത്തിൽ 22 കിലോ കുറച്ചു. 

റാണയുടെ വലത്തെ കണ്ണിനു ജന്മനാ കാഴ്ചശക്തി ഇല്ലായിരുന്നു. ഇടത്തെ കണ്ണ് കൊണ്ടു മാത്രമേ അദ്ദേഹത്തിന് കാണാന്‍ സാധിക്കൂ. വലതു ഭാഗത്തെ കണ്ണ് മരണാനന്തരം മറ്റൊരു വ്യക്തിയിൽ നിന്നും ദാനം സ്വീകരിച്ചതാണ്. എങ്കിലും ആ കണ്ണിന് കാഴ്ച ലഭിച്ചിരുന്നില്ല. ഇടതുകണ്ണ് അടച്ചുകഴിഞ്ഞാൽ ഇപ്പോഴും റാണയ്ക്ക് കണ്ണുകാണാൻ സാധിക്കില്ല.

കബഡിയാണ് ഇഷ്ടകായിക വിനോദം. പ്രോ കബഡി ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് റാണ.

കാരുണ്യപ്രവർത്തനങ്ങള്‍ ചെയ്യാൻ ഒരുപാട് സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് റാണ. ഒരു പരിപാടിക്കായി കൂലി വേല ചെയ്യാനും റാണ തയാറായി.

വെള്ളിത്തിരയിൽ പേടിപ്പെടുത്തുന്ന വില്ലനാണെങ്കിലും പുറത്ത് റാണ പാവമാണ്. കരയിപ്പിക്കുന്ന സിനിമകള്‍ കാണാനേ റാണയ്ക്ക് ഇഷ്ടമല്ല. 

സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. അതിൽ കൂടുതൽ മികവ് തെളിയിക്കാൻ അമേരിക്കയിൽ പോയി കൂടുതൽ വിദ്യ അഭ്യസിച്ചിരുന്നു. 

ഷോപ്പിങിൽ വസ്ത്രങ്ങളോടല്ല ഷൂസ് ആണ് റാണയുടെ പ്രധാനഇഷ്ടം. എവിടെ യാത്രപോയാലും തിരിച്ചുവരുമ്പോൾ പുത്തൻ ഷൂ റാണയ്ക്കൊപ്പം ഉണ്ടാകും. 

ഭക്ഷണമാണ് മറ്റൊരു പ്രധാന ഇഷ്ടം. ലോകത്തെവിടെ യാത്ര ചെയ്താലും വ്യത്യസ്തമായ ഭക്ഷണം കഴിക്കുക പ്രധാനഹോബിയാണ്. 

നടൻ മാത്രമല്ല, നിർമ്മാതാവും വിഷ്വൽ ഇഫക്റ്റ്സ് കോർഡിനേറ്ററും ഫൊട്ടോഗ്രാഫറുമെല്ലാം ചേർന്ന സകലകലാവല്ലഭൻ തന്നെയാണ് റാണ.