Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയ്ക്ക് പ്രതിഫലം നൽകിയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗൗരവ്

gourav-arun ഗൗരവ്, അരുൺ

പ്രതിഫലം നൽകാതെ സംവിധായകനും നിര്‍മാതാവും പറ്റിച്ചുവെന്ന് ആരോപിച്ച് ബാലതാരം ഗൗരവ്. കോലുമിട്ടായി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗൗരവ് രംഗത്തെത്തിയിരിക്കുന്നത്.

gourav-arun-3

അഭിനയിക്കുമ്പോൾ പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് അഭിനയിച്ചതെന്നും ഗൗരവ് പറഞ്ഞു. എന്നാൽ ഇതിന് ശേഷം ഇവരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഇതുവരെയും പ്രതിഫലം നൽകിയിട്ടില്ലെന്നും ഗൗരവ് പറയുന്നു.

പ്രസ്മീറ്റ് നടത്തിയാണ് ഗൗരവ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സംഭവം വിവരിക്കുന്നതിനിടെ ഗൗരവ് പൊട്ടിക്കരഞ്ഞു. തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Chat with Actor Gaurav Menon and Director Arun Vishwam | Manorama News

കൂടാതെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കൊണ്ടുപോയത് മറ്റൊരു പ്രമോഷൻ പരിപാടിക്ക് വേണ്ടിയായിരുന്നെന്നും ഗൗരവ് പറഞ്ഞു. ഇപ്പോൾ ഇവർ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്നും ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും ഗൗരവ് പറഞ്ഞു.

ബെൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഗൗരവ് മേനോന്‍ പ്രധാനവേഷം ചെയ്ത ചിത്രമാണ് കോലുമിട്ടായി. പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ വിശ്വം ആണ് ചിത്രം സംവിധാനം ചെയ്തത്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മീനാക്ഷിയും ഗൗരവിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചത് അഭിജിത് അശോകനാണ്.

ഗൗരവ് അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന ഉറപ്പില്‍: സംവിധായകൻ അരുൺ

എന്നാൽ ഗൗരവിന്റെ ആരോപണങ്ങൾ സംവിധായകൻ അരുൺ വിശ്വന്‍ നിഷേധിച്ചു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവ് അഭിനയിച്ചതെന്നും ഇക്കാര്യം കരാർ പത്രത്തിൽ വ്യക്തമാക്കിയിരുന്നതായും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അരുണ്‍ മനോരമ ഓൺലൈനോട് പറഞ്ഞു.

‘മീനാക്ഷി ഉൾപ്പടെ അറുപതോളം കുട്ടികളും പത്തോളം മുതിര്‍ന്ന താരങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരെല്ലാം പ്രതിഫലമില്ലാതെയാണ് അഭിനയിച്ചത്.

gourav-arun-1 ഗൗരവ് ഒപ്പിട്ട കരാർ

പിന്നെ ഗൗരവിന് മാത്രം ഇങ്ങനെയൊരു കരാർ ഒപ്പിടുന്നത് ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് കിട്ടിയ വിവരത്തെ തുടർന്നാണ്. പിന്നീടൊരു തര്‍ക്കം ഈ വിഷയത്തിൽ ഉണ്ടാകരുതെന്ന് കരുതി കരാർ ഒപ്പിടാൻ തീരുമാനിക്കുകയായിരുന്നു. അത് പല അഭിമുഖങ്ങളിലും ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയാണ് ഗൗരവ് കരാറിൽ ഒപ്പിടുന്നത്.

അഭിനയിച്ചവർക്കെല്ലാം പ്രതിഫലം കൊടുക്കണമെന്നുണ്ട്. പക്ഷേ തരാൻ നിവർത്തിയില്ലാത്തതുകൊണ്ടാണ്. ലാഭം കിട്ടിയിരുന്നെങ്കിൽ നമുക്ക് അത് കൊടുക്കുന്നതിന് സന്തോഷമേ ഒള്ളൂ. വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമ പൂർത്തീകരിക്കുന്നത്.

