ശരീരഭാഗം കാണണമെന്ന് പറഞ്ഞ ആളുടെ വീട്ടിൽ നടി നേരിട്ടെത്തി; വിഡിയോ

സമൂഹമാധ്യമങ്ങളിൽ അശ്ലീലകമന്റുകൾ പോസ്റ്റ് ചെയ്ത് സ്ത്രീകളെ പ്രത്യേകിച്ച് നടിമാരെ ശല്യം ചെയ്യുന്നവരാണ് കൂടുതൽ. പലരും ഇതിനെതിരെ പ്രതികരിക്കാന്‍ പോകാറുമില്ല. കൊച്ചുകുട്ടികളെപ്പോലും ഇത്തരക്കാർ വെറുതെ വിടുന്നില്ലെന്നതാണ് പരിതാപകരം. 

നടിയും ടെലിവിഷൻ അവതാരികയുമായ അൻസിബ ഹസൻ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം പറയുന്നതും ഇതേ വിഷയം തന്നെ. ‘എ ലൈവ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് അൻസിബ. 

ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോയുമായി എത്തുന്ന ലയ എന്ന കഥാപാത്രം നേരിടുന്ന മോശം അനുഭവങ്ങളിലൂടെ വികസിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ രചന നിർവ്വഹിചിരിക്കുനതും അൻസിബ തന്നെയാണ്. ഗിന്നസ് പക്രുവാണ് ചിത്രം പുറത്തിറക്കിയത്.

സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവം തന്നെയാണ് സിനിമയ്ക്ക് പ്രമേയമായതെന്ന് അൻസിബ പറയുന്നു. ബി.എസ്.സി  വിഷ്വല്‍ കമ്മ്യുണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അന്‍സിബ പഠനത്തിന്റെ ഭാഗമായി ചെയ്തതാണ് ഈ ചിത്രം.

‘എന്റെ അടുത്ത് ഇതുപോലെ മോശപ്പെട്ട കമന്റ് പറഞ്ഞ വ്യക്തി അമ്മയും ഭാര്യയും മക്കളുമൊക്കെ ഉള്ള ഒരു ഗൃഹനാഥനായിരുന്നു. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് വളരെ സഭ്യമായ ഭാഷയിലാണ്. പക്ഷെ എനിക്ക് സംഭവിച്ചത് എത്രയും മോശം രീതിയില്‍ കമന്റ് ചെയ്യാമോ അത്രയും മോശമായിട്ടായിരുന്നു. ’ 

‘അന്ന് ഞാന്‍ ഒഫിഷ്യല്‍ ലൈവ് വിഡിയോയിൽ വന്നതായിരുന്നു. അപ്പോഴാണ് ഇങ്ങനെ മോശം കമന്റ് വരുന്നത്. ഞാന്‍ വല്ലാതെ അസ്വസ്ഥതയായിരുന്നു. പക്ഷേ ഷൂട്ട് നടക്കുന്നതിനാല്‍ അത് മുഖത്ത് കാണിക്കാനും ആവുമായിരുന്നില്ല. നമുക്കൊരിക്കലും പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എങ്ങനെ സഹിക്കും. എത്ര പേര്‍ ആ കമന്റ് കണ്ടു കാണും. നമ്മളവിടെ അപമാനിക്കപ്പെടുകയല്ലേ.’

‘എന്റെ സുഹൃത്തുക്കളാണ് ആ ഐ.ഡി കണ്ടുപിടിച്ചു അയാളെ വിളിച്ചത്. അത് ഒറിജിനല്‍ ആണെന്ന് വെരിഫൈ ചെയ്ത ശേഷം അയാളോട് ഈ കമന്റിനെ പറ്റി ചോദിച്ചു. അയാളത് നിഷേധിച്ചു. അയാളോട് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഭാര്യയോട് എന്നെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് വലിയ ഇഷ്ടമുള്ള ആർടിസ്റ്റ് ആണെന്ന് പറഞ്ഞു. എന്നിട്ടാണ് അവരോടു കാര്യം പറഞ്ഞത് ചേച്ചിയുടെ ഭര്‍ത്താവ് ഇങ്ങനെ ഒരു കമന്റ് ചെയ്തിരുന്നുവെന്നും ചേച്ചിയ്‌ക്കെന്താണ് അതില്‍ അഭിപ്രായമെന്നും. അത് വരെ വളരെ സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ചേച്ചി പിന്നീട് മിണ്ടിയില്ല. അവരെ പിന്നെയും വിഷമിപ്പിക്കണം എന്ന് തോന്നിയില്ല. ആ ചേച്ചിയെ ഓര്‍ത്തു മാത്രമാണ് അന്ന് ഫോണ്‍ വച്ചത്. ആ ഒരു സംഭവം നടന്നപ്പോള്‍ ഞാന്‍ ചിന്തിച്ചതാണ് ഇത് പോലെ ചെയ്യുന്നവരുടെ വീട്ടില്‍ ആ നടി നേരിട്ട് പോയി അയാളുടെ വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന്. അത് തന്നെയാണ് ഇപ്പോള്‍ ഷോര്‍ട് ഫിലിം ആക്കിയതും.’–അൻസിബ പറഞ്ഞു.