മഞ്ജു വാരിയർ കൊൽക്കത്തയിൽ; പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്

മീനാക്ഷിയെ കാണാൻ ദിലീപിന്റെ ആലുവയിലെ തറവാട്ടു വീട്ടിൽ മഞ്ജു വാരിയർ എത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മഞ്ജുവാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കൂടാതെ ദിലീപ് നൽകിയ ജാമ്യാപേക്ഷയിലും മഞ്ജുവിന്റെ പേര് പരാമർശിച്ചിട്ടുണ്ട് . ഇക്കാര്യം സംബന്ധിച്ച് മീനാക്ഷിയ്ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് മഞ്ജു തറവാട്ടില്‍ എത്തിയതെന്നായിരുന്നു വാര്‍ത്ത.

എന്നാൽ പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മഞ്ജു വാരിയർ കൊൽക്കത്തയിലാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം.

എന്നാല്‍, കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപിനെ പോലെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.