ഒടിയന്‍ എന്തായി; കളിയാക്കിയവര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍മേനോന്‍

ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ സംവിധായകൻ ശ്രീകുമാര്‍ മേനോന്‍. ഒടിയന്റെ അവസാനഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.

ശ്രീകുമാർ മേനോന്റെ കുറിപ്പ് വായിക്കാം–

‘ഒടിയൻ എന്തായി, ഷൂട്ടിങ് എപ്പോൾ തുടങ്ങും?’ എന്ന കളിയായും, കാര്യമായും ഒക്കെ കേട്ട ചോദ്യങ്ങൾക്കുള്ള മറുപടിയാണ് എനിക്ക് ഈ ദിവസം. ഞാൻ കണ്ട സിനിമാ സ്വപ്നങ്ങളിലെ ഒരു ബൃഹത്തായ കടമ്പയുടെ അവസാന ഘട്ടത്തിലേക്കാണ് ഇന്ന് മുതൽ ഞാൻ ഉൾപ്പെടുന്ന ഒരു വലിയ സംഘം കാലെടുത്തു വയ്ക്കുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂൾ ഇന്ന് പുനരാരംഭിക്കുമ്പോൾ നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പകർന്നു തന്ന പ്രതീക്ഷയുടേയും ആശംസകളുടേയും ഊർജ്ജമാണ് എനിക്ക്. മോഹൻലാൽ എന്ന വിസ്മയത്തിനുമേലുള്ള നിങ്ങളുടെ സ്നേഹപ്രവാഹം മറ്റൊരു ലാലേട്ടൻ ഫാനായ എനിക്ക് നൽകുന്ന ആവേശം വളരെ വലുതാണ്.

ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവ് എനിക്ക് നൽകുന്നത് ഒരു സഹോദരന്റെ കരുതലാണ്. ഷാജിയും, പീറ്റർ ഹെയ്‌നും, പദ്മകുമാറും, പ്രശാന്തും, സജിയും മുതൽ ആർട്ട്, ലൈറ്റ്, കോസ്റ്റ്യൂംസ്, ജിമ്മി ജിബ് പ്രൊഡക്ഷൻ തുടങ്ങി ഡ്രൈവർമാർ ഉൾപ്പെടുന്ന എല്ലാവരും ഇനി മുതൽ രാവും പകലുമില്ലാതെ ഒരു കുടുംബമായി ഒടിയനൊപ്പം ഉണ്ടാവും.

പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ഒടിയനെ നിങ്ങൾക്ക് മുൻപിൽ എത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂൾ, അത് ശുഭമാക്കി തീർക്കുക എന്നത് മാത്രമേ മുന്നിൽ കാണുന്നുള്ളു. കൂടുതൽ വാർത്തകളും ചിത്രങ്ങളും കാണാതെ വരുമ്പോഴുള്ള നിങ്ങളുടെ അക്ഷമയും ആകാംശയും ഞാൻ മനസ്സിലാക്കുന്നു, വരും ദിവസങ്ങളിൽ ഷൂട്ടിംഗ് പുരോഗതിക്കനുസരിച്ച് വിവരങ്ങൾ നിങ്ങളിൽ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.

നെഞ്ചിനകത്ത് ലാലേട്ടനെ കൊണ്ട് നടക്കുന്ന നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥന ഞങ്ങൾക്കുമേൽ ഉണ്ടാവും എന്ന വിശ്വാസത്തിൽ ഞാൻ ഉറക്കെ വിളിച്ചു പറയട്ടെ...സ്റ്റാർട്ട് ക്യാമറ, ആക്ഷൻ!