കമ്മാരസംഭവം; പ്രേക്ഷക പ്രതികരണം

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം തിയറ്ററുകളിൽ. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. േനരത്തെ സിനിമയുടെ സെൻസറിങ് കഴിഞ്ഞിരുന്നു. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്നുമണിക്കൂർ 2 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.

സിനിമയെക്കുറിച്ച് ദിലീപിന്റെ വാക്കുകൾ–‘ദൈവത്തിനു സ്തുതി, എന്നെ നെഞ്ചോട്‌ ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം, "കമ്മാര സംഭവം" ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്‌… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്‌!! 

എന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും,തിർക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനുപൂർണ്ണതയുണ്ടാവുന്നത്‌. നിങ്ങളേവരുടേയും,പ്രാർത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ,

"കമ്മാരനെ"ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. എല്ലാവർക്കും മലയാള പുതുവർഷാശംസകൾ.’–ദിലീപ് പറഞ്ഞു.

ചരിത്ര കഥ പറയുന്ന സിനിമയുടെ ടീസർ തന്നെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് മറ്റൊരു പ്രത്യേകത. കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. 

രാമലീലയുടെ വൻ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. 

കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും ഇന്ദ്രൻസും ശ്വേത മേനോനും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാനലൊക്കേഷൻ.

ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് സിനിമ തിയറ്ററുകളിലെത്തിക്കുന്നത്.