Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

123 ദിവസം, ഒടിയനിൽ നിന്നിറങ്ങി മോഹൻലാൽ

odiyan-team-lal

മലയാളികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി. 123 ദിവസം നീണ്ട ഷൂട്ടിങ് പൂര്‍ത്തീകരിച്ചതായി മോഹന്‍ലാല്‍ അറിയിച്ചു. 

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാൽ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്‌ഷൻ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്. മഞ്ജുവാര്യര്‍ നായികയാകുന്നു. തമിഴ്‌ സൂപ്പര്‍‌താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുക.

മോഹൻലാലോ അതോ ഒടിയൻ തന്നെയോ; ശ്വാസമടക്കിപ്പിടിച്ച് അണിയറപ്രവർത്തകർ

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന.

അഭിനയ മികവിനൊപ്പം തന്നെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകും. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ നവ്യാനുഭവമാകും ഒടിയന്‍ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.