വിജയ്‌യെയും സൂര്യയെയും ചൊല്ലി മലയാളതാരങ്ങൾ തമ്മിലടി!

മലയാളത്തിൽ മമ്മൂട്ടി–മോഹൻലാൽ ആരാധകരുടെ ഫാൻഫൈറ്റ് പോലെതന്നെയാണ് തമിഴകത്ത് സൂര്യ–വിജയ് ആരാധകരുടെ കാര്യവും. തമിഴിൽ മാത്രമല്ല മലയാളത്തിലും ഇരുവർക്കും കടുത്ത ആരാധകരുണ്ട്. മലയാളിപ്രേക്ഷകർ മാത്രമല്ല താരങ്ങളും ഇവരുടെ ആരാധകരാണ്.

നടി അനുശ്രീ കടുത്ത സൂര്യ ആരാധികയാണെന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കാരണം അനുശ്രീക്ക് ഇപ്പോൾ ട്രോളോടു ട്രോൾ ആണ്. അതും വിജയ് ആരാധകനായ ഒരു നടൻ ഉൾപ്പടെയുള്ളവരാണ് ട്രോളുമായി എത്തിയത്.

സണ്ണി വെയ്‍ൻ നായകനാകുന്ന പോക്കിരിസൈമൺ എന്ന ചിത്രം വിജയ് ആരാധകരുടെ കഥയാണ്. വിജയ്‌യുടെ വലിയ ഫ്ലക്സിനു മുന്നിൽ നിൽക്കുന്ന സണ്ണി വെയ്ന്റെ ഒരു ഫോട്ടോയും സൂര്യയുടെ പിറന്നാൾ ദിനം ആഘോഷിക്കുന്ന ഫോട്ടോയും നടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കിൽ ഇതു റിയൽ ലൈഫ് ആണെന്നായിരുന്നു പോസ്റ്റ്. 

ഇതിനു ശേഷമാണ് ചിത്രത്തിനു താഴെ വിജയ് ഫാൻസ് ട്രോളുമായി എത്തിയത്. നടനും കടുത്ത വിജയ് ആരാധകനുമായ ബിനീഷ് ബാസ്റ്റിനും നടിയുടെ പോസ്റ്റിനു താഴെ അഭിപ്രായവുമായി എത്തി. 

ട്രോള് കൂടിയതോടെ അവസാനും നടി തന്നെ പോസ്റ്റ് പിൻവലിക്കുകയുണ്ടായി. ബിനീഷും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി.

ബിനീഷിന്റെ കുറിപ്പ് വായിക്കാം – ഇന്ന് രാവിലെ അനുശ്രീ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ്‌ ചെയ്തിരുന്നു, അതിനു മറുപടി ആയി ഞാനും പോസ്റ്റ്‌ ഇട്ടു. പക്ഷേ കുറച്ചു മുൻപ് അനുശ്രീ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു .അപ്പോൾത്തന്നെ ഞാനും ഡിലീറ്റ് ചെയ്തു. കാരണം റിപ്ലൈ ആയി ഇട്ട പോസ്റ്റ്‌ പിന്നെ വെറുതെ ഞാൻ എന്തിനു അക്കൗണ്ടിൽ ഇട്ടിരിക്കണം. 

പിന്നെ, കുറച്ചുപേർ പറയുന്നുണ്ട് ഞാൻ സൂര്യ ഫാൻസിന്റെ കമന്റ്‌ കണ്ടത് കൊണ്ട് ആണ് ഡിലീറ്റ് ചെയ്തത് എന്ന്. എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല. ഇങ്ങനെ ഒക്കെ പറഞ്ഞു നിങ്ങളുടെ വിഷമം തീർക്കാൻ പറ്റുമെങ്കിൽ പറഞ്ഞോ. എനിക്ക് ഒരു കുഴപ്പവും ഇല്ല . എനിക്ക് സപ്പോർട്ട് ആയി വിജയ് അണ്ണന്റെ ഫാൻസ്‌ ഉണ്ട് എനിക്ക് അത് മതി എന്നും.