നിവിനും ചാക്കോച്ചനും മഞ്ജുവും ഭാവനയും അമേരിക്കയിലേക്ക്

മലയാളത്തിന്റെ പ്രിയതാരങ്ങളായ നിവി‍ൻ പോളി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, മഞ്ജു വാരിയർ, ഭാവന എന്നിവർ അമേരിക്കയിലേക്ക്. സിനിമയുടെ ഷൂട്ടിങിനല്ല കേട്ടോ ! രണ്ടാമത് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് (NAFA) നൈറ്റിൽ പങ്കെടുക്കാൻ വേണ്ടിയാണ് താരങ്ങൾ അമേരിക്കയിലേക്ക് പറക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, ആശ ശരത്ത്, ദിലീഷ് പോത്തൻ, ആഷിക് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

നഫ്രീഡിയ എന്റര്‍ടെയ്‌ന്മെന്റ് നടത്തുന്ന നാഫയുടെ രണ്ടാമത്തെ പുരസ്‌ക്കാരദാനമാണിത്. ജൂലൈ 22 ശനിയാഴ്ച വൈകിട്ട് 5നു ന്യൂയോർക്കിലെ ബ്രോങ്ക്സ് ലീമാൻ കോളേജ് ഓഡിറ്റോറിയത്തിലാണ് അവാർഡ് നൈറ്റും കലാപരിപാടികളും അരങ്ങേറുന്നത്. നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.  

കഴിഞ്ഞ വർഷം ദുൽക്കർ സൽമാനും പാർവതിയും വിജയ് യേശുദാസുമടക്കം നിരവധി കലാകാരന്മാർ പങ്കെടുത്ത പ്രഥമ നാഫാ അവാർഡ് നൈറ്റിനേക്കാൾ മികച്ച പരിപാടികളാണ് രണ്ടാമത് നാഫാ അവർഡ് നൈറ്റിൽ ഒരുക്കിയിരിക്കുന്നത്. യുവാക്കളുടെ ഹരമായ നിവിൻ പോളി, മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടി മഞ്ചു വാര്യർ, സിനിമാ രംഗത്തെ കാർണവർ മധു, സംവിധായകനും നടനുമായ രഞ്ചി പണിക്കർ, കൂടാതെ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, അജു വർഗീസ്, ടൊവിനോ തോമസ്, ജോജു ജോർജ്, നീരജ് മാധവ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, നടിയും നർത്തകിയുമായ ആശാ ശരത്, ഭാവന, അനുപമ  തുടങ്ങി നിരവധി താരങ്ങൾ പങ്കെടുക്കുന്നു. 

പ്രശസ്ത സിനിമാ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് കലാപരിപാടികൾ  സംവിധാനം ചെയ്യുന്നത്. 

ഹാസ്യത്തിന്റെ തമ്പുരാൻ രമേശ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ പരിപാടികൾക്ക് ഹാസ്യത്തിന്റെ മേമ്പൊടിയേകും. പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ് നേതൃത്വം നൽകുന്ന മ്യൂസിക് ടീമിൽ, മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ ഉണ്ണി മേനോൻ, വാണി ജയറാം, സയനോര, സൂരജ്, സംഗീത സംവിധായകൻ ബിജിപാൽ തുടങ്ങിയവരും പങ്കെടുക്കുന്നു.  കേരളത്തിൽ വിവിധ ടിവി ചാനലുകൾ നടത്തുന്ന അവാർഡ് നിശയോടു കിടപിടിക്കുന്ന സജ്ജീകരണങ്ങളാണ് നാഫാ അവാർഡ് നൈറ്റിനുവേണ്ടി നടത്തിവരുന്നതെന്ന് സംഘാടകർ പറഞ്ഞു. 

പുരസ്കാരത്തിന് അർഹരായവർ

മികച്ച ചിത്രം മഹേഷിന്റെ പ്രതികാരം (സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മ്മാതാവ് ആഷിക് അബു)

സംവിധായകന്‍ രാജീവ് രവി (കമ്മട്ടിപ്പാടം)

നടന്‍  നിവിന്‍ പോളി (ജേക്കബിന്റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു)

നടി മഞ്ജു വാര്യര്‍ (കരിങ്കുന്നം സിക്‌സസ്, വേട്ട)

സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ നിര്‍മ്മാതാവ് കുഞ്ചാക്കോ ബോബന്‍ (കെപിഎസി)

തിരക്കഥ ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം)

സംഗീത സംവിധായകന്‍ ബിജിബാല്‍ (മഹേഷിന്റെ പ്രതികാരം)

ഗായകന്‍ ഉണ്ണി മേനോന്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം)

ഗായിക വാണി ജയറാം (ആക്ഷന്‍ ഹീറോ ബിജു)

ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)

സഹനടന്‍ രണ്‍ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം)

സഹനടി ആശാ ശരത്ത് (പാവാട, അനുരാഗ കരിക്കിന്‍വെള്ളം)

ജനപ്രിയ നായകന്‍ ബിജു മേനോന്‍ (അനുരാഗ കരിക്കിന്‍വെള്ളം)

ജനപ്രിയ ചിത്രം  എബ്രിഡ് ഷൈന്‍ (ആക്ഷന്‍ ഹീറോ ബിജു)

നവാഗത സംവിധായകന്‍ ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം)

നോര്‍ത്ത് അമേരിക്കയില്‍നിന്നുള്ള നവാഗത സംവിധായകന്‍ ജയന്‍ മുളങ്കാട് (ഹലോ നമസ്‌തേ)

ക്യാരക്ടര്‍ നടന്‍ ജോജു ജോര്‍ജ് (ആക്ഷന്‍ ഹീറോ ബിജു, 10 കല്‍പനകള്‍)

വില്ലന്‍ ചെമ്പന്‍ വിനോദ് (കലി )

എന്റര്‍ടെയ്‌നര്‍ അജു വര്‍ഗീസ്

ഹാസ്യനടന്‍ സൗബിന്‍ ഷാഹിര്‍

ന്യൂ സെന്‍സേഷണല്‍ ആക്ടര്‍ ടോവിനോ തോമസ് (ഗപ്പി)

ന്യൂ സെന്‍സേഷണല്‍ ആക്ട്രസ് അപര്‍ണ ബാലമുരളി (മഹേഷിന്റെ പ്രതികാരം)

ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് വിനായകന്‍

പ്രത്യേക പരാമര്‍ശം വിനയ് ഫോര്‍ട്ട്, നീരജ് മാധവ്

നാഫാ നൊസ്റ്റാള്‍ജിയ മധു, ഷീല