പ്രണവിന്റെ പരുക്ക്; ജീത്തു പറയുന്നു

ജീത്തു ജോസഫ് ചിത്രം ആദിയുടെ ഷൂട്ടിങ്ങിനിടെ പ്രണവ് മോഹൻലാലിന് പരുക്കു പറ്റിയെന്ന വാർത്ത ശരി വച്ച് ജീത്തു. ചിത്രീകരണം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും സംവിധായകൻ സ്ഥിരീകരിച്ചു.

‘ഒരു ആക്‌ഷൻ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്ക്ക് പരുക്കേറ്റത്. രക്തം വാർന്നൊഴുകാൻ തുടങ്ങിയപ്പോൾ പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രണവ് ഇപ്പോൾ വിശ്രമത്തിലാണ്. പരുക്ക് ഭേദമായ ശേഷമേ ഷൂട്ടിങ് പുനരാരംഭിക്കൂ. അടുത്തതായി ചിത്രീകരിക്കാനിരിക്കുന്ന രംഗങ്ങളും ആക്‌ഷന് പ്രാധാന്യമുള്ളതാണ്.’– ജീത്തു ജോസഫ് പറഞ്ഞു.

ആദിയുടെ അവസാന ഷെഡ്യൂളിൽ മൂന്നു ദിവസത്തെ ഷൂട്ടിങ് മാത്രം ശേഷിക്കുമ്പോഴാണ് പ്രണവിന് അപകടമുണ്ടായത്. ഹൈദരാബാദിലെയും കൊച്ചിയിലെയും ഓരോ ദിവസത്തെ ഷൂട്ടിങ്ങാണ് പൂർത്തിയാക്കാനുള്ളത്.

പ്രണവ് നായകനായി അരങ്ങേറുന്ന ആദി ആക്‌ഷന്‍ ത്രില്ലറാണ്. പ്രണവിന്റെ ആക്‌ഷൻ രംഗങ്ങളാകും ആദിയുടെ ഹൈലൈറ്റ്. സിനിമയ്ക്കായി പ്രത്യേക പാർക്കൗർ പരിശീലനവും പ്രണവ് നടത്തിയിരുന്നു. മുന്നിലുള്ള മതിലും ചെറിയ തടസങ്ങളും മറികടക്കാൻ ശരീരം വഴക്കമുള്ളതാക്കുന്ന പരിശീലന മുറയാണ് പാർക്കൗർ. അക്രോബാറ്റിക് രീതിയിലുള്ള ശാരീരികാഭ്യാസമാണിത്. ഹോളിവുഡ് സിനിമകളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്.

അദിതി രവി, അനുശ്രീ, ലെന എന്നിവരാണ് ആദിയിലെ നായികമാർ. സിദ്ദിഖ്, സിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക്ക് എന്നിവരാണ് മറ്റു താരങ്ങൾ. ആദി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. മൂന്നു സ്ത്രീകഥാപാത്രങ്ങളുടെയും ആദി എന്ന നായകന്റെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ‌‌‌ജഗപതി ബാബുവാണ് വില്ലനായി എത്തുക.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ആദിയുടെ നിർമാണം. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സംഗീതം: അനിൽ ജോൺസൺ, എഡിറ്റിങ്: അയൂബ് ഖാൻ. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.