നസ്രിയ എന്റെ കുഞ്ഞനുജത്തി, ലൂസിഫർ ജൂണിൽ; പൃഥ്വി പറയുന്നു

പൃഥ്വിരാജിന്റെ പുതിയ ചിത്രം വിമാനം പ്രേക്ഷകരിേലക്ക് പറന്നിറങ്ങാൻ ഒരുങ്ങുകയാണ്. നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം. ഡിസംബർ 22ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. അതേസമയം തന്റെ ആദ്യ സംവിധാനസംരഭമായ ലൂസിഫർ അടുത്ത വർഷം ജൂണിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വി.

പൃഥ്വിയുടെ വാക്കുകളിലേക്ക്–

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാളെയാണ് വിമാനത്തിൽ ഞാൻ അവതരിപ്പിക്കുന്നത്. ചെറുപ്പംമുതലെ കേൾവിശക്തിക്ക് തകരാറുള്ള ഒരു യുവാവ്. മിടുക്കനാണെങ്കിലും കുട്ടിക്കാലത്തെ അവൻ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. ബധിരനായതിനാൽ കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെയാണ് പഠനം അവസാനിപ്പിക്കുന്നത്.

തൊടുപുഴ സ്വദേശിയായ സജി തോമസിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ സിനിമയെങ്കിലും ഇതൊരു ബയോപിക് അല്ല. സജിയുടെ ജീവിതം അടുത്തറിഞ്ഞ ശേഷമാണ് പ്രദീപിന് ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന ചിന്ത ഉടലെടുക്കുന്നത്. അത് മാത്രമാണ് ഈ സിനിമയ്ക്ക് സജിയുമായുള്ള ബന്ധം. ഈ കഥാപാത്രത്തിന്റെ ആവിഷ്കരണത്തിൽ സജി ഒരിക്കലും ഭാഗമായിട്ടില്ല.

ലൂസിഫറിന്റെ തിരക്കഥ പൂർത്തിയായി വരുന്നു. അടുത്ത വർഷം മെയ് അവസാനമോ ജൂൺ തുടക്കത്തിലോ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ലൂസിഫർ വലിയൊരു സിനിമയാണ്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പേര് ആണ് ആ വലിപ്പത്തിന് കാരണം. എന്നിരുന്നാലും പ്രേക്ഷകരാണ് ആ ചിത്രം വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കേണ്ടത്. മുരളി ഗോപിയുടെ തിരക്കഥ എന്റെ കണ്ണിലൂടെ കാണുന്നതാണ് ലൂസിഫർ. ആളുകൾക്ക് അത് ഇഷ്ടമാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

ആടുജീവിതത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. സിനിമയുടെ ആദ്യ ഷെഡ്യൂളിനായി ശരീരഭാരം കുറയ്ക്കണമെന്ന് ബ്ലെസി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള പരിശ്രമത്തിലാണ്. അതിന് ശേഷം ലൂസിഫർ തുടങ്ങും, അത് പൂർത്തിയായതിന് ശേഷം ആടുജീവിതം പുനഃരാരംഭിക്കും.

എനിക്ക് ഞാനുൾപ്പെടുന്ന എന്റെ സിനിമാലോകത്തെക്കുറിച്ച് മാത്രമാണ് ആധികാരികമായി സംസാരിക്കാനാകുക. എന്നാൽ അതിന് വെളിയിൽ മറ്റൊരു ലോകമുണ്ട്. അവിടെ വേറെ ആളുകളും. എനിക്ക് പരാതികളൊന്നുമില്ല. ഞാൻ എന്റേതായ രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്റെ സിനിമാലോകത്ത് നിന്നോ സിനിമകളിൽ നിന്നോ സ്ത്രീകളിൽ നിന്നും യാതൊരു പരാതിയും ഉണ്ടാകില്ലെന്ന് ഉറപ്പ് തരാൻ സാധിക്കും.

എനിക്ക് ഒരുപാട് മനസ്സിലാക്കാൻ കഴിയുന്ന സംവിധായികയാണ് അഞ്ജലി മേനോൻ. അവർക്ക് തിരിച്ചും അങ്ങനെ തന്നെ. അവരോടൊപ്പം പ്രവർത്തിക്കുക ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അഞ്ജലിയുടെ ആദ്യചിത്രം മഞ്ചാടിക്കുരു എനിക്ക് ഏറെ ഇഷ്ടമാണ്. അവരുടെ മികച്ച സിനിമയും അതുതന്നെയെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ ഞാൻ അവർക്കൊപ്പം ചെയ്യുന്നതും വളരെ പ്രത്യേകതകളുള്ള സിനിമയാണ്. അതിമനോഹരമായാണ് അവര്‍  അത് എഴുതിയിരിക്കുന്നത്. സ്ക്രീനിലും അത് മനോഹരമായി പ്രതിഫലിപ്പിക്കുകയാണ് ഇനിയുള്ള െവല്ലുവിളി.

നസ്രിയ എനിക്ക് ഇപ്പോൾ കുഞ്ഞനുജത്തിയെപ്പോലെയാണ്. നസ്രിയയെ പരിചയപ്പെട്ടതുമുതൽ ഇത്പോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ. പാർവതി എന്റെ സഹതാരം മാത്രമല്ല നല്ലൊരു സുഹൃത്ത് കൂടിയാണ്. ഞങ്ങൾ ഒരുപാട് സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചു. അഞ്ജലിയുടെ സിനിമയിൽ മികച്ചൊരു കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

ടിയാന്റെ പരാജയത്തിന് കാരണക്കാർ ഞങ്ങൾ മാത്രമാണ്. തിരക്കഥയിൽ ഞങ്ങളെല്ലാം വളരെ ആകാംക്ഷയിലായിരുന്നു. ത്രില്ലടിപ്പിക്കുന്ന തിരക്കഥയായിരുന്നു ആ സിനിമയുടേത്. ചില ആളുകൾക്ക് ആ ചിത്രം ഇഷ്ടപ്പെട്ടു. എന്നാൽ കൂടുതൽ ആളുകളെയും ടിയാൻ നിരാശപ്പെടുത്തി. പ്രേക്ഷകർക്ക് മനസ്സിലാകാത്തതുകൊണ്ടാണ് ആ സിനിമ പരാജയപ്പെട്ടതെന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. അത് ആ സിനിമയുടെ തെറ്റ് ആയിരുന്നെന്നാണ് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നത്. നമ്മൾ ആഗ്രഹിച്ച കാര്യം കൃത്യമായി ആളുകളിലേക്ക് എത്തിക്കാൻ കഴിയാതെ പോയതാണ് ടിയാനിൽ സംഭവിച്ചത്.