ബാഹുബലി പാതാള ഭൈരവിയുടെ കോപ്പിയടി, 10 രൂപപോലും ഇതിനായി ചെലവാക്കില്ല; അടൂർ

ബാഹുബലി പോലുള്ള സിനിമകൾ സാമ്പത്തിക കുറ്റകൃത്യമെന്ന് അടൂർ ഗോപാലകൃഷ്ണൻ. കോടി ക്ലബുകൾക്ക് പിന്നാലെയുള്ള മലയാളിയുടെ പാച്ചിൽ മോശം സംസ്കാരമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. 

ബിഗ് ബജറ്റ് സിനിമകളാണോ മലയാളി പ്രേക്ഷകർക്ക് സന്തോഷം പകരുന്നതെന്ന ചോദ്യത്തിന് സിനിമയുടെ നാല് വ്യത്യസ്ത തലങ്ങളിൽ നിന്നുള്ളവർ കോൺക്ലേവ് വേദിയിൽ ഉത്തരം നൽകി. കോടി ക്ലബിലേക്കുള്ള യാത്രയിൽ അടൂർ ഗോപാലകൃഷ്ണൻ സന്തോഷവാനാണോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി. 

തെലുങ്കില്‍ തന്നെ നിര്‍മ്മിച്ച ചിത്രമാണ് പാതാള ഭൈരവി. 1951 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നിന്നും ബാഹുബലി കോപ്പിയടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാഹുബലി ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. അതിനാല്‍ ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നാണ് അടൂരിന്റെ അഭിപ്രായം. തന്റെ കൈയില്‍ നിന്നും പത്ത് രൂപ പോലും ബാഹുബലിക്ക് വേണ്ടി കൊടുക്കില്ലെന്നാണ് അടൂരിന്റെ നിലപാട്. പത്ത് കോടിയുണ്ടെങ്കില്‍ പത്ത് സിനിമ ചെയ്യാം. അതുപോലെ 100 കോടിയുണ്ടെങ്കില്‍ 100 സിനിമ ചെയ്യാമെന്നും സംവിധായകന്‍ പറയുന്നു.

ജീവിത യാഥാർഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത ഇത്തരം സിനിമകൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിർമാതാവിന്റെ സംവിധായകന്റെയും സങ്കൽപം യാഥാർഥ്യമാക്കുക മാത്രമാണ് കലാസംവിധായകൻ ചെയ്യുന്നതെന്ന് പണച്ചെലവിനെ കുറിച്ചുള്ള ആക്ഷേപത്തിന്ന് ബാഹുബലിയുടെ കലാസംവിധായകൻ സാബു സിറിളിന്റെ മറുപടി.

വമ്പൻ സിനിമകൾ മാത്രമാണ് ലോകനിലവാരം പുലർത്തുന്നതെന്ന ചിന്ത മണ്ടത്തരമെന്നായിരുന്നു ഗീതു മോഹൻദാസിന്റെ പക്ഷം. ചെറുതിൽ നിന്ന് കിട്ടുന്ന സന്തോഷമാണ് വലുതെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ നിരീക്ഷണം.

∙ സാബു സിറിൽ (കലാ സംവിധായകൻ)

വലിയ ബജറ്റ് പടം മാത്രമേ ചെ‌യ്യൂ എന്നു നിർബന്ധമില്ല. എനിക്ക് ഒരുചെറിയ പേപ്പറിലും വലിയ പേപ്പറിലും പടം വരയ്ക്കാൻ കഴിയും. രാജമൗലി ബാഹുബലിയുടെ കഥ ചർച്ച ചെയ്യാൻ വന്നപ്പോൾ ഞാൻ‍ പറഞ്ഞത് ഇതു വലിയ രീതിയിലും ചെറിയ രീതിയിലും ചെയ്യാം എന്നാണ്. രാജമൗലി ആ വലിയ വെള്ളച്ചാട്ടത്തെക്കുറിച്ചു എന്നോടു പറഞ്ഞു. ഞാൻ സമ്മതിച്ചു. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ എന്ന പഴമൊഴി ഇവിടെ ചേർന്നുപോകും. പണം പാഴാക്കരുത്. ചെലവാക്കാം എന്നതാണു കാഴ്ചപ്പാട്. ഞാൻ റിയലിസ്റ്റിക്കായ പടവും ചെയ്തിട്ടുണ്ട്. കാഞ്ചീവരം പോലെ. നിർമാതാവ് റിസ്ക് എടുത്താൽ പിന്നെ നമുക്കെന്താണു പ്രശ്നം.

∙ ഗീതു മോഹൻദാസ് (നടി, സംവിധായിക)

ബജറ്റ് അല്ല ഗുണമേന്മയാണു സിനിമയിൽ‍ പ്രധാനം. സംവിധായകന്റെ കാഴ്ചപ്പാടാണു പ്രധാനം. എനിക്കു റിയലിസ്റ്റിക്കായ കഥകൾ സംവിധാനം ചെയ്യാനാണു താൽപര്യം. എന്റെ സിനിമകൾക്ക് എന്താണ് നിർമാതാവിനെ ലഭിക്കാത്തതെന്ന് ഒരു ഘട്ടത്തിൽ ചിന്തിച്ചിട്ടുണ്ട്. അവാർഡ് കിട്ടിയ സിനിമ എടുത്തയാൾ, വനിത ഇതൊക്കെയായിരുന്നു കാരണം - ഗീതു പ‌റയുന്നു.

∙ കുഞ്ചാക്കോ ബോബൻ(നടൻ)

സിനിമയുടെ നല്ലവശവും ദോഷവശവും അനുഭവിച്ചിട്ടുണ്ട്. 30 വർഷത്തിനുശേഷം ഉദയയുടെ ബാനറിൽ സിനിമ ചെയ്യുമ്പോൾ സാഹചര്യം വ്യത്യസ്തമായിരുന്നു. മുൻപു ചില പേരുകൾ ചേർത്തുവച്ചു ഹിറ്റ് സിനിമകൾ ചെയ്യാമായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. അതിന്റെ ഗുണമേന്മ സിനിമകളിൽ കാണുന്നുണ്ട്. ടേക്ക് ഓഫ് എന്ന സിനിമ വലിയ ബജറ്റ് എന്നു തോന്നുമെങ്കിലും ചെറിയ ബജറ്റാണ്. അതിനുകാരണം നല്ല സാങ്കേതിക വിദഗ്ധരും പിന്നണിപ്രവർത്തകരും ഉള്ളതിനാലാണ്.