Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന് ജാമ്യം

dileep-bail

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജാമ്യം. 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചു കൊടുക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചനയാണ് കുറ്റമെന്നും അതിന് ജയിലിൽ തുടരേണ്ടതില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും അവസാന ഘട്ടത്തിലാണെന്നുമാണ് കോടതി വിലയിരുത്തൽ. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയത്.

താഴെപ്പറയുന്നവയാണ് ഉപാധികൾ

∙ ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണം

∙രണ്ട് ആൾ ജാമ്യം

∙ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം

∙അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം

∙സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തി അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.