ദിലീപിന്റെ കമ്മാരസംഭവം; സിദ്ധാർത്ഥിന് നന്ദി പറഞ്ഞ് സംവിധായകൻ

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിന് ശേഷം ദിലീപ് വീണ്ടും അഭിനയിച്ച് തുടങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. രാമലീലയുടെ വൻ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം.

സിനിമയുടെ അവസാനഘട്ട ചിത്രീകരണം തേനിയിൽ ഇന്ന് ആരംഭിച്ചു.  കഴിഞ്ഞ മാസം 27നു ചെന്നൈ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് ദിലീപ് ദുബായിലേക്ക് പോയത്. തേനി, കൊച്ചി, മലയാറ്റൂർ എന്നിവിടങ്ങളിൽ ആയി 12 ദിവസത്തെ ചിത്രീകരണം ആണ് ഇനി ബാക്കി ഉള്ളത്. ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കമ്മാരസംഭവം വിഷുവിനു തീയറ്ററുകളിൽ എത്തും.

തമിഴ് നടൻ സിദ്ധാർത്ഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം സിദ്ധാർത്ഥ് പൂർത്തിയാക്കി. സിനിമയ്ക്ക് വേണ്ടി സിദ്ധാർത്ഥ് എടുത്ത ത്യാഗത്തിന് നന്ദി പറയുന്നുവെന്ന് സംവിധായകൻ രതീഷ് അമ്പാട്ട് അറിയിച്ചു. ദിലീപിനും സിദ്ധാർത്ഥിനുമൊപ്പം നിൽക്കുന്നൊരു ചിത്രവും ഫെയ്സ്ബുക്കിലൂടെ സംവിധായകന്‍ പങ്കുവച്ചു.

കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്. മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്.  കഴിഞ്ഞ മാസം മലപ്പുറത്ത് സിനിമയുടെ ചിത്രീകരണം  പുനഃരാരംഭിച്ചിരുന്നെങ്കിലും ദിലീപ് അഭിനയിച്ചിരുന്നില്ല. 

മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ത സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തിലെത്തുന്നു. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാനലൊക്കേഷൻ.