Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയനും നീരാളിക്കും ശേഷം മോഹൻലാലിന്റെ അടുത്ത ചിത്രം

mohanlal-new ചിത്രത്തിന് കടപ്പാട്: മോഹൻലാൽ ഫെയ്സ്ബുക്ക് പേജ്

മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങി നിൽക്കുന്നത്. പുതുമുഖം അജോയ് വർമയുടെ നീരാളി, ശ്രീകുമാര്‍ മേനോന്റെ ഒടിയൻ. ചിത്രീകരണം പൂർത്തിയായ നീരാളി ജൂലൈയിൽ റിലീസ് ചെയ്യാനുളള നീക്കത്തിലാണ് അണിയറപ്രവർത്തകർ. ഒടിയൻ ഓണം റിലീസായാകും തിയറ്ററുകളിലെത്തുക.

ഇതിനിടെ മോഹൻലാലിന്റെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി മെയ് രണ്ടാം വാരം മോഹൻലാൽ  ഇംഗ്ലണ്ടിലേക്ക് പറക്കും. 

ലോഹം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജന്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 

നാല്പത്തിയഞ്ച് ദിവസത്തെ ഡേറ്റാണ് ബിലാത്തിക്കഥയ്ക്ക് മോഹൻലാൽ നൽകിയിരിക്കുന്നത്. ഏപ്രിൽ 25 ന് ഒടിയന്റെ ഷൂട്ടിങ് പൂർത്തിയാക്കുന്ന മോഹൻലാൽ അതിന് ശേഷം ‘അമ്മ ‘യുടെ റിഹേഴ്സൽ ക്യാമ്പിൽ പങ്കെടുക്കും. മേയ് 6നാണ് അമ്മയുടെ സ്റ്റേജ് ഷോ. അതിന് ശേഷമാണ് ലണ്ടനിലേക്ക് പോകുന്നത്. അതേസമയം ബിലാത്തിക്കഥയുടെ ചിത്രീകരണത്തിനിടയിൽ മറ്റൊരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി അഞ്ച് ദിവസത്തെ അവധിയെടുത്ത് മോഹൻലാൽ ആസ്‌ട്രേലിയയിലേക്കും പോകുന്നുണ്ട്.