നാദിർഷയ്ക്കൊപ്പം നടൻ ധർമജൻ തമിഴിലേക്ക്

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ നാദിർഷ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന  ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്ന ചിത്രത്തിലൂടെയാണ് ധർമജൻ തമിഴിലെത്തുന്നത്. സൂപ്പർഹിറ്റ് ചിത്രമായ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ റീമേക്കാണ് ഈ സിനിമ. മലയാളത്തിൽ ധർമജൻ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെ തമിഴിലും ചെയ്യും. തമിഴിലെ പ്രശസ്ത അവതാരകനാണ് നായകവേഷത്തിൽ എത്തുന്നത്.

തമിഴ് സൂപ്പർതാരം അജിത്തിനെപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.  തമിഴിൽ നിന്നുള്ള താരങ്ങളാകും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുക. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം വിവേക് അവതരിപ്പിക്കും. മലയാളത്തിൽ നിന്നും ധര്‍മജൻ മാത്രമായിരിക്കും അഭിനയിക്കുക. നായിക പുതുമുഖം. ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അടുത്തവർഷം ജനുവരി 14നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണിയാണ് നാദിർഷയുടെ ആദ്യ ചിത്രം. 2016ൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ ഒരുക്കി. സംവിധാനത്തിന് പുറമെ സംഗീത സംവിധാനരംഗത്തും നാദിർഷയ്ക്ക് തിരക്കേറി വരികയാണ്. മലയാളത്തിൽ പുതുതായി പുറത്തിറങ്ങുന്ന നാല് പുതിയ പ്രോജക്ടുകൾക്ക് സംഗീതമൊരുക്കുന്നത് നാദിർഷയാണ്.

ജയറാമിനെ നായകനാക്കി സലിം കുമാറും രമേഷ് പിഷാരടിയും സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളുടെയും സംഗീതസംവിധാനം നിർവഹിക്കുന്നത് നാദിർഷയാണ്. കൂടാതെ കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം, രഞ്ജിത് നിർമിക്കുന്ന അടുത്ത ചിത്രം, ആദില്‍ നായകനാകുന്ന ഹലോ ദുബായിക്കാരൻ എന്നിവയുടെ ഈണങ്ങളും അദ്ദേഹം തന്നെ.