അമ്മയ്ക്ക് വിളിച്ചത് തെറ്റാണെന്ന് തോന്നുന്നില്ല: നന്ദന വർമ

അശ്ലീലകമന്റ് പോസ്റ്റ് ചെയ്ത യുവാവിന് ബാലതാരം നന്ദന വർമ നൽകിയ മറുപടി വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. നന്ദനയുടെ മറുപടി കുറച്ച് കൂടിപ്പോയെന്നായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത് എന്നാൽ നന്ദന ചെയ്തത് ശരിയാണെന്നും ഇത്തരക്കാർക്ക് ഇതുപോലുള്ള മറുപടി തന്നെയാണ് കൊടുക്കേണ്ടതെന്നും മറ്റുചിലര്‍ പറയുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് നന്ദന തന്നെ രംഗത്ത്.

‘ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാൾ മോശമായി കമന്റ് ഇട്ടു. പോയി ചേട്ടന്റെ അമ്മയെ വിളിക്കു എന്നായിരുന്നു ഇതിന് ഞാൻ നൽകിയ മറുപടി. എനിക്ക് അതൊരിക്കലും തെറ്റായിട്ട് തോന്നിയിട്ടില്ല. എങ്കിലും ഞാൻ ആ അമ്മയ്ക്ക് സോറി പറഞ്ഞ് മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ പിന്നീട് കുറേപേർ എന്നെ വിമർശിച്ച് എത്തി. അങ്ങനെ പറഞ്ഞത് തെറ്റാണ്, അത് പറയാൻ പാടില്ലായിരുന്നു എന്നൊക്കെ. എനിക്ക് ഇവരോടൊരു കാര്യം ചോദിക്കാനുണ്ട്. ഈ ചേട്ടന്മാർക്കും ഉണ്ടാകില്ലേ ചേച്ചിയും അനിയത്തിമാരും അവരെയാണ് ഇങ്ങനെ വിളിച്ചിരുന്നതെങ്കിൽ നിങ്ങൾ ചിരിച്ചുകൊണ്ട് കയ്യും കെട്ടി ഇരിക്കുമായിരുന്നോ? നിങ്ങൾ പ്രതികരിക്കുന്നതുപോലെയേ ഞാനും ചെയ്തൊള്ളൂ. അത് തെറ്റാണെന്നും തോന്നുന്നില്ല.

അശ്ലീലകമന്റ്; ചുട്ടമറുപടിയുമായി നന്ദന വർമ

പിന്തുണച്ചവരോട് ഒരുപാട് നന്ദി. ഇത്തരക്കാർക്ക് ഇങ്ങനെ മറുപടി കൊടുത്താലേ ഇവരുടെ അസുഖം മാറുകയൊള്ളൂ. ഇപ്പോൾ അവനറിയാം ഇങ്ങനെ കമന്റ് പോസ്റ്റ് ചെയ്താൽ ഈ രീതിയിലാകും മറുപടിയെന്ന്. ഇൻസ്റ്റഗ്രാം തന്നെ ഡിആക്ടിേവറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിപ്പോയി. ലൈവിൽ വരാൻ തന്നെ കാരണം ഇത് ഇത്രയും ചർച്ചയായതുകൊണ്ടാണ്. ആ അമ്മയോട് സോറി പറയുന്നു, എന്നാൽ അവനോട് ഞാൻ സോറി പറയില്ല. ആ സമയത്ത് കമന്റ് കണ്ട് ഒരുപാട് വിഷമം തോന്നി, അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഇനിയും ഇതുപോലുള്ള കമന്റുകൾക്ക് ഇങ്ങനെ തന്നെ മറുപടി നൽകും.’–നന്ദന പറഞ്ഞു.

‘ഒരു മണിക്കൂറിനെത്രയാ വില, 15കാരിയായ എന്നോട് ചോദിച്ചത്’

നേരത്തെ ക്വീന്‍ സിനിമയിലെ നായിക സാനിയയും സമൂഹമാധ്യമങ്ങളിൽ അശ്ലീലകമന്റ് നേരിടേണ്ടി വന്നിരുന്നു. നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അശ്ലീലചുവയുള്ള കമന്റുകളായിരുന്നു നിറയെ. പത്താംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണെന്ന് പോലും ചിന്തിക്കാതെ ഇത്തരത്തിൽ അതിക്രമം നടത്തിയവർക്ക് ലൈവ് വിഡിയോയിലൂടെ താരം മറുപടി നൽകുകയായിരുന്നു.