‘ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി എത്തുകയാണ്’

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്തിയ കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിചാരണ നടപടികൾ തുടങ്ങും. കേസിലെ മുഖ്യപ്രതികളായ സുനിൽകുമാർ (പൾസർ സുനി), നടൻ ദിലീപ് എന്നിവരടക്കം മുഴുവൻ പ്രതികളോടും ഇന്നു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ആക്രമണത്തിന് ഇരയായ നടിയും കോടതിയില്‍ എത്തിയേക്കും. വിചാരണ തുടങ്ങുന്ന സാഹചര്യത്തിൽ നടിയെ പിന്തുണച്ച് വനിതാസംഘടന രംഗത്തെത്തി.

‘താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നൽകാനും തയ്യാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് #അവൾക്കൊപ്പം..’–വിമൻ കലക്ടീവ് പറഞ്ഞു.

കേസിന്റെ വിചാരണ തീയതി ഇന്നു കോടതി നിശ്ചയിച്ചേക്കും. റിമാൻഡിൽ കഴിയുന്ന പൾസർ സുനിയടക്കമുള്ള പ്രതികൾക്കു പ്രൊഡക്‌ഷൻ വാറന്റും ജാമ്യത്തിൽ കഴിയുന്ന ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കു സമൻസും കോടതി പുറപ്പെടുവിച്ചിരുന്നു. 2017 ഫെബ്രുവരി 17നാണു തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.

അന്വേഷണസംഘം ആദ്യ കുറ്റപത്രം നൽകിയ ശേഷമാണു ഗൂഢാലോചനക്കുറ്റത്തിനു നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത് എട്ടാം പ്രതിയാക്കിയത്. കേസിലെ മറ്റു പ്രതികൾ: കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയിൽ മാർട്ടിൻ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പിൽ മണികണ്ഠൻ, കതിരൂർ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പിൽ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തിൽ പ്രദീപ്, കണ്ണൂർ ഇരിട്ടി പൂപ്പള്ളിയിൽ ചാർലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനിൽ സനിൽകുമാർ, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടിൽ വിഷ്‌ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പിൽ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്‌വേ പാന്തപ്ലാക്കൽ അഡ്വ. രാജു ജോസഫ്.