മലയാള സിനിമയില്‍ വനിതാ സംഘടന

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിക്കുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.

ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. കേരളം മാതൃകയാകുന്നുവെന്നാണ് സംവിധായകൻ ആഷിക് അബു വിഷയത്തിൽ പ്രതികരിച്ചത്.

സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സർക്കാരിന്റെ പിന്തുണ തേടുന്നതിനായാണ് കൂടിക്കാഴ്ച. മലയാളത്തിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടിമാരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കകളും ചർച്ചയും ഉണ്ടായിരുന്നു. ഷൂട്ടിങിനിടെ നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന അമ്മ സംഘടനയുടെ നിർദ്ദേശം വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചെങ്കൽചൂളയിൽ പുതിയ സിനിമയുടെ ഷൂട്ടിങിനെ മഞ്ജു വാര്യർക്ക് നേരെ ഭീഷണിയുണ്ടായി എന്നു വാർത്ത വന്നിരുന്നു. ഈ വാർത്ത പ്രചരിക്കുന്നതിനിടെയാണ് മഞ്ജുവിന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടന മലയാളസിനിമയിൽ നിലവിൽ വരുന്നത്.

എന്നാൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പെട്ടന്ന് പൊട്ടിമുളച്ച സംഘടനയല്ലെന്നും ഇതൊരു കൂട്ടായ്മയാണെന്നും നേതൃത്വം വഹിക്കുന്നവർ മനോരമ ഓൺലൈനോട് പറഞ്ഞു. നടിമാരെ കൂടാതെ മേക്ക്അപ് വുമൺ, ക്യാമറ വുമൺ, എഡിറ്റര്‍ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ജോലി ചെയ്യുന്ന വനിതകൾ കൂട്ടായ്മയുടെ ഭാഗമാകുമെന്നും ഇവർ അറിയിച്ചു. ഒരു നടിയുടെയും നേതൃത്വത്തിൽ തുടങ്ങുന്ന സംഘടനയല്ലെന്നും എല്ലാവർക്കും തുല്യനേതൃത്വമാണ് കൂട്ടായ്മയുടേതെന്നും ഇവർ പറയുന്നു.

നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന് പ്രശ്‌നങ്ങള്‍ അടുത്തറിയുകയും പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശം. മലയാളത്തിലെ മറ്റു സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.