ഒരു കോടി എൺപത്തിയെട്ടു ലക്ഷം രൂപ ഈ സിനിമയ്ക്ക് സാറ്റലൈറ്റ് ലഭിച്ചുവെന്ന് ഇവരോട് ആരോ പറഞ്ഞു. അതാണ് ഇപ്പോള്‍ പ്രശ്നമെന്ന് തോന്നുന്നു. സത്യത്തിൽ ഇത്രധികം പൈസ ലഭിച്ചിട്ടുപോലുമില്ല. മാത്രമല്ല ഇവർക്ക് അത് ചോദിക്കാനുള്ള അധികാരമില്ല. അത് നിർമാതാവിന് അവകാശപ്പെട്ടതല്ലേ. അങ്ങനെ കിട്ടിയെങ്കിൽ തന്നെ ഇവർക്കെല്ലാം പ്രതിഫലം നൽകാനാണ് ഞങ്ങൾ ആദ്യം ശ്രമിക്കുക. 

ആദ്യം അവർ ഭീഷണിപ്പെടുത്തി പൈസ മേടിക്കാൻ നോക്കി. ചൈൽഡ് വെൽഫയറിൽ പരാതി നൽകി.  അതിന് ശേഷം ഐജി എനിക്കെതിരെ ഓഫീസിൽ പരാതി നൽകി. ഇതൊന്നും നടക്കാതെയാണ് ഇപ്പോൾ പത്രമാധ്യമങ്ങളുടെ മുന്നിൽ പരാതിയുമായി എത്തിയത്.

ഇവർ കൊടുത്ത പരാതിയിൽ ഡിസിപി ഓഫീസിൽ നിന്ന് എന്നെ വിളിപ്പിച്ചു. കാര്യമെന്തെന്ന് പറയാതെയാണ് എന്നെ വിളിപ്പിച്ചത്. അവിടെ ചെന്നപ്പോഴാണ് ഗൗരവിന്റെ പരാതിയുമായി ബന്ധപ്പെട്ടാമെന്ന് മനസ്സിലായത്. ഗൗരവിന് എത്ര രൂപ കൊടുത്തു എന്നതായിരുന്നു അറിയേണ്ടത്. ഞാൻ അപ്പോൾ തന്നെ നിർമാതാവ് അഭിജിത്തിനെ വിളിച്ച് പൊലീസിന്റെ മുന്നിൽ വച്ചു തന്നെ ലൗഡ്സ്പീക്കറിൽ സംസാരിച്ചു. എന്നാൽ അപ്പോൾ ഞാൻ സ്റ്റേഷനിലാണെന്ന് അഭിജിത്തിന് പോലും അറിയില്ല.

ഇരുപതിനായിരം രൂപ ടി.എ ആയി കൊടുത്തുവെന്നും പിന്നീട് പലപ്പോഴും കടം മേടിച്ചത് ഉൾപ്പെടെ 75000 രൂപയോളം വരുമെന്ന് നിർമാതാവ് ഫോണിലൂടെ പറഞ്ഞു. അതിന് ശേഷം 30000 രൂപ തങ്ങളുടെ കയ്യിൽ നിന്ന് മേടിച്ചെന്ന് പൊലീസിനോട് ഗൗരവും മാതാപിതാക്കളും സമ്മതിച്ചിരുന്നു.

നാൽപത് ലക്ഷം രൂപ ചിലവാക്കിയ സിനിമയ്ക്ക് സാറ്റലൈറ്റ് ലഭിച്ചിട്ടുപോലും ഞങ്ങൾ ഇപ്പോൾ പകുതി കടത്തിലാണ്.സിനിമയെ ഒരുപാട് സ്നേഹിച്ച് പോയി. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. അല്ലാതെ ആരെയും പറ്റിക്കാനോ ചതിക്കാനോ ശ്രമിച്ചിട്ടില്ല–അരുൺ പറഞ്ഞു.