Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണ്ടൊരു പ്രേം നസീർ ഉണ്ടായിരുന്നു: മാമുക്കോയ

mamukoya-dileep

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ സിനിമാ മേഖലയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പലതും സിനിമാക്കാരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നവയാണ്. ഒാണക്കാലത്ത് താരങ്ങൾ ചാനലുകളോട് സഹകരിക്കില്ലെന്ന വാർത്തയും ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ജനങ്ങൾ ശരിക്കും തീയറ്ററിൽ നിന്നകന്നോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് നടൻ മാമുക്കോയ. 

എന്നാൽ, ഇത്തരം ആശങ്കകൾക്കൊന്നും അടിസ്ഥാനമില്ലെന്നും നല്ല സിനിമകൾ വന്നാൽ ജനം തീയറ്ററിൽ കയറും എന്ന പക്ഷക്കാരനാണ് നടൻ മാമുക്കോയ. നല്ല കഥയുള്ള സിനിമകൾ വരണം. എന്നാലേ പൊതുജനത്തെ തീയറ്ററിലേക്കാകർഷിക്കാൻ കഴിയൂ. വിവാദങ്ങളൊക്കെ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ വാർത്തകൾ അറിയാനായി ടിവി വയ്ക്കാറില്ല. പത്രത്തിൽ കാണാറുണ്ട്. ഇത്തരം വാർത്തകൾക്കൊന്നും ഞാൻ ചെവി കൊടുക്കാറില്ല. സിനിമയില്ലാത്ത സമയത്ത് കുടുംബകാര്യങ്ങൾ നോക്കി വീട്ടിലിരിക്കും. സിനിമാക്കാരിലും വളരെ ചുരുക്കം ചിലരുടെ നമ്പർ മാത്രമേ എന്റെ കയ്യിലുള്ളൂ. അത്കൊണ്ട് ആരെയും ഞാൻ വിളിക്കാറില്ല. 

തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കും. നമ്മൾ ആരെയും ഉപദ്രവിക്കരുത്. അതിനുള്ള ശിക്ഷ എന്നായാലും ലഭിക്കും. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കോടതി ശിക്ഷിക്കട്ടെ. മാധ്യമങ്ങൾക്ക് വേറെ വാർത്ത കിട്ടുമ്പോൾ അവർ അതിനു പിന്നാലെ പോകും. എല്ലാമേഖലയിലും കള്ളന്മാരുണ്ട്. രാഷ്ട്രീയത്തിലില്ലേ. എന്നുവച്ച് എല്ലാ രാഷ്ട്രീയക്കാരെയും കുറ്റം പറയാനൊക്കുമോ? സിനിമ കലയായതുകൊണ്ട് ജനങ്ങൾക്ക് കൂടുതൽ താൽപര്യമുണ്ട്  എന്നത് സത്യമാണ്.

സിനിമയിലുള്ളവർക്ക് മാത്രമല്ല, ഇൗ ലോകത്തുള്ള എല്ലാവർക്കും പണത്തോട് ആർത്തിയുണ്ട്. ആരും പണം വേണ്ടെന്ന് പറയില്ല. ഭക്ഷണമാണെങ്കിൽ മതി എന്ന് പറയും. പണ്ടൊരു പ്രേം നസീർ ഉണ്ടായിരുന്നു.  സിനിമ പരാജയപ്പെട്ടാൽ അദ്ദേഹം സ്വന്തം കീശയിൽ നിന്ന് കാശെടുത്ത് സിനിമയെടുത്തവരെ സഹായിക്കാമായിരുന്നു. ഇപ്പോൾ അങ്ങനെ മനസുള്ളവരാരുമില്ല.

സിനിമയിൽ സഹപ്രവർത്തകരായ സ്ത്രീകളെ അമ്മയായും പെങ്ങളായും മക്കളായുമെക്കെ കാണാനുള്ള പക്വത എല്ലാവർക്കുമുണ്ട്. അമ്മയുടെ മീറ്റിങ് നടന്ന സമയത്ത് ഞാൻ ദുബായിലായിരുന്നു. പെരുന്നാൾ സീസണായിരുന്നു അത്. അന്ന് ഞാൻ ഇന്നസെന്റിനോട് ഫോണിൽ പറ‍ഞ്ഞിരുന്നു ദിലീപ് വിഷയം ചർച്ചയ്ക്കെടുക്കേണ്ട, നമുക്ക് ആ വിഷയത്തിൽ നിലപാടെടുക്കാൻ കഴിയില്ല എന്ന്. അന്നവർ അത് ചർച്ചചെയ്തില്ല എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ മാധ്യമപ്രവർത്തകർ ദിലീപിന്റെ കാര്യം എടുത്ത് ചോദിച്ചപ്പോഴാണ് സംഗതി കുഴഞ്ഞു മറിഞ്ഞത്. മാമുക്കോയ മനോരമ ന്യൂസ് ഡോട്ട് കോമിനോടു പറഞ്ഞു.