‘ആദ്യം ബലംപിടിക്കും പിന്നെ മന്ദാരപ്പൂ പോലെ മമ്മൂട്ടിയുടെ മുഖം വിടരും’

ആദ്യകാല സിനിമകൾ മുതലേ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി. അമരം സിനിമയിലെ അഭിനയത്തിന് തനിക്കു ലഭിച്ച ദേശീയ അവാർഡ് മമ്മൂട്ടിക്ക് അർഹതപ്പട്ടതാണെന്ന് കെപിഎസി ലളിതയും. സിനിമാ അഭിനയരംഗത്ത് 50 വർഷം പൂർത്തിയാക്കിയ കെപിഎസി ലളിതയ്ക്ക് സ്നേഹാദരം അർപ്പിച്ച് സംഘടിപ്പിച്ച ‘ലളിതം 50’ ചടങ്ങിലാണ് അവർ തന്റെ അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ചത്. പരിപാടിയുടെ ഫുൾ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

‘മമ്മൂട്ടിയുടെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു. എന്റെ ഭർത്താവിന്റെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭരതന്‍ ചേട്ടന്റെ സിനിമയിൽ മമ്മൂട്ടി അഭിനയിക്കുമ്പോൾ ഞാൻ ലൊക്കേഷനിൽ ചെല്ലും. ആദ്യം ഇച്ചിരിയൊന്ന് ബലംപിടിക്കും. അത് വകവെയ്ക്കാതെ അദ്ദേഹത്തിന്റെ അടുത്തേക്ക് നമ്മൾ ചെന്നുകഴിഞ്ഞാൽ, പിന്നെ മന്ദാരപ്പൂ പോലെയാണ് അദ്ദേഹത്തിന്റെ മുഖം വിടരുന്നത്. അതാണ് മമ്മൂട്ടിയുടെ മനസ്സ്.’കെപിഎസി  ലളിത പറയുന്നു.

അമരം സിനിമയുടെ ഡബ്ബിങ് സമയത്ത് മമ്മൂട്ടിയാണ് തന്നെ ഏറ്റവുമധികം സഹായിച്ചത്. സംവിധായകനും ഭർത്താവുമായ ഭരതൻ പോലും ആ സമയത്ത് കൂടെ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ സഹായം സിനിമയിലെ അരയഭാഷ സംസാരിക്കുന്നതിൽ ഏറെ സഹായിച്ചു. ആ സിനിമയിൽ ദേശീയ അവാർഡ് കിട്ടിയെങ്കിൽ അതിന്റെ ഉടമസ്ഥൻ മമ്മൂട്ടിയാണ്. – ലളിത പറഞ്ഞു. ലളിതയ്ക്ക് ഒരു മുത്തം നൽകാമോയെന്ന അവതാരികയുടെ ചോദ്യം കേട്ട് മമ്മൂട്ടി മുത്തം നൽകിയപ്പോൾ സദസ് കയ്യടികളോടെ ആ സ്നേഹപ്രകടനത്തെ സ്വീകരിച്ചു. 

ലളിതയോടൊപ്പമാണ് അഭിനയിക്കേണ്ടത് എന്നു കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്ന് ഇന്നസന്റ് പറഞ്ഞു. ‘കൂടെ അഭിനയിക്കുന്നവർ നന്നാവുമ്പോൾ മാത്രമാണ് എന്റെയും അഭിനയം കൂടുതൽ നന്നാവുന്നത്. അതിനാൽ ലളിതയുടെ ജോടി ആയി അഭിനയിക്കുന്നതിൽ എന്നും സന്തോഷമാണ്.’–ഇന്നസന്റ് പറഞ്ഞു. ഇന്നത്തെ സിനിമകളിൽ കാണുന്ന സ്വാഭാവിക അഭിനയം മലയാള സിനിമയിൽ തുടങ്ങിവച്ചത് ലളിതയാണെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞു.

മമ്മൂട്ടി പറഞ്ഞ രഹസ്യം ജയറാം പരസ്യമാക്കി

കെ.പി.എ.സി. ലളിതയെ തൃശൂരില്‍ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മമ്മൂട്ടി. ജയറാമിന്റെ രൂപമാറ്റം കണ്ട ഉടനെ മമ്മൂട്ടി കാതില്‍ പറഞ്ഞു. ‘‘തലയില്‍ മുടി പോയപ്പോള്‍ വീണ്ടും ചെറുപ്പമായല്ലോ?.. ഈ തലയും മുടിയും വച്ച് ഒരുപാട്കാലം നിലനില്‍ക്കുമല്ലേ?’’ മമ്മൂട്ടി ഈ പറഞ്ഞ ഡയലോഗ് ജയറാം സ്റ്റേജില്‍ പ്രസംഗിക്കുന്നതിനിടെ പരസ്യമാക്കി. മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ ഈയൊരു കമന്റ് വലിയ അംഗീകാരമാണെന്നായിരുന്നു ജയറാം കൂട്ടിചേര്‍ത്തത്. 

ലളിതയില്ലെങ്കില്‍ സിനിമ വേണ്ടെന്നു വയ്ക്കും

സംവിധായകന്‍ സത്യന്‍ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ചിത്രീകരിക്കാന്‍ തയാറാടെക്കുന്ന സമയം. കെ.പി.എ.സി. ലളിതയാണെങ്കില്‍ ഭരതന്റെ മരണശേഷം അഭിനയിക്കാതെ വീട്ടില്‍ ഒതുങ്ങിക്കഴിയുന്നു. ചിത്രത്തിലെ നായക കഥാപാത്രമായ ജയറാമിന്റെ അമ്മയായി ഒരാള്‍ക്കു മാത്രമേ അഭിനയിക്കാന്‍ കഴിയൂ. അത് കെ.പി.എ.സി. ലളിതയ്ക്കാണ്. അഭിനയിക്കാന്‍ സമീപിച്ചപ്പോള്‍ ഭരതേട്ടിനില്ലാത്ത സിനിമാ ലോകത്തേയ്ക്ക് ഇനിയില്ലെന്നായിരുന്നു മറുപടി. മക്കളായ സിദ്ധാര്‍ഥും ശ്രീക്കുട്ടിയും നിര്‍ബന്ധിച്ചാണ് കെ.പി.എ.സി. ലളിത വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തിന് സിനിമയിലുണ്ടായ പ്രാധാന്യം അത്രയ്ക്കേറെയായിരുന്നു.