നടിമാരുടെ സംഘടനയെക്കുറിച്ച് അറിയില്ല: ആശ ശരത്ത്

നടിമാരുടെ പുതിയ താരസംഘനയെക്കുറിച്ച്  തനിക്കൊന്നും അറിയില്ലെന്ന് നടി ആശ ശരത്ത്. താൻ വേറൊരു നാട്ടിലാണ് താമസിക്കുന്നത്. സിനിമയിലെ കഥാപാത്രം ചെയ്യാൻ വേണ്ടി മാത്രമാണ് കേരളത്തിലെത്തുന്നത്. വേഷം ചെയ്തു കഴിയുമ്പോൾ തിരിച്ചു പോകുകയും ചെയ്യും. 

പക്ഷെ, തനിക്കൊരു പ്രശ്നം വന്നപ്പോൾ സഹായിച്ചത് സിനിമയിലെ അമ്മ എന്ന സംഘടനയാണ്. ഒപ്പമുണ്ട് ധൈര്യമായി കേസുമായി മുന്നോട്ടു പോകാൻ പറഞ്ഞത് സംഘടനയാണ്. അങ്ങനെയാണ് പ്രതികളെ പിടികൂടിയതെന്നും ആശാശരത്ത് പറഞ്ഞു. 

വിശ്വാസ പൂർവം മൻസൂർ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടിയിൽ പങ്കുവയ്ക്കുകയായിരുന്നു ആശ ശരത്ത്. ഇത് ഗൗതമി ചെയ്യേണ്ട കഥാപാത്രമായിരുന്നു. അവരുടെ ചില വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഫാത്തിബി എന്ന കഥാപാത്രത്തിലേക്ക് താൻ എത്തുന്നതെന്ന് ആശ ശരത്ത് പറഞ്ഞു. ഇൗ കഥാപാത്രം തന്റെ വലിയ ഭാഗ്യവും ഗൗതമിയുടെ വലിയ നഷ്ടവുമാണെന്നും ആശ ശരത് പറഞ്ഞു.